റഷ്യയുടെ കിഴക്കന്‍ ഉപദ്വീപായ കാംചട്കയിൽ ഉണ്ടായ അതിതീവ്ര ഭൂചലനത്തെ തുടര്‍ന്ന് പസഫിക് സമുദ്രത്തില്‍ സൂനാമി. പെട്രോപാവ്‌ലോവ്സ്ക്- കംചാറ്റ്സ്കിയില്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നു. ജപ്പാനിലും അമേരിക്കയിലെ ഹവായിലും സൂനാമിത്തിരകളെത്തി. പസഫിക്ക് തീരമേഖലയിലെ രാജ്യങ്ങളില്‍ ജാഗ്രതാനിര്‍ദേശം തുടരുകയാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ ആറാമത്തെ ഭൂചലനമാണ് കാംചട്കയിൽ ഉണ്ടായത്. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കിഴക്ക്-തെക്കുകിഴക്കായി 19.3 കിലോമീറ്റർ ആഴത്തിലാണ്. നാലുമീറ്റര്‍ ഉയരമുള്ള സൂനാമിത്തിരകള്‍ കംചാറ്റ്സ്കിയില്‍ കെട്ടിടങ്ങൾക്ക് ഉള്‍പ്പെടെ നാശമുണ്ടാക്കി. തുടര്‍ന്ന് പസഫിക് തീരത്തെ മിക്ക രാജ്യങ്ങളിലും സൂനാമി മുന്നറിയിപ്പുണ്ടായി. ജപ്പാനിലെ ഹൊക്കൈഡോയിലും സൂനാമിത്തിരകള്‍ എത്തി; വടക്കന്‍ ദ്വീപുകളില്‍ പത്തുലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചു. മുന്‍കരുതലായി ഫുകുഷിമ ആണവനിലയത്തിലെ ജീവനക്കാരെയും മാറ്റി. യു.എസിലെ ഹവായില്‍ സൂനാമി മുന്നറിയിപ്പിനുപിന്നാലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കലിഫോര്‍ണിയയില്‍ തീരമേഖലകളില്‍ ആളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഫിലിപ്പീന്‍സ്, ഇന്തോനീഷ്യ, ന്യൂസീലന്‍ഡ്, പെറു തുടങ്ങിയ രാജ്യങ്ങളിലും ജാഗ്രത തുടരുകയാണ്