Image: PTI ( Left) , AFP (Right)

ഓപ്പറേഷന്‍ സിന്ദൂറിലേറ്റ കനത്ത തിരിച്ചടിയില്‍ ഇന്ത്യയോട് കലി തീരാതെ പാക്കിസ്ഥാന്‍. പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളോടാണ് മനുഷ്യത്വരഹിതവും നിലവാരം കുറഞ്ഞതുമായ പെരുമാറ്റമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാചകവാതകവും ശുദ്ധജല വിതരണവും പത്രങ്ങളും വരെ മുടക്കുന്നതായാണ് റിപ്പോര്‍ട്ട്. 

Image:AFP

കുടിവെള്ളവും പാചകവാതകവും മുന്‍പ് എത്തിച്ചിരുന്ന കടയുടമകള്‍ നിലവില്‍ എത്തിക്കുന്നില്ലെന്നും വിതരണം ചെയ്യരുതെന്ന് ഉന്നത നിര്‍ദേശമുണ്ടെന്നും അറിയിച്ചു. സുയി നോര്‍ത്തേണ്‍ ഗ്യാസ് പൈപ്​ലൈനാണ് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് പാചകവാതകം എത്തിച്ചിരുന്നത്. ഇത് മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചുവെന്നും നിലവില്‍ പൊതുവിപണിയില്‍ നിന്നും ഉയര്‍ന്ന തുക നല്‍കിയാണ് പാചകവാതകം വാങ്ങുന്നതെന്നും 'ആജ് തക്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ വീടുകളിലും ഓഫിസിലും കര്‍ശന നിരീക്ഷണവുമേര്‍പ്പെടുത്തിയിട്ടുണ്ട്. 

ജൂണ്‍ മുതലാണ് ഇസ്​ലമാബാദിലുള്ള ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ വസതികളിലും ഹൈകമ്മിഷനിലും പത്രവിതരണം നിര്‍ത്തിയത്. പ്രാദേശിക വിവരങ്ങള്‍ പത്രങ്ങളിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുന്നുവെന്നും ജനജീവിതത്തെയും വികസന പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാനെ ആക്രമിക്കാന്‍ ഉപയോഗിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിന് തിരിച്ചടിയായി ഡല്‍ഹിയിലുള്ള പാക് നയതന്ത്ര പ്രതിനിധികള്‍ക്ക് ഇന്ത്യയും പത്രം വിലക്കിയിരുന്നു. അടിസ്ഥാന ആവശ്യങ്ങള്‍  പോലും നിഷേധിച്ചുള്ള പാക് ഒളിപ്പോരിനെതിരെ ഇന്ത്യയും കടുത്ത നടപടിക്കൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. നയതന്ത്രബന്ധങ്ങള്‍ സംബന്ധിച്ച വിയന്ന കണ്‍വെന്‍ഷന്‍ ധാരണകള്‍ കാറ്റില്‍പ്പറത്തുന്നതാണ് പാക്കിസ്ഥാന്‍റെ നടപടിയെന്നും ഇന്ത്യ തുറന്നടിച്ചു. 2019ലെ പുല്‍വാമ ആക്രമണത്തിന് ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ മറുപടി നല്‍കിയപ്പോഴും പാക്കിസ്ഥാന്‍ സമാന നടപടികള്‍ സ്വീകരിച്ചിരുന്നു. 

**EDS: COMBO IMAGE** New Delhi: Combo of visuals displayed during a press conference of the Indian armed forces on 'Operation Sindoor'. (PTI Photo)(PTI05_12_2025_000282B)

നയതന്ത്രപ്രതിനിധികളെ ബുദ്ധിമുട്ടിലാക്കിയുള്ള നടപടികള്‍ക്ക് പിന്നാലെയാണ് വേണ്ടി വന്നാല്‍ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് വലിച്ചിടുമെന്ന് പാക് സൈനിക മേധാവി ഭീഷണി മുഴക്കിയതും.  ഫ്ളോറിഡയില്‍ നടന്ന അത്താഴവിരുന്നിന് പിന്നാലെയായിരുന്നു അസീം മുനീറിന്‍റെ പ്രതികരണം. ഇന്ത്യ അണക്കെട്ട് നിര്‍മിക്കാന്‍ പാക്കിസ്ഥാന്‍ കാത്തിരിക്കുമെന്നും പൂര്‍ത്തിയായി കഴിഞ്ഞാല്‍ 10 മിസൈല്‍ കൊണ്ട് അത് തകര്‍ക്കുമെന്നും മിസൈലുകള്‍ ധാരാളം കൈവശമുണ്ടെന്നും അസീം മുനീര്‍ അവകാശപ്പെട്ടിരുന്നു.

പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. ഭീകരത്താവളങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ നൂറിലേറെ ഭീകരരെ വകവരുത്തുകയും ഭീകരത്താവളങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയതോടെ പാക്കിസ്ഥാനിലെ തിരഞ്ഞെടുത്ത വ്യോമകേന്ദ്രങ്ങളില്‍ ബ്രഹ്മോസടക്കം പ്രയോഗിച്ച് ഇന്ത്യ ആക്രമണം നടത്തുകയും ചെയ്തു. വലിയ നാശനഷ്ടമാണ് ഇന്ത്യന്‍ തിരിച്ചടിയില്‍ പാക്കിസ്ഥാനുണ്ടായത്.

ENGLISH SUMMARY:

Pakistan's diplomatic hostility towards India escalates after Operation Sindoor. This includes disconnecting basic utility supplies and suspending newspaper delivery.