ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് ഇന്ന് ഓരോ രാജ്യവും ആണവാക്രമണ ഭീഷണി ഉയര്‍ത്തുമ്പോള്‍ മനപ്പൂര്‍വം മറന്നുകളയുന്ന രണ്ടുപേരുകളുണ്ട്. ഹിരോഷിമയും നാഗസാക്കിയും! മനുഷ്യ ജീവനുകള്‍ പൊള്ളിയടര്‍ന്ന് നിലവിളിച്ച ആ ദിനങ്ങള്‍ കഴിഞ്ഞുപോയിട്ട് എട്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. അന്നത്തേക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ള ആണവായുധങ്ങള്‍ ഇന്ന് ഒട്ടേറെ രാജ്യങ്ങളുടെയും പക്കലുണ്ട്. ഭൂമിയില്‍ മനുഷ്യന്‍റെ അവസാനത്തെ കണിക പോലും ഇല്ലാതാക്കാന്‍ കെല്‍പ്പുള്ള ആയുധങ്ങള്‍!
ഇരുപതാം നൂറ്റാണ്ടില്‍ ലോകം കണ്ട സമാനതകളില്ലാത്ത ക്രൂരതയായിരുന്നു ഹിരോഷിമ – നാഗസാക്കി. 1945 ഓഗസ്റ്റ് 6 ന് രാവിലെ ജപ്പാനിലെ ഹിരോഷിമക്കു മുകളില്‍ വട്ടമിട്ട അമേരിക്കന്‍ വിമാനത്തില്‍ നിന്ന് ലിറ്റില്‍ ബോയ് എന്ന യുറേനിയം ബോംബ് പതിച്ചു. ആ നഗരം ഒന്നാകെ കത്തിയമര്‍ന്നു. പത്ത് കിലോമീറ്ററോളം ചുറ്റളവില്‍ സ്ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. മൂന്നു ദിവസത്തോളം ഹിരോഷിമ കത്തി. ഒന്നരലക്ഷം ജീവനുകളാണ് മിനിറ്റുകള്‍ക്കകം ലിറ്റില്‍ ബോയ് കവര്‍ന്നെടുത്തത്. അവശേഷിച്ചവരില്‍ പകുതിപ്പേരും മരണത്തേക്കാള്‍ വലിയ വേദനയുടെ സാക്ഷ്യങ്ങളായി. അന്നത്തെ അണുവികരണം തലമുറകളോളം ജപ്പാനെ പിന്തുടര്‍ന്നു.
ഹിരോഷിമയ്ക്ക് തൊട്ടുപിന്നാലെ നാഗസാക്കിയും അമേരിക്കയുടെ ആണവദാഹത്തിന് ഇരയായി. 1945 ഓഗസ്റ്റ് 9ന് രാവിലെ 11.02 ന് ബോക്സ്കാര്‍ വിമാനത്തില്‍ നിന്ന് പതിച്ച ഫാറ്റ് ബോയ് എന്ന അണ്വായുധം നാഗസാക്കിയെയും വെണ്ണീറാക്കി. നഗരം ശവപ്പറമ്പായി. 75,000 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ എത്രയോ ഭാഗ്യമുള്ളവര്‍ എന്നോര്‍മ്മിപ്പിച്ച് അറുപതിനായിരത്തോളം പേര്‍ പരുക്കുകളോടെ ജീവിച്ചു. ജനിതകരോഗങ്ങളും വൈകല്യങ്ങളുമായി ആ മുറിപ്പാടുകള്‍ തലമുറകള്‍ പിന്നിട്ട് ഇന്നും തുടരുന്നു.
ഇന്ന് ഓരോ യുദ്ധകാഹളവും ഉണ്ടാകുമ്പോള്‍ ലോകം ഉറ്റുനോക്കുന്നത് മറ്റൊരു ആണവ ഭീഷണിയിലേക്കാണ്. റഷ്യ–യുക്രെയ്ന്‍ പോരാട്ടത്തില്‍ റഷ്യയും അമേരിക്കയും തമ്മിലുള്ള ആണവ ഭീഷണി ചര്‍ച്ചയായതും ഇറാന്‍റെ ആണവ പദ്ധതി ഇല്ലാതാക്കാന്‍ യുഎസ് ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതും കഴിഞ്ഞ ദിവസങ്ങളിലാണ്. ഇന്ത്യ–പാക് സംഘര്‍ഷത്തിനിടയില്‍ പോലും പലരും ചര്‍ച്ച ചെയ്തത് ആണവശേഖരത്തെക്കുറിച്ചായിരുന്നു.
