luigi-di-sarno-broccoli-italy

Image Credit: Luigi di Sarno (X)

TOPICS COVERED

ബ്രോക്​ലിയും സോസജ് സാന്‍ഡ്​വിച്ചും കഴിച്ച് ഇറ്റലിയില്‍ 52കാരന്‍ മരിച്ചു. ഒന്‍പതുപേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ക്കെല്ലാം ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയിക്കുന്നത്. സംഭവത്തിന് പിന്നാലെ നിലവില്‍ വിപണിയിലുള്ള ബ്രോക്‌ലികളെല്ലാം ഇറ്റലി തിരിച്ചുവിളിച്ചു. സംഗീതജ്ഞനായ ലൂയിജി ഡി സര്‍നോയാണ് മരിച്ചത്. 

കുടുംബസമേതം കരീബിയയില്‍ അവധിക്കാലം ആഘോഷിച്ച് തിരികെ ഇറ്റലിയിലെത്തിയതായിരുന്നു സര്‍നോ. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കൊസെന്‍സാ പ്രവിശ്യയിലെ തെരുവിലുണ്ടായിരുന്ന ഫുഡ് ട്രക്കില്‍ നിന്നും ഇവര്‍ സാന്‍ഡ്​വിച്ച് വാങ്ങി. കഴിച്ചതിന് പിന്നാലെ സര്‍നോ കുഴഞ്ഞുവീഴുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റ് ചികില്‍സയിലുള്ളതും സര്‍നോയുടെ കുടുംബാംഗങ്ങളാണ്. ഇവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. അനന്‍സിയാറ്റയിലെ ആശുപത്രിയിലാണ് ഇവരുള്ളത്.  

അതേസമയം, ഭക്ഷ്യവിഷബാധയില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സര്‍ക്കാര്‍ മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സര്‍ദിനിയയില്‍ കഴിഞ്ഞയാഴ്ച ബോട്ടുലിസം (ഒരുതരം വിഷബാധ) ബാധിച്ച് എട്ടുപേര്‍ ആശുപത്രിയിലായിരുന്നു. ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയയാണ് ബോട്ടുലിസത്തിന് കാരണം. കൃത്യമായി പാകം ചെയ്യാത്ത ടിന്നിലടച്ച ഭക്ഷണങ്ങളാണ് പലപ്പോഴും വില്ലനാകുന്നത്. ബാക്ടീരിയ നാഡീവ്യൂഹത്തെ ബാധിച്ചാല്‍ ശ്വാസതടസം, പേശീതളര്‍ച്ച, കാഴ്ച മങ്ങല്‍ തുടങ്ങിയവ സംഭവിക്കാം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങളിലും, സംസ്കരിച്ച ഭക്ഷണങ്ങളിലും പുളിപ്പിച്ചെടുത്ത ഭക്ഷണത്തിലുമെല്ലാം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായേക്കാെന്നും വിദഗ്ധര്‍ പറയുന്നു. 

ENGLISH SUMMARY:

Food poisoning is suspected to be the cause of death of one person and illness of nine others in Italy after consuming broccoli and sausage sandwiches. Italian authorities have recalled broccoli from the market, and investigations are ongoing.