യുക്രെയ്ന്‍ യുദ്ധത്തിന്‍റെ പേരിൽ ഇടഞ്ഞു നില്‍ക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഈമാസം 15ന് കൂടിക്കാഴ്ച നടത്തും. സമാധാനക്കരാര്‍ ഒരുങ്ങുന്നതായാണ് വിവരം. അതേസമയം യു.എസിന്‍റെ തീരുവ ഭീഷണി നേരിടാൻ ബദൽ മാർഗങ്ങൾ തേടി ഇന്ത്യ. ഗൾഫ് രാജ്യങ്ങളുമായും യൂറോപ്യൻ രാജ്യങ്ങളുമായും വ്യാപാര ബന്ധം വർദ്ധിപ്പിക്കാനാണ് പദ്ധതിയെന്ന് വാണിജ്യ മന്ത്രി വ്യക്തമാക്കി.
പുട്ടിനും ട്രംപ് തമ്മില്‍ 15നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കും. രണ്ട് പ്രവിശ്യകള്‍ റഷ്യയ്ക്കു വിട്ടുകൊടുത്തുള്ള സാമാധനക്കരാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നാല് യുക്രെയ്ന്‍ പ്രവിശ്യകളാണ് പുട്ടിന്‍ ആവശ്യപ്പെടുന്നത്. ലുഹാന്‍സിക്, ഡോണെറ്റ്സ്ക്, സെപൊറീഷ്യ , ഖേഴ്സന്‍ ഇതിനു പുറമേ 2014ല്‍ പിടിച്ചെടുത്ത ക്രൈമിയയും യുക്രെയ്നിന്റെ അഞ്ചിലൊന്നും വിട്ടുകൊടുത്തുള്ള കരാറിന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി തയാറല്ല. ഈ സാഹചര്യത്തില്‍ ഖേഴ്സന്‍ , സാപൊറീഷ്യ എന്നീ പ്രവിശ്യകളില്‍ നിന്നും റഷ്യ സൈന്യത്തെ പിന്‍വലിച്ച് ധാരണയ്ക്ക് ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിന്‍റെ പേരില്‍ യു.എസ് തീരുവ നേരിടുന്ന കൂടുതല്‍ രാജ്യങ്ങളുമായി വ്യാപാര കരാറിന് ശ്രമിക്കുകയാണ്. ഇന്ത്യ യു.എ.ഇ , മൗറീഷ്യസ് , ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ, പെറു, ചിലെ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുകയാണ് എന്ന് പിയുഷ് ഗോയൽ വ്യക്തമാക്കി. ഇതോടെ യു.എസിന്‍റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് അടിവരയിടുകയാണ് ഇന്ത്യ. തീരുവ ഭീഷണി നേരിടുന്ന മറ്റ് രാജ്യങ്ങളുമായി കൈകോർക്കാനുള്ള ശ്രമങ്ങളും സജീവമാണ്. യു.എസ് വിട്ടുവീഴ്ചയ്ക്ക് തയാറായാൽ മാത്രം ചർച്ചകൾ തുടരാനാണ് തീരുമാനം. പാക്കിസ്ഥാനുമായി യു.എസ് കൂടുതൽ അടുക്കുന്നതു കൂടി കണക്കിലെടുത്താണ് ഇത്തരമൊരു നീക്കം. യു.എസ് തീരുവ താൽക്കാലികമായി പ്രതിസന്ധി സൃഷ്ടിച്ചാലും ഭാവിയിൽ അത് മറികടക്കാമെന്നും ഇന്ത്യ കരുതുന്നു.