യുദ്ധവിമാനവും യാത്ര വിമാനവും നേര്‍ക്കുനേര്‍ വന്നതോടെ യുഎസ് ആകാശത്ത് ആശങ്കയുടെ നിമിഷങ്ങള്‍. മിന്നീപോളിസില്‍ നിന്നും നോർത്ത് ഡക്കോട്ടയിലെ മിനോട്ടിലേക്ക് പോവുകയായിരുന്ന ഡെല്‍റ്റ വിമാനമാണ് യുഎസ് വ്യോമസേനയുടെ ബി-52 ബോംബര്‍ വിമാനവുമായി നേര്‍ക്കുനേര്‍ വന്നത്. കൂട്ടിയടി ഒഴിവാക്കാന്‍ പൈലറ്റ് സമയോചികമായി വിമാനം വെട്ടിക്കുകയായിരുന്നു.
ജൂലൈ 18 നാണ് സംഭവം നടന്നത്. എയര്‍ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ വ്യക്തമല്ലാത്തതിനാലാണ് വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നതെന്നാണ് സൂചന. വിമാനത്തിന്‍റെ സഞ്ചാരപാതയെ സൈനിക വിമാനം മുറിച്ചുകടക്കുമെന്ന വിവരം തങ്ങളെ ആരും അറിയിച്ചില്ലെന്ന് പൈലറ്റ് വ്യക്തമാക്കി. വിമാനം ഓപ്പറേറ്റ് ചെയ്യുന്ന സ്കൈവെസ്റ്റ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിമാനം മിനോട്ട് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഇക്കാര്യം വിശദമാക്കി പൈലറ്റ് യാത്രക്കാരോട് മാപ്പ് പറയുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 'വലതുഭാഗത്തിരുന്നവര്‍ക്ക് ഒരു വിമാനം ഞങ്ങളുടെ അടുത്തേക്ക് വന്നത് കാണാന്‍ സാധിക്കുമായിരുന്നു. ഇതിനെ പറ്റി ഞങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നില്ല. അതുകൊണ്ടാണ് ഞങ്ങള്‍ മുന്നോട്ട് പോയത്. എന്തുകൊണ്ടാണ് അവർ ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകാത്തതെന്ന് എനിക്കറിയില്ല, വിമാനം വെട്ടിച്ചതില്‍ ക്ഷമചോദിക്കുന്നു' എന്നാണ് പൈലറ്റ് പറയുന്നത്.
യാത്ര വിമാനത്തിന് എതിരെ വന്നത് യുഎസ് വ്യോമസേനയുടെ ബി-52 സ്ട്രാറ്റോഫോർട്രസ് ബോംബര്‍ വിമാനമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉയരത്തിലുള്ള ദൗത്യങ്ങള്‍ക്ക് പേരുകേട്ട ഇവ 50,000 അടി ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്നവയാണ്. ആണവായുധങ്ങളും പരമ്പരാഗത ആയുധങ്ങളും വഹിക്കാന്‍ ശേഷിയുള്ളാണ്. നോർത്ത് ഡക്കോട്ട സ്റ്റേറ്റ് ഫെയറിനായി, മിനോട്ട് എയര്‍ഫോഴ്സ് ബേസില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണിത്. രാജ്യാന്തര വിമാനത്താവളത്തോട് ചേര്‍ന്നാണ് ഈ വ്യോമതാവളവും.