രണ്ടു നഗരങ്ങളെ ചുട്ടെരിച്ച, മനുഷ്യരാശിയെ നടുക്കിയ ഹിരോഷിമ അണുബോംബ് സ്ഫോടനം നടന്നിട്ട് ഇന്ന് 80 വർഷങ്ങള്‍. ആണവഭീഷണിയിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഇന്നത്തെ ലോകത്തിന് ഓർമപ്പെടുത്തലുകളുമായി എത്തുന്ന ദിനങ്ങളാണ് ഹിരോഷിമ–നാഗസാക്കി ദിനങ്ങള്‍. ചോരയും ചാരവും മൂടിയ വിനാശത്തിന്‍റെ ഓര്‍മകളുമായി ലോകം ഇന്ന് ഹിരോഷിമ ദിനം ആചരിക്കുന്നു.
1945 ഓഗസ്റ്റ് 6. രണ്ടാം ലോകമഹായുദ്ധത്തില്‍ മുട്ടുമടക്കിയ ജര്‍മന്‍ ചേരിയില്‍ പോരാട്ടവീര്യം അവസാനിപ്പിക്കാതെ പൊരുതുകയായിരുന്നു ജപ്പാന്‍. ജയിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന യുഎസ് പ്രസിഡന്‍റ് ഹാരി ട്രൂമാന്‍റെ വാക്കുകളുടെ പ്രതിഫലനമായിരുന്നു ലോകം അതുവരെ കാണാത്ത ആ മാരകായുധം. ആല്‍ബര്‍ട്ട് ഐൻസ്റ്റൈൻ അടക്കമുള്ളവരുടെ എതിര്‍പ്പ് മറികടന്ന് ബ്രിഗേഡിയർ പോൾ വാർഫീൽഡ് ടിബെറ്റ്സിന്‍റെ നേതൃത്വത്തിൽ വടക്കൻ പസിഫിക്കിൽ നിന്ന് പറന്നുയർന്ന എനോള ഗേ ബി–29 എന്ന അമേരിക്കൻ യുദ്ധവിമാനം ഹിരോഷിമയ്ക്കു മുകളിൽ.
മൂന്നുമീറ്റർ നീളവും 4,408 കിലോഗ്രാം ഭാരവുമുള്ള 'ലിറ്റിൽ ബോയ്' എന്നു വിശേഷിപ്പിക്കപ്പെട്ട വിനാശത്തിന്‍റെ വിത്ത് ഹിരോഷിമയുടെ ഹൃദയത്തിലേക്ക്. നഗരം ഉരുകിയമര്‍ന്നു. 2500 ഡിഗ്രി ചൂടിൽ നിന്നും ഉഷ്ണക്കാറ്റിൽനിന്നും രക്ഷപെടാൻ ഓഹിയോ നദിയിൽ ചാടിയവർ നൊടിയിടെ വെന്തുമരിച്ചു. എഴുപതിനായിരത്തിലധികം പേർ തൽക്ഷണം കൊല്ലപ്പെട്ടു. രണ്ടു ലക്ഷത്തിലധികം പേർ ആണവവികിരണത്തിന്‍റെ ഫലമായുള്ള ജനിതക വൈകല്യങ്ങളാലും മാരക രോഗങ്ങളാലും മരിച്ചു.
ഹിരോഷിമയിൽ സംഭവിച്ചത് അറിയാൻ ലോകം വൈകി. ചാരം മൂടിയ നഗരദൃശ്യം ലോകത്തെ നടുക്കി, യുഎസിനെ ഒഴികെ. മൂന്നു ദിവസത്തിനു ശേഷം 'ഫാറ്റ്മാൻ' എന്നു വിളിപ്പേരുള്ള അണുബോംബ് നാഗസാക്കിക്ക് മുകളില്‍. ആ നഗരവും വെന്തുനീറി. ഗത്യന്തരമില്ലാതെ ഓഗസ്റ്റ് 14ന് ജപ്പാൻ കീഴടങ്ങിയതോടെ രണ്ടാം ലോകയുദ്ധത്തിന് അവസാനം. പക്ഷേ, യുദ്ധം വരുത്തിവച്ചതിലുമധികം ദുരന്തം ഇന്നും തുടരുന്നു. നിശ്ചയദാര്‍ഢ്യവും അച്ചടക്കവും ജപ്പാനെ അതിജീവനത്തിലേക്ക് നയിക്കുന്ന കാഴ്ച. 80 വര്‍ഷങ്ങള്‍ക്കിപ്പുറം കഴിഞ്ഞ ഒക്ടോബറിലാണ് അണുബോംബാക്രമണങ്ങൾ അതിജീവിച്ച 'ഹിബാകുഷ' കളുടെ അഥവാ ജീവിക്കുന്ന രക്തസാക്ഷികളുടെ പ്രസ്ഥാനമായ നിഹോൻ ഹിഡാൻക്യോയ്ക്കു സമാധാന നൊബേൽ പുരസ്കാരം നല്‍കി ലോകം ആദരിച്ചത്. എന്നിട്ടും പഠിക്കാതെ രാഷ്ട്രങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ആണവായുധങ്ങള്‍ നിര്‍മിക്കുന്നു. ഓരോ യുദ്ധകാലത്തും നാം വീണ്ടും ആണവായുധഭീഷണിയുടെ ചാരത്തില്‍ വെന്തുനീറുന്നു.