liver-donation

ചിത്രത്തിന് കടപ്പാട്: ഇന്‍സ്റ്റഗ്രാം.

ഭർത്താവിന്‍റെ രണ്ടാം ഭാര്യയ്ക്ക് തന്‍റെ കരളിന്‍റെ എണ്‍പത് ശതമാനത്തോളം ദാനം ചെയ്ത് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് ആദ്യഭാര്യ. സൗദിയിലെ തായിഫിലാണിത്. സംഭവം സമൂഹമാധ്യമത്തില്‍ വൈറലാണ്. മനുഷ്യത്വത്തിന്‍റെ, സ്നേഹത്തിന്‍റെ നേര്‍രൂപം എന്നാണ് നൂറ സലീം അൽ-ഷമ്മാരി എന്ന സ്ത്രീയെക്കുറിച്ച് കുറിപ്പുകളില്‍ പറഞ്ഞിരിക്കുന്നത്. 

മജീദ് ബാല്‍ദ അല്‍ റോഖി എന്നയാളുടെ ഭാര്യമാരാണ് നൂറ സലീം അൽ-ഷമ്മാരിയും തഗ്‌രീദ് അവധ് അൽ-സാദിയും. തഗ്‌രീദ് വര്‍ഷങ്ങളായി വൃക്കരോഗത്തിന് ചികിത്സ തേടുന്നുണ്ടായിരുന്നു. അമേരിക്കയിലെത്തിച്ച് ഏറ്റവും മികച്ച ചികിത്സയും പരിചരണവും തഗ്‌രീദിനായി അല്‍ റോഖി നല്‍കി. എന്നാല്‍ ആരോഗ്യനിലയില്‍ മാറ്റമുണ്ടായില്ല. ആന്തരീക അവശവങ്ങളുടെ സ്ഥിതി അനുദിനം മോശമായിക്കൊണ്ടിരുന്നു. പതിവ് ഡയാലിസിസ് തുടരേണ്ട അവസ്ഥ. തഗ്‌രീദ് അനുഭവിക്കുന്ന വേദനയും ദുരിതവും കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. 

തഗ്‌രീദിന്‍റെ ആന്തരീക അവശവങ്ങളെല്ലാം പ്രവര്‍ത്തനരഹിതമായിക്കൊണ്ടിരിക്കുകയായിരുന്നു. കരളിന്‍റെയടക്കം അവസ്ഥ വളരെ മോശമായി. തഗ്‌രീദിന് തന്‍റെ ഒരു വൃക്ക പകുത്തുനല്‍കാനുള്ള ഒരുക്കങ്ങള്‍ അല്‍ റോഖി ഇതിനിടെ തുടങ്ങിയിരുന്നു. വൃക്ക മാറ്റല്‍ ശസ്ത്രക്രിയക്കിടെ തനിക്ക് എന്തെങ്കിലും സംഭവിച്ചുപോയാല്‍ അഞ്ചുമക്കളെയും പൊന്നുപോലെ നോക്കിക്കൊള്ളാമോയെന്ന് ആദ്യഭാര്യയായ നൂറയോട് അല്‍ റോഖി ചോദിച്ചു. ഇതിന് പക്ഷേ നൂറ നല്‍കിയ മറുപടി ഹൃദയംതൊടുന്നതായിരുന്നു. തഗ്‌രീദിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനായി ഭര്‍ത്താവ് വൃക്ക നല്‍കുമ്പോള്‍ താന്‍ കരള്‍ പകുത്തുനല്‍കാന്‍ തയ്യാറാണെന്ന് നൂറ അറിയിച്ചു. മെഡിക്കൽ പരിശോധനകളിൽ നൂറയുടെ കരള്‍ ഭാഗം തഗ്‌രീദുമായി യോജിക്കുന്നതാണെന്ന് കണ്ടെത്തി. 

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയ പൂര്‍ണവിജയമായി. തഗ്‌രീദും നൂറയും സുഖംപ്രാപിച്ചു. ‘ദൈവത്തിനു വേണ്ടി’ എന്നാണ് നൂറ ഇതേക്കുറിച്ച് പ്രതികരിച്ചത്. ‘മരുഭൂമിയില്‍ വീണ കുളിര്‍മഴയാണ് അവള്‍’ എന്നാണ് നൂറയെക്കുറിച്ച് ഭര്‍ത്താവ് അല്‍ റോഖി പറഞ്ഞത്. ഈ കുടുംബത്തിന്‍റെ ഒത്തൊരുമ കണ്ടുപഠിക്കണം, മനുഷ്യത്വം എന്നാല്‍ ഇതൊക്കെയാണ് എന്നാണ് സമൂഹമാധ്യമത്തില്‍ വരുന്ന കമന്‍റുകള്‍.

ENGLISH SUMMARY:

In Taif, Saudi Arabia, a first wife donated nearly 80% of her liver to her husband’s second wife, giving her a new lease on life. The incident has gone viral on social media, with many describing Noura Saleem Al-Shammari, the woman behind the act, as the true embodiment of humanity and love.