യുക്രെയ്നില്‍ വെടിനിര്‍ത്തലിനായി ഭൂപ്രദേശങ്ങള്‍ വിട്ടുനല്‍കേണ്ടി വരുമെന്ന ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം തള്ളി യൂറോപ്യന്‍ രാജ്യങ്ങള്‍. യുക്രെയ്ന്റെ അവകാശങ്ങള്‍ ഹനിക്കാന്‍ അനുവദിക്കില്ലെന്ന് 26 രാജ്യങ്ങള്‍ ഒപ്പിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം ട്രംപ് –പുട്ടിന്‍ ചര്‍ച്ചയ്ക്ക് രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ യുക്രെയ്നിലെ കൂടുതല്‍ മേഖലകള്‍ ലക്ഷ്യമിട്ട് റഷ്യന്‍ സേന നീക്കം ശക്തമാക്കി. അലാസ്ക ചര്‍ച്ച കാര്യങ്ങള്‍ മനസിലാക്കാനുള്ള വേദി മാത്രമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഭീഷണിയും സമ്മര്‍ദവും വഴി രാജ്യാതിര്‍ത്തികള്‍ മാറ്റിയെഴുതുന്നത് നീതികരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. സമാധാനത്തിനായി ചില പ്രദേശങ്ങള്‍ വിട്ടുനല്‍കേണ്ടിവരുമെന്ന് പുട്ടിനുമായുള്ള ചര്‍ച്ച പ്രഖ്യാപിച്ച് ട്രംപ് വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെ പ്രഖ്യാപനം തള്ളിയ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കി രാജ്യത്തിന്റെ ഭാഗം വിട്ടുനല്‍കില്ലെന്ന നിലപാടിലാണ്. റഷ്യയുമായി അടുത്ത ചങ്ങാത്തം പുലര്‍ത്തുന്ന ഹംഗറി മാത്രം പ്രസ്താവനയില്‍ ഒപ്പുവച്ചില്ല. റഷ്യ യുദ്ധം ജയിച്ചുകഴിഞ്ഞെന്ന് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍ പറഞ്ഞു.
അതിനിടെ റഷ്യൻ സേന കിഴക്കൻ യുക്രെയ്നിലെ കൽക്കരി ഖനന നഗരമായ ഡോബ്രോപില്ലിയയ്ക്ക് സമീപം അപ്രതീക്ഷിത മുന്നേറ്റം നടത്തി. ഡോണെറ്റ്സ്ക് മേഖലയിലും കൂടുതല്‍ പ്രദേശത്തേക്ക് റഷ്യന്‍ സേന നീക്കം നടത്തി. ഡോണെറ്റ്സ്ക് വിട്ടുനല്‍കണമെന്ന ആവശ്യം പുട്ടിന്‍ ട്രംപിന് മുന്നില്‍ വച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയാണ് നിര്‍ണായക നീക്കം.
റഷ്യ പിടിച്ചെടുത്ത യുക്രെയ്നിലെ ലുഹാൻസ്ക് , സാപൊറീഷ്യ, ഖേഴ്സൻ എന്നീ പ്രവിശ്യകളും പുട്ടിന്‍ ആവശ്യപ്പെട്ടതായി അഭ്യൂഹങ്ങളുണ്ട്. അലാസ്ക ചര്‍ച്ചയ്ക്ക് മുന്നോടിയായി സെലന്‍സ്കിയും പുട്ടിനും വിവിധ രാഷ്ട്രനേതാക്കളുമായി ബന്ധപ്പെട്ട് പിന്തുണ ഉറപ്പാക്കുന്നത് തുടരുകയാണ്