Image: AFP/ Instagram
പോപ് താരം കാറ്റി പെറിയും കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഡിന്നര്‍ ഡേറ്റിന് പോയതിനെ ചൊല്ലി വാര്‍ത്തകള്‍ നിറയുകയാണ്. മോണ്‍ട്രിയളിലെ ആഡംബര ഫ്രഞ്ച് ഭക്ഷണശാലയില്‍ ഇരുവരും കഴിഞ്ഞ ദിവസം അതീവ രഹസ്യമായി ഭക്ഷണം കഴിക്കാനെത്തിയതാണ് പാപ്പരാസികള്‍ ചോര്‍ത്തിയത്. ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും പരന്നു.
ഭക്ഷണശാലയിലെ ഒഴിഞ്ഞ കോണില്‍ അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഇരുവരും ഇരുന്നതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ലോബ്സ്റ്റര്‍ സ്പെഷലും കോക്ടെയിലുമാണ് ഇരുവരും കഴിച്ചെതന്നും പെറി അതീവ സന്തോഷവതിയായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇരുവരും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് എത്തിയതെങ്കിലും രഹസ്യ കൂടിക്കാഴ്ചയായതിനാല്‍ സുരക്ഷാസംഘത്തെ ഒഴിവാക്കിയാണ് ഉള്ളിലേക്ക് കടന്നത്. ഭക്ഷണത്തിനിടയില്‍ ഷെഫ് ഇരുവരെയും കാണാനെത്തിയെന്നും ഭക്ഷണം കഴിച്ച ശേഷം അടുക്കളയിലെത്തി ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞാണ് മടങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
'143' എന്ന തന്‍റെ ഏറ്റവും പുതിയ ആല്‍ബത്തിന്‍റെ പ്രമോഷനായാണ് പെറി കാനഡയിലെത്തിയത്. കാനഡയുടെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ ബഹളങ്ങളില്‍ നിന്നൊഴിഞ്ഞ് കഴിയുകയാണ് ട്രൂഡോ. 18 വര്‍ഷം നീണ്ട ദാമ്പത്യം 2023 ല്‍ സോഫിയുമായുള്ള ബന്ധം ട്രൂഡോ അവസാനിപ്പിച്ചിരുന്നു. പെറിയാവട്ടെ ഈ വര്‍ഷമാദ്യമാണ് നടന്‍ ഒര്‍ലാന്‍ഡോ ബ്ലൂമുമായി പിരിഞ്ഞത്. ഡിന്നര്‍ ഡേറ്റിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നുവെങ്കിലും ട്രൂഡോയോ പെറിയോ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലും ഇരുവരും ട്രെന്‍ഡിങാണ്.