Image Credit: Reuters
അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്ക് നേരെ വീണ്ടും വംശീയ ആക്രമണം. കോട്ടയത്ത് നിന്നുള്ള കുടുംബത്തിലെ ആറുവയസുമാത്രം പ്രായം വരുന്ന പെണ്‍കുട്ടിയാണ് അതീവ ക്രൂരമായ വംശീയ ആക്രമണത്തിന് ഇരയായത്. ഓഗസ്റ്റ് നാലിന് വീട്ടുമുറ്റത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ട് നിന്ന പെണ്‍കുട്ടിയെ കൗമാരക്കാരുടെ സംഘം ആക്രമിക്കുകയായിരുന്നു. ഏഴെട്ട് കുട്ടികള്‍ സംഘത്തിലുണ്ടായിരുന്നുവെന്ന് ഐറിഷ് മിററിന് നല്‍കിയ അഭിമുഖത്തില്‍ പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തി.
'കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പാഞ്ഞെത്തിയ സംഘം പെണ്‍കുട്ടിയുടെ മുഖത്തിടിച്ച് മുറിവേല്‍പ്പിച്ചു. നിലത്തുവീണ പെണ്‍കുട്ടിയുടെ ശരീരത്തില്‍, സ്വകാര്യ ഭാഗത്തേക്ക് സൈക്കിളിന്‍റെ ചക്രം കൂട്ടത്തിലൊരു ആണ്‍കുട്ടി കയറ്റിയിറക്കി. അവിടെ സാരമായി മുറിവേറ്റു. പിന്നാലെ അസഭ്യം പറഞ്ഞു. വൃത്തികെട്ട ഇന്ത്യാക്കാര്‍ തിരിച്ച് ഇന്ത്യയിലേക്ക് തന്നെ പോകൂ'വെന്ന് ആക്രോശിച്ചെന്നും അമ്മ നടുക്കത്തോടെ വിവരിക്കുന്നു. മുടി പിടിച്ച് വലിക്കുകയും കഴുത്തില്‍ ഇടിക്കുകയും ചെയ്തുവെന്നും മകള്‍ പറഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു. എട്ടുവര്‍ഷമായി അയര്‍ലന്‍ഡില്‍ കഴിയുകയാണ് കുട്ടിയുടെ കുടുംബം. നഴ്സായി ജോലി നോക്കുകയാണ് പെണ്‍കുട്ടിയുടെ അമ്മ. ഇവര്‍ കോട്ടയത്ത് നിന്നുള്ളവരാണ്. അടുത്തയിടെയാണ് ഇവര്‍ക്ക് ഐറിഷ് പൗരത്വം ലഭിച്ചത്. പെൺകുട്ടി അയർലൻഡിലാണ് ജനിച്ചത്.
പത്തുമാസം മാത്രം പ്രായമുള്ള ഇളയകുഞ്ഞിന് പാലുനല്‍കാന്‍ അകത്തേക്ക് കയറിയപ്പോഴാണ് മകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭയന്നുപോയ തന്‍റെ മകള്‍ ഇപ്പോഴും സാധാരണനിലയിലേക്ക് എത്തിയിട്ടില്ലെന്നും ആരോടും സംസാരിക്കുന്നില്ലെന്നും ഇടയ്ക്കിടെ പേടിച്ച് നിലവിളിക്കുകയാണെന്നും അവര്‍ പറയുന്നു.
അക്രമികളായ കുട്ടിക്കൂട്ടത്തെ താന്‍ പിന്നെയും കണ്ടുവെന്നും തന്നെ നോക്കി ഇവര്‍ കളിയാക്കി ചിരിക്കുകയും പരിഹസിക്കുകയും രൂക്ഷമായി നോക്കുകയുമാണെന്നും യുവതി വെളിപ്പെടുത്തുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയെന്നും യുവതി വ്യക്തമാക്കി. കുട്ടികളെ ശിക്ഷിക്കണമെന്നില്ലെന്നും പക്ഷേ കൗണ്‍സിലിങ് ഉള്‍പ്പടെ നല്‍കി ഇത്തരം ദുസ്വഭാവങ്ങളില്‍ നിന്ന് മാറ്റിക്കൊണ്ടുവരാന്‍ ബോധപൂര്‍വമായ ശ്രമം വേണമെന്നും അവര്‍ വ്യക്തമാക്കി.
അടുത്തയിടെയായി ഇന്ത്യക്കാര്‍ക്കെതിരെ അയര്‍ലന്‍ഡില്‍ അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ഡബ്ലിനിലെ ഇന്ത്യന്‍ എംബസി ഇക്കാര്യം ഗൗരവമായാണ് കാണുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പുറത്തിറങ്ങുമ്പോഴും ആളുകളോട് ഇടപെടുമ്പോഴും ജാഗ്രത പുലര്‍ത്തണമെന്ന് മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈയില്‍ മാത്രം മൂന്ന് ഇന്ത്യക്കാരാണ് അക്രമങ്ങള്‍ക്കിരയായത്. മൂന്നിടത്തും കൗമാരക്കാരുടെ സംഘമായിരുന്നു അക്രമികള്‍.