Image: x.com/AviationNewsIL

വടക്കന്‍ ഇറ്റലിയിലെ ബ്രക്സിയയില്‍ ചെറു വിമാനം ഹൈവേയിലേക്ക് ഇടിച്ചിറങ്ങി രണ്ടുപേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് സെര്‍ജിയോ റവഗ്​ലിയ(75) ഉം പങ്കാളി ആന്‍ മരിയ (60)യുമാണ് കൊല്ലപ്പെട്ടത്. 

സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം മൂക്കും കുത്തി റോഡിലേക്ക് ഇടിച്ച് വീഴുകയായിരുന്നു. വീണമാത്രയില്‍ തീപിടിക്കുകയും കറുത്ത പുക ഉയരുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തകരാര്‍ മനസിലാക്കിയതിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങിന് പൈലറ്റ് ശ്രമിച്ചുവെന്നാണ് മനസിലാക്കുന്നതെന്നും എന്നാല്‍ വിമാനം വേണ്ടത് പോലെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നുമാണ് അധികൃതര്‍ വിലയിരുത്തുന്നത്.

വിമാനം റോഡില്‍ ഇടിച്ചിറങ്ങിയുണ്ടായ അപകടത്തില്‍ രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരുക്കേറ്റു. ഏഴ് വാഹനങ്ങള്‍ക്ക് കൂടി സാരമായ നാശമുണ്ടായി. ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ റോഡിലുപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. അപകടവിവരം ലഭിച്ചതിന് പിന്നാലെ അടിയന്തര സര്‍വീസ് സ്ഥലത്തെത്തിയെങ്കിലും വിമാനം പൂര്‍ണമായും കത്തിയെരിഞ്ഞിരുന്നു. കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് നിര്‍മിച്ച അള്‍ട്രാ ലൈറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ട ഫ്രെഷ്യ RG. 

ENGLISH SUMMARY:

A light aircraft crash-landed on a highway in Brescia, Italy, killing two and injuring others. The ultralight Fresia RG ignited into a fireball upon impact, damaging seven vehicles.