modi-shake-hand-with-trump

കൃഷി വേണോ? അതോ വ്യാപാരമോ? എണ്ണവില എങ്ങനെ പിടിച്ചുനിര്‍ത്തും? രാജ്യം സുരക്ഷിത നിക്ഷേപകേന്ദ്രമായി തുടരണോ? രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തണോ  ? ഓഹരിവിപണിയെ താങ്ങിനിര്‍ത്തണോ  ? സാംസ്കാരിക – ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കണോ?സര്‍വോപരി ഒരു മാന്ദ്യത്തെ നേരിടേണ്ടി വരുമോ? 

ട്രംപിന്റെ അധികത്തീരുവ പ്രഖ്യാപനത്തിനുശേഷവും മുന്‍പും ഇന്ത്യ നേരിട്ട നിരവധി ചോദ്യങ്ങളാണ്. ഉത്തരങ്ങള്‍ കയ്പേറിയതും. 

ഒരിക്കല്‍ ട്രംപിനെ  ‘മൈ ഫ്രണ്ട്’ എന്നു വിളിച്ച  നരേന്ദ്രമോദിയെ ട്രംപ് ശരിക്കും കുഴപ്പിക്കുകയാണ്. 25% അധികത്തീരുവ. ഒപ്പം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ പിഴത്തീരുവയെന്ന മുന്നറിയിപ്പും. രാജ്യതാല്‍പര്യം സംരക്ഷിച്ചതിന് കൊടുക്കേണ്ടി വന്ന വിലയെന്ന് പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും അവകാശപ്പെടാം. ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന് മുദ്രാവാക്യം മുഴക്കാം. പക്ഷേ.... 

modi-hug-trump

സുഹൃത്തുക്കളെന്ന് കരുതിയ പലരെയും ട്രംപ് വട്ടം ചുറ്റിക്കുകയാണ്. പുടിന്‍, ഇലോണ്‍ മസ്ക് തുടങ്ങി എന്തിനും ഏതിനും ഒപ്പം നില്‍ക്കുന്ന നെതന്യാഹൂ വരെ ട്രംപിന്റെ രണ്ടു മുഖങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞു. ശീതയുദ്ധത്തിനുശേഷം അമേരിക്കയ്ക്ക് എതിരാളിയായി ഉയര്‍ന്ന ചൈനയോടും വൈറ്റ് ഹൗസില്‍ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോന്ന സെലന്‍സ്കിയോടും ട്രംപ് കൂടുതല്‍ അടുക്കുകയാണ്. ഒന്ന് അമേരിക്കയെ ‘ഫസ്റ്റ്’ ആക്കണം. പിന്നെ ലോകത്തെ സര്‍വ അലമ്പിലും ഇടപെട്ട് അവിടെ താനാണ് സമാധാനം കൊണ്ടുവന്നതെന്ന് പറഞ്ഞ് ലോകനേതാവാകണം. ഒപ്പം സ്വന്തം വ്യാപാരതാല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും വേണം. 

പാക്കിസ്ഥാന്‍ ഇത് കണ്ടറിഞ്ഞ് കളിച്ചു നൊബേല്‍ സമ്മാനത്തിന് ട്രംപ് അര്‍ഹനെന്നു പറഞ്ഞു. 21 അമേരിക്കന്‍ സൈനികരുള്‍പ്പെടെ 200 പേര്‍ കൊല്ലപ്പെട്ട കാബൂള്‍ വിമാനത്താവള ബോംബ് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനെ പിടിച്ചുകൊടുത്തു. അമേരിക്കയുടെ ഭീകരവിരുദ്ധ നടപടികളില്‍ പങ്കാളിയായി. ട്രംപിന്റെ കുടുംബത്തിന് താല്‍പര്യമുള്ള ബിറ്റ്കോയിന്‍ സംരംഭത്തെ വരെ പിന്തുണച്ചു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും 25% തീരുവ പ്രഖ്യാപിച്ച ട്രംപ് പാക്കിസ്ഥാന് 10% കുറച്ചുകൊടുത്തു. അവരുമായി എണ്ണ ഖനനത്തിന് കരാറായി. രാജ്യത്തിനാവശ്യമായ മൂന്നിലൊന്ന് എണ്ണയും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്ത്യയില്‍ നിന്ന് പിഴത്തീരുവ ഈടാക്കുമെന്ന് മുന്നറിയിപ്പും നല്‍കി. 

modi-trump

ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയോട് മറ്റ് പ്രമുഖ പങ്കാളികളേക്കാൾ കടുത്ത നിലപാട് സ്വീകരിക്കാന്‍ എന്താവാം കാരണം?

