screengrab from a video posted on March 12, 2026, Prime Minister Narendra Modi addresses the NXT Summit 2026 at Bharat Mandapam, in New Delhi. (@NarendraModi/YT via PTI Photo)(PTI03_12_2026_000473A)
രണ്ട് ആഴ്ചയായി നീളുന്ന യുഎസ് ഇസ്രയേല്‍ ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നെന്ന് സൂചനയുണ്ടെങ്കിലും അടുത്ത കാലത്തൊന്നും അത്തരമൊരു പ്രതീക്ഷയ്ക്ക് വകയില്ലെന്ന് വ്യക്തമാക്കുന്ന നിലപാടുകളാണ് ഇരുപക്ഷവും സ്വീകരിച്ചുവരുന്നത്. ഇന്നലെയും ടെഹ്റാനില്‍ കനത്ത ആക്രമണമുണ്ടായതായി സൂചനയുണ്ട്. അതിനിടെ മധ്യ ഇസ്രയേലിലും ടെല്‍ അവീവിലും സൈറണുകൾ മുഴങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ക്രിയാത്മകമായ ചര്‍ച്ച മാത്രമാണ് ഏത് പ്രശ്നത്തിനും പരിഹാരം എന്നിരിക്കെ പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ ഒമാന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. എങ്കിലും കാര്യങ്ങളൊന്നും കരയ്ക്കെത്തുന്നില്ലെന്നു വേണം മനസിലാക്കാന്‍. ഇതിനിടെയാണ് ഈ വിഷയത്തില്‍ സംസാരിക്കാന്‍ പറ്റുന്ന മികച്ച നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന തരത്തില്‍ ലോകരാജ്യങ്ങള്‍ക്കിടെയില്‍ തന്നെ ചര്‍ച്ചകള്‍ ഉയരുന്നത്.
Image; PTI
രാജ്യാന്തരതലത്തില്‍ തന്നെ നരേന്ദ്രമോദിയുടെ പേരാണ് മധ്യസ്ഥ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നത്. ഇപ്പോള്‍ യുഎസിലെ റിട്ടയേര്‍ഡ് സൈനിക ഉദ്യോഗസ്ഥന്‍ തന്നെയാണ് മോദിയുടെ പേര് ഈ സ്ഥാനത്തേക്ക് എടുത്തുപറയുന്നത്. ‘യുദ്ധം അവസാനിപ്പിക്കാന്‍ ഒരു മധ്യസ്ഥന്‍ ഇടപെട്ടേ പറ്റൂ, അതിനു പറ്റിയ രാജ്യതലവന്‍ നിലവില്‍ നരേന്ദ്രമോദിയാണ്’– ടക്കര്‍ കാള്‍സണുമായുള്ള പോഡ്കാസ്റ്റിലൂടെ കേണല്‍ ഡഗ്ലസ് മഗ്രെഗര്‍ അഭിപ്രായപ്പെടുന്നു. ഡഗ്ലസ് മഗ്രെഗര്‍ അമേരിക്കന്‍ രാഷ്ട്രീയ രംഗത്തും സൈനിക രംഗത്തും ഏറെ സ്വാധീനമുള്ള വ്യക്തിയാണ്.
മഗ്രെഗറിനു മുന്‍പ് ഇന്ത്യയിയെ യുഎഇ സ്ഥാനപതി ഹുസൈന്‍ ഹസ്സന്‍ മിര്‍സയും സമാന അഭിപ്രായം പറഞ്ഞിരുന്നു. മോദിയുടെ ഒരൊറ്റ കോളിലൂടെ ഈ യുദ്ധം അവസാിപ്പിക്കാമെന്നും ഇസ്രയേല്‍–ഇറാന്‍ നേതൃത്വവുമായി മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മോദിയെന്നുമായിരുന്നു മിര്‍സ അഭിപ്രായപ്പെട്ടത്. ഇറാന്‍–അമേരിക്ക-ഇസ്രായേൽ യുദ്ധത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ ചൈന മുന്നോട്ടുവന്നിട്ടുണ്ട്. അതേസമയം തന്നെ ഖത്തർ, ഒമാൻ, പാക്കിസ്ഥാന്‍, തുർക്കി തുടങ്ങിയ രാജ്യങ്ങളും മധ്യസ്ഥശ്രമങ്ങളിൽ സജീവമാണ്.
Image; PTI
എങ്കിലും ഈ രാജ്യങ്ങള്‍ക്കെല്ലാം ഉപരി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിഷയത്തില്‍ ഇടപെട്ട് ഇരുരാജ്യങ്ങളുമായി സംസാരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ഇന്ത്യ ഒരു യുദ്ധകാലത്തും ഒരു രാജ്യത്തിന്റേയും പക്ഷം പിടിച്ചിട്ടില്ലെന്നതാണ് ഈ നിലപാടിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ വിദേശനയവും ആഗോളതലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വാധീനവുമാണ് ഈ അഭിപ്രായങ്ങള്‍ക്ക് പിന്നില്‍. സ്വാതന്ത്ര്യാനന്തരം ഒരു യുദ്ധസമയത്തും ഏതെങ്കിലും ഒരു രാജ്യത്തെയോ സഖ്യത്തെയോ പരസ്യമായി പിന്തുണയ്ക്കുന്ന രീതി ഇന്ത്യ സ്വീകരിച്ചിട്ടില്ല. ഇസ്രായേൽ-പാലസ്തീൻ വിഷയത്തിൽ പോലും രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട ‘ദ്വിരാഷ്ട്ര പരിഹാരം’ എന്ന നിലപാടിൽ തന്നെ ഇന്നും ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. ഈ നിലപാടുകളൊക്കെയാണ് മോദിയെ പ്രിയങ്കരനാക്കുന്നതെന്നാണ് വിലയിരുത്തല്‍.
യുദ്ധം കാരണം ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ പോയതും, വില 200 ഡോളറിലെത്തുമെന്ന ഇറാന്റെ ഭീഷണിയും ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ തകർക്കാൻ ശേഷിയുള്ളതാണ്. ഈ സാഹചര്യത്തില്‍ പല രാജ്യങ്ങളുമായും മോദി സംസാരിക്കുന്നുണ്ട്. ഹോര്‍മൂസിലൂടെ ഇന്ത്യയുടെ രണ്ട് കപ്പലുകള്‍ കടത്തിവിടാന്‍ ഇറാന്‍ തയാറായതും ഇവിടെ പ്രസക്തമാണ്.
ഇസ്രയേലും ഇറാനുമായും മികച്ച നയതന്ത്ര ബന്ധമാണ് ന്യൂഡല്‍ഹിക്കുള്ളത്. ഇസ്രായേലുമായി പ്രതിരോധ മേഖലയിൽ ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുമ്പോള്‍ തന്നെ ഇറാനുമായുള്ള ബന്ധങ്ങളെ പരിപോഷിപ്പിക്കാനും ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. മധ്യസ്ഥത്തിന് തയാറായ അറബ് രാജ്യങ്ങള്‍ക്കെല്ലാം ഒരു ഇസ്രയേല്‍ വിരുദ്ധത നിലവിലുണ്ടെന്നും ഇന്ത്യക്കതില്ലാത്തതുകൊണ്ടു തന്നെ മോദിക്കാണ് ഈ ഉദ്യമം ഏറ്റെടുക്കാന്‍ പോന്ന പാകതയുള്ളതെന്നുമാണ് വിദഗ്ധ വിലയിരുത്തല്‍.