എട്ട് പതിറ്റാണ്ട് മുന്‍പ് 15 കിലോടൺ സ്ഫോടനശേഷിയുള്ള അണുബോംബാണ് ഹിരോഷിമയില്‍ അമേരിക്ക വര്‍ഷിച്ചത്. ഇന്നത്തെ ആണവശക്തിയുമായി താരതമ്യം ചെയ്താല്‍ ലിറ്റില്‍ ബോയ് ഒന്നുമല്ല. കാരണം ഇന്ന് അമേരിക്കയുടെ ആയുധപ്പുരയിലെ ഏറ്റവും വലിയ ആണവായുധത്തിന് 1.2 മെഗാടൺ ശക്തിയുണ്ട്. ഹിരോഷിമ ബോംബിനേക്കാൾ 80 മടങ്ങ് അധികം. ഒരു വലിയ നഗരത്തിന് മുകളിൽ ഇത് പൊട്ടിത്തെറിച്ചാൽ, ദശലക്ഷക്കണക്കിന് ആളുകളെ തൽക്ഷണം ഇല്ലാതാക്കും.
സ്റ്റോക്ക്ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കണക്കില്‍ ഔദ്യോഗികമായി ഒമ്പത് ആണവ ശക്തികളാണ് ഇന്ന് ലോകത്തുള്ളത്. യുഎസ്, റഷ്യ, ചൈന, ഫ്രാൻസ്, യു.കെ, ഇന്ത്യ, പാകിസ്ഥാൻ, ഉത്തര കൊറിയ, ഇസ്രയേൽ. ഈ രാജ്യങ്ങളുടെ പക്കല്‍ 12,000 ത്തിലധികം അണുബോംബുകളുണ്ട്. ഇന്നുള്ള ആണവായുധങ്ങളുടെ 90 ശതമാനവും യുഎസിന്റെയും റഷ്യയുടെയും കൈവശമാണ്. മറ്റു രാജ്യങ്ങള്‍ അവരുടെ ആണവ ആയുധശേഖരം വികസിപ്പിക്കാനും പദ്ധതിയിടുന്നു. ചൈനയാണ് ഇക്കാര്യത്തില്‍ മുന്നില്‍. പ്രതിവർഷം നൂറോളം പോര്‍മുനകളാണത്രെ ചൈന കൂട്ടിച്ചേര്‍ക്കുന്നത്. 2024ല്‍ മറ്റു രാജ്യങ്ങളും ആണവ ആധുനീകരണം നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയും ഈ പട്ടികയിലുണ്ട്.
ഇന്നേവരെ ഒരു യുദ്ധത്തില്‍ ആദ്യമായും അവസാനമായും ആണവായുധം ഉപയോഗിച്ചത് ഹിരോഷിമ–നാഗസാക്കിയിലാണ്. ആണവായുധം എന്ന വിപത്തിന്‍റെ തീവ്രത മനുഷ്യരാശി കണ്‍മുന്നില്‍ അറിഞ്ഞ ദിവസങ്ങളായിരുന്നു അത്. ആ മുറിപ്പാടുകള്‍ മായാതെ കിടക്കുമ്പോഴും ഇന്നും ആണവായുധങ്ങള്‍ അതിനേക്കാള്‍ വലിയ ഭീഷണിയായി തുടരുകയാണ്. ആണവ നിരായുധീകരണത്തിന്‍റെ കാര്യത്തില്‍ രാജ്യാന്തരസമൂഹത്തിലെ ഭിന്നതകൾ വര്‍ധിക്കുകയാണെന്നും അന്തരീക്ഷം കൂടുതൽ കലുഷിതമാകുന്നുവെന്നുമാണ് ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ ഹിരോഷിമ ദിനത്തില്‍ പറഞ്ഞത്.