Image Credit: X@Community1357

Image Credit: X@Community1357

TOPICS COVERED

ധാക്കയിലെ സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ തിങ്കളാഴ്ച ബംഗ്ലാദേശ് എയര്‍ഫോഴ്സിന്‍റെ യുദ്ധവിമാനം തകര്‍ന്നുവീണ് 27 പേരാണ് മരിച്ചത്. പൈലറ്റടക്കം കൊല്ലപ്പെട്ട അപകടത്തില്‍ ഇരയായവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. 170 പേര്‍ക്കാണ് പരിക്കേറ്റത്. കുർമിറ്റോളയിലെ വ്യോമസേനാ താവളത്തിൽ നിന്ന് പതിവ് പരിശീലന പറക്കലായി പുറപ്പെട്ട എഫ്-7 ബിജിഐ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്. 

സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് അപകടമെന്ന് ബംഗ്ലാദേശ് സൈന്യം വ്യക്തമാക്കി.  ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്ന് വിമാനം വഴിതിരിച്ചുവിടാൻ പൈലറ്റ് എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടെന്നാണ് സൈന്യത്തിന്‍റെ വാര്‍ത്ത കുറിപ്പ്. മൈല്‍സ്റ്റോണ്‍ സ്കൂള്‍ ആന്‍ഡ് കോളജ് കെട്ടിടത്തില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് വിമാനം തകര്‍ന്നുവീണത്.

കാലപ്പഴക്കം ചെന്ന, പലരാജ്യങ്ങളും ഉപേക്ഷിച്ച ചൈനീസ് നിർമിത ചെങ്ഡു എഫ്-7 പരമ്പരയിൽപ്പെട്ട യുദ്ധവിമാനമാണിത്. ചൈനയുടെ ചെങ്ഡു എഫ്-7 ന്റെ നവീകരിച്ച പതിപ്പാണ് എഫ്-7 ബിജിഐ എങ്കിലും രാജ്യാന്തര തലത്തില്‍ കാലഹരണപ്പെട്ടതായി കണക്കാക്കിയിട്ടുണ്ട്. താങ്ങാവുന്ന വിലയും പൈലറ്റ് പരിശീലനത്തിനും ചെറിയ സൈനിക നടപടികള്‍ക്ക് ഉപയോഗിക്കാമെന്നതും എഫ്-7 നെ ബംഗ്ലാദേശിന്റെ വ്യോമസേനയുടെ ഒരു പ്രധാന ഘടകമായി ഇതിനെ മാറ്റി. 

2013 ൽ ഉത്പാദനം നിർത്തിയ വിമാനം ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്‌സും നിരവധി രാജ്യങ്ങളും ഇന്റർസെപ്റ്ററായി ഉപയോഗിക്കുന്നുണ്ട്. 2013 ലാണ് എഫ്-7 ന്‍റെ അവസാന ബാച്ച് ബംഗ്ലാദേശിന് ലഭിച്ചത്. നിരവധി സാങ്കേതിക പ്രശ്നങ്ങളുടെ ചരിത്രം എഫ്-7 നുണ്ട്. സാങ്കേതിക തകരാറും എന്‍ജിന്‍ തകരാറും അടക്കം വിവിധ എയര്‍ ഫോഴ്സുകളില്‍ എഫ്-7 അപകടമുണ്ടാക്കിയിട്ടുണ്ട്. 2025 ജൂണില്‍ മ്യാന്‍മാര്‍ എയര്‍ഫോഴ്സിന്‍റെ എഫ്-7 തകര്‍ന്നുവീണിരുന്നു. 2022 ല്‍ ചൈനയിലെ സിയാങ്‌യാങിലെ അപകടത്തില്‍ പൈലറ്റ് രക്ഷപ്പെടുകയും ചെയ്തു. രണ്ടുപതിറ്റാണ്ടിനിടെ ബംഗ്ലാദേശില്‍ നടന്ന 11 വ്യോമ അപകടങ്ങളില്‍ ഏഴിനും കാരണം ചൈനീസ് നിര്‍മിത വിമാനങ്ങളാണ്. 

2023ലെ കണക്കുപ്രകാരം ബംഗ്ലാദേശിന്‍റെ കയ്യില്‍ 36 എഫ്-7 വിമാനങ്ങളും 11 എഫ്ടി-7 പരിശീലന വിമാനങ്ങളുമുണ്ട്. 

ENGLISH SUMMARY:

Bangladesh F-7 crash highlights critical concerns about the safety and reliability of aging Chinese-made military aircraft. The incident, which killed 27 people, underscores the frequent technical issues associated with the F-7 series in the Bangladesh Air Force.