പ്രധാനം റഷ്യയുമായുള്ള ബന്ധം തന്നെ. ഒരുകാലത്ത് ‘സോള്‍ ഗഡി’യായിരുന്ന പുടിനുമായി ട്രംപ് തെറ്റി. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിച്ച് സമാധാനദൂതനും ലോകനേതാവുമായി മാറാനുള്ള ശ്രമം പുടിന്‍ പ്രോല്‍സാഹിപ്പിച്ചില്ലെന്നത് മുഖ്യകാരണം. അമേരിക്കയുടെ ആഭ്യന്തര വ്യാപാരതാല്‍പര്യങ്ങള്‍ക്ക് സ്വന്തംകാര്യം പരിഗണിച്ച് ഇന്ത്യ വഴങ്ങാതിരുന്നത് മറ്റൊരു കാരണം. 

ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയോട് മറ്റ് പ്രമുഖ പങ്കാളികളേക്കാൾ കടുത്ത നിലപാട് സ്വീകരിക്കാന്‍ എന്താവാം കാരണം?

ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾക്കാണ് ഇത് ഇടയാക്കുക. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ബിഹാറിലെ ചോളം, സോയാബീന്‍  കര്‍ഷകരെ സംരക്ഷിക്കാമെങ്കിലും  വസ്ത്രങ്ങൾ, രത്‌നം, ആഭരണം, ഇലക്ട്രോണിക്സ്, സമുദ്രോൽപന്നങ്ങൾ തുടങ്ങിയ മേഖലകൾക്ക്   യുഎസ് വിപണിയിൽ കനത്ത തീരുവയാകും നേരിടേണ്ടി വരിക. ഇന്ത്യയുടെ വളർച്ചയെയും സാമ്പത്തിക സാഹചര്യങ്ങളെയും ഇത് ഹ്രസ്വകാലത്തേക്ക് ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.  രൂപയുടെ മൂല്യം ഇടിഞ്ഞു. താരിഫ് നിലനിൽക്കുകയാണെങ്കിൽ 2026 മാർച്ചോടെ ജിഡിപിയിൽ 40 ബേസിസ് പോയിന്റ് (0.4%) കുറ‍ഞ്ഞേക്കാം. ചൈനയ്ക്ക് ബദലാകായി വളരാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ക്കും മങ്ങലേല്‍ക്കും.  

donald-trump-modi-tariff

2024-ൽ ജിഡിപിയുടെ 1.2 ശതമാനത്തിനു തുല്യമായ, യുഎസുമായുള്ള ഇന്ത്യയുടെ 4570 കോടി ഡോളറിന്റെ വ്യാപാര മിച്ചം, ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും രാജ്യത്തിന് വലിയ കരുത്തായിരുന്നു. ഇത് പകുതിയായി കുറയുന്നത്, ആഗോള മൂലധനം ആകർഷിക്കാൻ ഇന്ത്യയെ സഹായിച്ച 'സുരക്ഷിത നിക്ഷേപ കേന്ദ്രം' എന്ന ഖ്യാതിക്ക് മങ്ങലേൽപ്പിക്കും. 

തൊഴിലാളികള്‍ ഏറെയുള്ള സ്ഥാപനങ്ങള്‍ക്കാണ് ഇരുട്ടി. കേരളത്തിലെ മല്‍സ്യസംസ്കരണ മേഖല മുതല്‍ ഗുജറാത്തിലെ വജ്ര, ആഭരണ കമ്പനികള്‍ക്കു വരെ. ഉൽപാദനത്തിന്റെ 70 ശതമാനവും യുഎസിലേക്ക് അയക്കുന്ന വെൽസ്പൺ ലിവിങ്, ഗോകുൽദാസ് എക്‌സ്‌പോർട്‌സ്, ഇൻഡോ കൗണ്ട് തുടങ്ങിയ വസ്ത്ര കയറ്റുമതി സ്ഥാപനങ്ങൾ ഓര്‍ഡറുകള്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.  കേരളത്തിലെ തന്നെ ‘കിറ്റെക്സി’ന്റെ ഓഹരിമൂല്യം ഇടിഞ്ഞു.  2024-ൽ ഇന്ത്യ യുഎസിലേക്ക് കയറ്റി അയച്ചത്  ഏകദേശം 2200 കോടി ഡോളറിന്റെ  വസ്ത്രങ്ങളും ആഭരണങ്ങളുമാണ്.  

പിന്മാറുമോ ആപ്പിളും ആല്‍ഫബെറ്റും 

ട്രംപ് ഭീഷണി തുടര്‍ന്നാലും രാജ്യത്തെ വിശാലമായ ഉപഭോക്തൃവിപണിയും ചൈനയുമാുള്ള പ്രശ്നങ്ങളും കാരണം  യുഎസ് കമ്പനികൾ ഇന്ത്യയെ കൈവിടില്ലെന്നാണ് പ്രതീക്ഷ. 

