File Image: Reuters
റഷ്യയുമായി തുടരുന്ന ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഭീഷണി മുഴക്കി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അടുത്ത 24 മണിക്കൂറിനകം അധികത്തീരുവ പ്രഖ്യാപിക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി. ഇന്ത്യ ഒരിക്കലും നല്ല വ്യാപാര പങ്കാളിയല്ല. അവര്‍ യുഎസില്‍ വ്യാപാരം നടത്തുന്നു. പക്ഷേ യുഎസിന് തിരിച്ച് വ്യാപാരം നടത്താനാവുന്നില്ല. അതുകൊണ്ട് 25 ശതമാനം തീരുവ ഇന്ത്യയ്ക്ക് മേല്‍ ഞാന്‍ ഏര്‍പ്പെടുത്തി. പക്ഷേ അത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഞാന്‍ വര്‍ധിപ്പിക്കാന്‍ പോകുകയാണ്. അവര്‍ റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്നതാണ് കാരണം. യുദ്ധത്തെ പ്രോല്‍സാഹിപ്പിക്കുകയാണ് ഇന്ത്യ ചെയ്യുന്നത്– സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ഭീഷണി തുടര്‍ന്നു.
'ചത്ത സമ്പദ് വ്യവസ്ഥ'കളെന്നാണ് ഇന്ത്യയെയും റഷ്യയെയും ട്രംപ് കഴിഞ്ഞയാഴ്ച പരിഹസിച്ചത്. റഷ്യയില്‍ നിന്നുള്ള ഇന്ധനം വാങ്ങല്‍ ഇന്ത്യ തുടരുന്നത് ട്രംപിനെ ചൊടിപ്പിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കേര്‍പ്പെടുത്തിയ 25 ശതമാനം തീരുവ ഇനിയും വര്‍ധിപ്പിക്കുമെന്ന് ഭീഷണി ഉയര്‍ത്തി. വന്‍ ലാഭം കൊയ്യുന്നതിനായാണ് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. റഷ്യ കാരണം യുക്രെയ്നിലെ സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യയ്ക്ക് ഒരു വിഷമവും ഇല്ല. റഷ്യയിലേക്ക് പണമെത്താന്‍ സഹായിക്കുന്നതിലൂടെ യുക്രെയ്നെതിരായ യുദ്ധത്തെ പ്രോല്‍സാഹിപ്പിക്കുകയാണ്. അതുകൊണ്ടാണ് താന്‍ ഇന്ത്യയ്ക്ക് തീരുവ ഉയര്‍ത്തിയതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു.
അതേസമയം ട്രംപിന്‍റെ ഭീഷണികളെ വകവയ്ക്കുന്നില്ലെന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു. കരുത്തരായ സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ ദേശീയ താല്‍പര്യങ്ങളും സാമ്പത്തിക സുരക്ഷിതത്വവും മുന്‍നിര്‍ത്തി കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇന്ത്യയ്ക്ക് കരുത്തുണ്ടെന്നും വിദേശകാര്യമന്ത്രാലയം തുറന്നടിച്ചിരുന്നു. റഷ്യയ്ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന യൂറോപ്യന്‍ യൂണിയനുള്‍പ്പടെയുള്ളവ കോടിക്കണക്കിന് ഡോളറിന്‍റെ വ്യാപാരമാണ് റഷ്യയുമായി നടത്തുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദത്തില്‍പ്പെടുത്തിയും റഷ്യയ്ക്കെതിരെ തിരിക്കാനുള്ള ട്രംപിന്‍റെ നീക്കം അപലപനീയമെന്ന് മോസ്കോ പ്രതികരിച്ചു. സ്വന്തം വ്യാപാര പങ്കാളിയെ തീരുമാനിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും ട്രംപ് അതില്‍ ഇടപെടേണ്ടെന്നും ക്രെംലിന്‍ വക്താവ് ദിമിത്ര പെസ്കോവ് വ്യക്തമാക്കി. ട്രംപിന്‍റെ ഭീഷണികളെ വിലവയ്ക്കില്ലെന്നും റഷ്യ കൂട്ടിച്ചേര്‍ത്തു.