AI Generated Image
അപസ്മാരം വന്ന് കോമയിലായിപ്പോയി മരണാസന്നയായ യുവതിക്ക് ജീവിതത്തിലേക്ക് അദ്ഭുത മടങ്ങിവരവ്. ബ്രിട്ടനിലെ കെന്‍റ് സ്വദേശിയായ നിക്കോള ഹോഡ്ജസാണ് തന്‍റെ അതിശയകരമായ മടങ്ങിവരവിനെ കുറിച്ച് വെളിപ്പെടുത്തിയത്. ആഷ്ഫഡിലെ വില്യം ഹാര്‍വി ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. 24 മണിക്കൂര്‍ ഡയാലിസിസിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി. ജീവന്‍ തിരിച്ചുകിട്ടാന്‍ 20 ശതമാനം മാത്രമേ സാധ്യതയുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ കുടുംബാംഗങ്ങളോട് വെളിപ്പെടുത്തിയത്.
ഡയാലിസിസിന് തൊട്ടടുത്ത ദിവസം രാത്രി വരെ പോലും ജീവിച്ചിരിക്കില്ലെന്ന വിവരം പോലും ഡോക്ടര്‍മാര്‍ കുടുംബാംഗങ്ങളെ അറിയിച്ചുവെന്ന് നിക്കോള പറയുന്നു. അഥവാ ജീവിതത്തിലേക്ക് മടങ്ങി വന്നാല്‍പോലും വൈകല്യങ്ങളുണ്ടാകുമെന്നും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. പെട്ടെന്നങ്ങനെയിരിക്കവേ താന്‍ കടുത്ത ഓറഞ്ചും മഞ്ഞയും കലര്‍ന്ന പ്രകാശത്തിനുള്ളില്‍പ്പെട്ടുവെന്നും എന്നാല്‍ സമാന അനുഭവങ്ങള്‍ ഉള്ളവര്‍ കണ്ടതു പോലെ മുത്തുപതിപ്പിച്ച തൂവെള്ള വാതിലുകളോ മറ്റ് ശബ്ദങ്ങളോ കേട്ടില്ലെന്നും യുവതി പറയുന്നു. പക്ഷേ ആ കടുത്ത വെളിച്ചത്തിലായ സമയം കൊണ്ട് മരണത്തിനപ്പുറം ഒരു ജീവിതമോ ഊര്‍ജമോ ശേഷിക്കുന്നുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്നും ജീവിച്ചിരിക്കുന്നതിന്‍റെ തന്നെ അടിസ്ഥാനം അതാണെന്നും നിക്കോള പറയുന്നു. നിമിഷങ്ങള്‍ക്കകം തനിക്ക് ജീവന്‍ തിരികെ ലഭിച്ചതായും അവര്‍ വെളിപ്പെടുത്തി.
വളരെ പെട്ടെന്നാണ് അബോധാവസ്ഥയില്‍ നിന്ന് താന്‍ ബോധത്തിലേക്ക് മടങ്ങി വന്നത്. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞതോടെ അപസ്മാരം വന്ന് വീണു. ഈ വീഴ്ചയില്‍തലച്ചോറില്‍ നാലിടത്ത് രക്തക്കുഴലുകള്‍ പൊട്ടിയെന്നും നിക്കോള ഓര്‍ത്തെടുക്കുന്നു.
തല ഒരു പഞ്ഞിക്കെട്ടില്‍ പൊതിഞ്ഞതു പോലെയാണ് പിന്നീട് കുറേക്കാലത്തേക്ക് അനുഭവപ്പെട്ടത്. ദീര്‍ഘകാലം മനസിന് മേലോ, പറയുന്ന കാര്യങ്ങള്‍ക്ക് മേലോ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയുണ്ടായെന്നും കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുമ്പോള്‍ പോലും വാക്കുകള്‍ കിട്ടാതെ വിക്കിയെന്നും യുവതി പറയുന്നു.