Image Credit: instagram.com/thelilynurse
മരണത്തോളമെത്തി തിരിച്ചു വന്നതിന്‍റെ അനുഭവം പങ്കുവച്ച് നഴ്സായ ജൂലിയ ഇവാന്‍സ്. കാനഡയിലെ ഒട്ടാവയിലാണ് ജൂലിയ ജോലി ചെയ്യുന്നത്. 2018ല്‍ തനിക്കുണ്ടായ അനുഭവം ജൂലി ജെഫ് മാരയുടെ പോഡ്കാസ്റ്റില്‍ പങ്കുവച്ചതാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തീര്‍ത്തും വ്യക്തിപരമായ അനുഭവമാണെന്ന് പറഞ്ഞാണ് ജൂലി സംസാരിക്കുന്നതും.
ലില്ലിപ്പൂക്കളുടെ ഗന്ധത്തോട് അലര്‍ജിയുണ്ടായിരുന്ന പ്രകൃതമായിരുന്നു ജൂലിയുടേത്. പതിവുപോലെ ഒരു ദിവസം ആശുപത്രിയില്‍ ജോലിക്കെത്തിയ ജൂലിക്ക് കടുത്ത തൊണ്ടവേന അനുഭവപ്പെട്ടു. അപ്പോഴാണ് ലില്ലിപ്പൂക്കളുടെ ബൊക്കെ റിസപ്ഷനിലിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കരുതിയതെങ്കിലും ജൂലി അതിവേഗം ബോധരഹിതയായി. പെട്ടെന്ന് തന്നെ ഹൃദയസ്തംഭനവും ഉണ്ടായി. ഇത് കണ്ട സഹപ്രവര്‍ത്തകര്‍ ചികില്‍സ ആരംഭിച്ചു.
ഹൃദയമിടിപ്പ് ക്രമീകരിക്കുന്നതിനായി ജൂലിക്ക് കുത്തിവച്ച മരുന്ന് പത്ത് ഡോസ് കൂടുതലായിരുന്നു. ഇതോടെ ജൂലിയുടെ നില അതീവ ഗുരുതരമായി. ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷിക്കാന്‍ പണിപ്പെടുന്നതിനിടെ താന്‍ ഒരു പ്രത്യേക അനുഭവത്തിലൂടെ കടന്നുപോയെന്നാണ് ജൂലി പറയുന്നത്. കറുത്ത ശൂന്യതയിലൂടെ ശരീരം ഒഴുകി നീങ്ങുന്നതായി തോന്നി. പെട്ടെന്ന് 1983 ല്‍ മരിച്ചു പോയ തന്‍റെ അമ്മയുടെ ശബ്ദം കേട്ടു. മമ്മി ഇവിടെയുണ്ട് മോളേ.. നീ പേടിക്കേണ്ട എന്നായിരുന്നു ആശ്വസിപ്പിച്ച് അമ്മ പറഞ്ഞതെന്നും ജൂലി ഓര്‍ത്തെടുക്കുന്നു. നിമിഷങ്ങള്‍ കൊണ്ട് തന്‍റെ ജീവിതത്തില്‍ സംഭവിച്ച വേദനാജനകമായ മരണങ്ങളെയെല്ലാം താന്‍ മറന്നുപോയെന്നും ആ ഭാരം മനസില്‍ നിന്ന് നീങ്ങിപ്പോയെന്നും വേഗത്തില്‍ അതിശക്തമായ വര്‍ണപ്രകാശം തന്‍റെ ചുറ്റും നിറഞ്ഞുവെന്നും തന്‍റെ പ്രിയപ്പെട്ടവരെ എല്ലാവരെയും ഒന്നിച്ച് കണ്ടുവെന്നും ജൂലി പറയുന്നു.
ഈ കാഴ്ചയുണ്ടായി നിമിഷങ്ങള്‍ക്കകം ശരീരത്തിലേക്ക് താന്‍ മടങ്ങി വന്നുവെന്നും അവര്‍ വിവരിച്ചു. ഒരു വര്‍ഷത്തോളം ഇക്കാര്യങ്ങള്‍ കണ്‍മുന്നില്‍ കണ്ടതുപോലെ അനുഭവപ്പെട്ടുവെന്നും ജൂലി വ്യക്തമാക്കുന്നു. തനിക്കുണ്ടായ വിചിത്രാനുഭവത്തെ കുറിച്ച് 'ദ് ലില്ലി നഴ്സ്' എന്ന ബുക്കില്‍ ജൂലി എഴുതി. മരണാനന്തര ജീവിതവും മരണത്തെയും അതിജീവിക്കുന്ന സ്നേഹത്തെയുമെല്ലാം കുറിച്ചാണ് ജൂലി തന്‍റെ ബുക്കില്‍ പറയുന്നത്.