യുഎസിലെ വിതരണ ശൃംഖലയ്ക്കായി ആപ്പിൾ മുൻപെന്നത്തെക്കാളും ഇന്ത്യയെ ആശ്രയിക്കുന്നു. മാർച്ചിലെയും മേയിലെയും ഇടയിൽ ഫോക്സ്കോൺ ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്ത 320 കോടി ഡോളർ മൂല്യമുള്ള ഐഫോണുകളിൽ ഏതാണ്ട് മുഴുവനും യുഎസിലേക്കാണ് പോയത്. ഏപ്രിൽ-ജൂൺ കാലയളവിൽ യുഎസിൽ വിറ്റ ഐഫോണുകളുടെ 71% ഇന്ത്യയിൽ നിർമിച്ചവയായിരുന്നു. ഒരു വർഷം മുൻപ് ഇത് 31% മാത്രമായിരുന്നു. ഐഫോണ്‍ 17 പുറത്തിറങ്ങാനിരിക്കേ ഉല്‍പാദനവും വിതരണശൃംഖലകളും മാറ്റുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  

ഏപ്രിൽ-ജൂൺ കാലയളവിൽ യുഎസിൽ വിറ്റ ഐഫോണുകളുടെ 71% ഇന്ത്യയിൽ നിർമിച്ചവയായിരുന്നു

‌ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ആന്ധ്രാപ്രദേശിൽ 600 കോടി ഡോളർ നിക്ഷേപിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ഡേറ്റാ സെന്റർ നിർമിക്കുന്നു. ഇതിൽ 200 കോടി ഡോളർ പുനരുപയോഗ ഊർജത്തിനായാണ്. മരുന്ന് നിർമാതാക്കളായ ആംജെൻ ദക്ഷിണേന്ത്യയിൽ എഐ അധിഷ്ഠിത ഇന്നൊവേഷൻ ഹബ്ബിനായി 200 കോടി ഡോളർ നിക്ഷേപിക്കുമെന്ന് ഫെബ്രുവരിയിൽ അറിയിച്ചിരുന്നു. 100 ശതമാനത്തിലേറെ ഇറക്കുമതി തീരുവയുണ്ടായിട്ടും ടെസ്‌ല കഴിഞ്ഞ മാസം മുംബൈയിൽ മോഡൽ വൈ എസ്‌യുവി പുറത്തിറക്കി.യുഎസ് റീട്ടെയ്‌ലറായ കോസ്റ്റ്‌കോയും ഇന്ത്യയിലേക്ക് വരുന്നുണ്ട്. ചൈനയേക്കാള്‍  പകുതി   വേതന നിരക്ക്, കേന്ദ്ര സർക്കാരിന്റെ പ്രോത്സാഹനങ്ങൾ എന്നിവയും അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമാണ്.

ഇനി എന്ത് നടക്കാം, നടക്കാതിരിക്കാം

ഇന്ത്യ – യുഎസ് ചര്‍ച്ചകള്‍ തുടരാം. ഓഗസ്റ്റ് അവസാനം യുഎസ് സംഘത്തെ ചര്‍ച്ചകള്‍ക്കായി ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്.  പക്ഷേ, ട്രംപിനെ എത്രകണ്ട് ആശ്വസിപ്പിക്കാന്‍ പറ്റുമെന്നത് പറയാനാവില്ല. എന്തായാലും തീരുവ    അയല്‍ക്കാരേക്കാള്‍ ഒട്ടും കുറയാന്‍ വഴിയില്ല. 

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാലും പ്രശ്നം, ഇല്ലെങ്കിലും പ്രശ്നം. കുറ‍ഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങണോ അതോ അമേരിക്കയുടെ പിഴച്ചുങ്കം നല്‍കണോ. ട്രംപ് എത്രയാണ് അധികത്തീരുവ എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

പണത്തിനു മീതെയാണോ രാഷ്ട്രീയ, രാഷ്ട്രതാല്‍പര്യങ്ങള്‍ക്കുമേലാണോ പരുന്ത് പറക്കാതിരിക്കുക. ലോകമെന്ന തുറന്നിട്ട വിപണിയില്‍ വ്യാപാരതാല്‍പര്യങ്ങള്‍ക്കാണ് പല രാജ്യങ്ങളും മുന്‍തൂക്കം നല്‍കുക. പക്ഷേ, കാര്‍ഷിക, സാംസ്കാരികമൂല്യങ്ങള്‍ക്ക് വിലകല്‍പിക്കുന്ന ഇന്ത്യയില്‍ നോണ്‍ വെജിറ്റേറിയന്‍ പശുക്കളുടെ പാലും ജനിതകമാറ്റം വരുത്തിയ സോയാബീനും അനുവദിക്കില്ല. 

ചര്‍ച്ചകള്‍ക്കായി കാത്തിരിക്കാം. ഇന്ത്യയ്ക്ക് അനുകൂലമാവാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്നു മാത്രം.  

ENGLISH SUMMARY:

US-India trade relations face significant challenges due to Trump's tariffs and India's stance on Russian oil. Despite potential economic repercussions for India's export sector, the country's vast consumer market and strategic importance continue to attract major US companies.