Cambodian soldiers reload the BM-21 multiple rocket launcher in Preah Vihear province on July 24, 2025
തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായ ഏറ്റുമുട്ടലിലേക്ക്. കംബോഡിയൻ സൈനികകേന്ദ്രങ്ങള്‍ക്കു നേരെ തായ്‌ലന്‍ഡ് വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ ഒരു കുട്ടി ഉൾപ്പെടെ 12 പേര്‍ കൊല്ലപ്പെട്ടതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കംബോഡിയ നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് തായ്‌ലന്‍ഡുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ 86 അതിർത്തിഗ്രാമങ്ങളിൽ നിന്ന് നാൽപ്പതിനായിരത്തോളം പേരെ ഒഴിപ്പിച്ചതിനുശേഷമാണ് തായ്‌ലന്‍ഡിന്റെ പ്രത്യാക്രമണം.
വ്യാഴാഴ്ച പുലർച്ചെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിക്കുന്നത്. ഏറെക്കാലമായി തര്‍ക്കത്തിലുള്ള സുരിന്‍ പ്രവിശ്യയിലെ താ മുന്‍ തോം ടെമ്പിളിന് സമീപമാണ് ആദ്യത്തെ ആക്രമണം ഉണ്ടായത്. തങ്ങളുടെ സൈനിക താവളത്തിന് നേരെ കംബോഡിയൻ സൈന്യം പീരങ്കികൾ പ്രയോഗിച്ചതായും ആശുപത്രി ഉൾപ്പെടെയുള്ള സിവിലിയൻ പ്രദേശങ്ങളെ ലക്ഷ്യം വച്ചതായും തായ്‌ലൻഡ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സായുധ ആക്രമണവും തായ്‌ലൻഡിന്‍റെ പരമാധികാരത്തിന്മേലുള്ള ലംഘനങ്ങളും തുടർന്നാൽ പ്രതിരോധ നടപടികൾ ശക്തമാക്കുമെന്നും തായ് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. പിന്നാലെ തായ് സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു. തായ്‌ലൻഡ് കംബോഡിയയുമായുള്ള അതിർത്തിയും അടച്ചു, കംബോഡിയയുടെ പരമാധികാരത്തിനെതിരായ തായ്‌ലന്‍ഡിന്‍റെ സൈനിക ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി കംബോഡിയയുടെ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം തായ്‌ലൻഡ് കംബോഡിയയിലെ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിക്കുകയും ബാങ്കോക്കിലെ കംബോഡിയൻ അംബാസഡറെ പുറത്താക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷമാണ് ഏറ്റുമുട്ടലുകൾ ഉണ്ടായത് അതിർത്തിയിൽ കംബോഡിയ സ്ഥാപിച്ച മൈൻ പൊട്ടി ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് തായ് സൈനികര്‍ക്ക് പരുക്കേറ്റതാണ് പ്രകോപനകാരണമെന്ന് തായ്‌ലന്‍ഡ് പറയുന്നു. എന്നാല്‍ ഈ വാദം കംബോഡിയ നിഷേധിച്ചു. തായ്‌ലൻഡിന്‍റെ വ്യോമാക്രമണം പ്രകോപനമില്ലാതെ ആയിരുന്നുവെന്നാണ് കംബോഡിയയുടെ വിദേശകാര്യ മന്ത്രാലയം വാദിക്കുന്നത്. തായ്‌ലന്‍ഡിനോട് സൈന്യത്തെ പിൻവലിക്കാനും പ്രകോപനപരമായ നടപടികളിൽ നിന്ന് വിട്ടുനിൽക്കാനും കംബോഡിയ ആവശ്യപ്പെട്ടിട്ടുണ്ട്.
വര്‍ഷങ്ങളായി തുടരുന്ന തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തി തർക്കം ഏറ്റുമുട്ടലുകൾക്കും മരണങ്ങള്‍ക്കും കാരണമായിരുന്നു. 2011 ൽ ഒരാഴ്ച നീണ്ടുനിന്ന സംഘര്‍ഷത്തില്‍ കുറഞ്ഞത് പന്ത്രണ്ടോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. മെയ് മാസത്തിൽ ഒരു കംബോഡിയൻ സൈനികൻ വെടിവയ്പിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. ഇത് നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങുകയും ഇപ്പോൾ സായുധ ഏറ്റുമുട്ടലുകൾക്ക് കാരണമാവുകയും ചെയ്യുകയാണ്.