പൊതു കെട്ടിടത്തിലെ ശുചിമുറിയില്‍ അശ്ലീല സന്ദേശം എഴുതിയ 18കാരനെ 7 വര്‍ഷത്തേക്ക് തടവ് വിധിക്കാന്‍ ഹോങ്‌കോങ് കോടതി. ഹോങ്‍കോങ് നിയന്ത്രിക്കുന്ന ചൈനയക്കെതിരെയും ഹോങ്‍കോങ് ഭരണകൂടത്തിനുമെതിരായാണ് യുവാവ് അശ്ലീലത അടങ്ങിയ കുറിപ്പെഴുതിയത്. ഹോങ്‍കോങ് പൊലീസിന്‍റെ പത്രക്കുറിപ്പ് പ്രകാരം കുറിപ്പ് വിദ്വേഷവും അശ്ലീലവും പ്രചരിപ്പിക്കുന്നു. കേസില്‍ യുവാവിന് എഴ് വര്‍ഷം വരെ തടവ് ശിക്ഷ വിധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഈയടുത്ത് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 18കാരന്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പാര്‍ട് ടൈം ക്ലെര്‍ക്കായി ജോലി ചെയ്യുകയാണ്. പൊതു കെട്ടിടത്തിന്‍റെ ശുചിമുറിയിലാണ് യുവാവ് എഴുതിയത്. തുടര്‍ന്ന് ജൂലൈ 17ന് പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചൈനിസ് അധിനിവേശത്തിനെതിരെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹോങ്‍കോങില്‍ കനത്ത പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധിക്കുന്നവരെ ചെറിയ കേസുകളില്‍ പെടുത്തി കനത്ത ശിക്ഷ നല്‍കുകയാണ് ചൈനീസ് അധിഷ്ഠിധ ഹോങ്‌കോങ് ഭരണകൂടം. 2020 മുതല്‍ കര്‍ശനമായ ദേശീയസുരക്ഷാ നിയമമാണ് ഹോങ്‍കോങില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇത് പ്രകാരം ഭരണകൂടത്തിനെതിരെ വിമര്‍ശനമുയര്‍ത്തുന്നവര്‍ രാജ്യദ്രോഹികള്‍ ആയി മാറുന്നു.
2020 തൊട്ട് 2025 ജൂലൈ 1 വരെയുള്ള കാലഘട്ടത്തില്‍ ദേശീയസുരക്ഷയുടെ പേര് പറഞ്ഞ് 333 പേരെയാണ് ഹോങ്‍കോങ് ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലിട്ടത്. ഇതില്‍ 165 പേര്‍ക്ക് കനത്ത ശിക്ഷയാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ കേസില്‍ പെട്ട 18കാരന്‍ ജാമ്യത്തിനപേക്ഷിച്ചെങ്കിലും കോടതി ഇത് തള്ളി. ആഗസ്റ്റ് 18ന് വീണ്ടും കേസില്‍ വിചാരണ ആരംഭിക്കും.