ഓസ്ട്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ വീണ്ടും ഭീതിയിലാഴ്ത്തി വംശീയധിക്ഷേപവും ആക്രമണവും. ആഡലേഡിലാണ് 23കാരനായ ചരണ്‍പ്രീത് സിങ്ങിനെ അഞ്ച് പേര്‍ ചേര്‍ന്ന് വംശീയമായി അധിക്ഷേപിക്കുയും ഗുരുതരമായി മര്‍ദിക്കുകയും ചെയ്തത്. പാര്‍ക്കിങിനെ ചൊല്ലിയുണ്ടായ തര്‍ക്കം പിന്നീട് അധിക്ഷേപത്തിലേക്കും മര്‍ദനത്തിലേക്കും കടക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി ചരണ്‍പ്രീത് സിങും ഭാര്യയും കൂടി കിന്‍റോര്‍ അവന്യൂ എന്ന പ്രദേശത്ത് അത്താഴത്തിനെത്തിയതായിരുന്നു. കാര്‍ പാര്‍ക്ക് ചെയ്ത് ഇരുവരും പുറത്തിറങ്ങവെ അഞ്ചംഗസംഘം ഒരു കാറില്‍ നിന്നിറങ്ങി വരികയും ചരണ്‍പ്രീതിനെ പ്രകോപനമൊന്നും കൂടാതെ മര്‍ദിക്കുകയായിരുന്നു. വംശീയ അധിക്ഷേപപരമായ പരാമര്‍ശങ്ങളും ഇവര്‍ ചരണ്‍പ്രീതിനെതിരെ നടത്തി. ഇടിവള കൊണ്ടും കൂര്‍ത്ത ഇരുമ്പ് കമ്പികള്‍ കൊണ്ടുമായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ ഇവര്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.
ബോധരഹിതനായി വീണ ചരണ്‍പ്രീതിന് തലയോട്ടിയുടെ മുന്‍വശത്ത് പൊട്ടലും തലച്ചോറിന് ചതവുമുണ്ട്. ചരണ്‍പ്രീതിനെതിരായ ആക്രമണം ഇന്ത്യന്‍ വിദ്യാര്‍ഥികളടക്കം മറ്റ് വിദേശ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഗുരുതര ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കേസില്‍ അന്വേഷണം നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ കിന്‍റോര്‍ അവന്യൂ പ്രദേശത്ത് പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.