AI Generated Image :  Meta AI

AI Generated Image : Meta AI

TOPICS COVERED

  • നടപടി ഡാലിയന്‍ പോളിടെക്നിക് സര്‍വകലാശാലയുടേത്
  • രാജ്യത്തെ നാണംകെടുത്തിയെന്ന് വാദം
  • വന്‍ വിമര്‍ശനവുമായി സമൂഹമാധ്യമങ്ങള്‍

യുക്രെയ്ന്‍ പൗരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് വിദ്യാര്‍ഥിയെ പുറത്താക്കി ചൈനീസ് സര്‍വകലാശാല. ദേശീയ താല്‍പര്യത്തിനെതിരായ കാര്യമാണ് വിദ്യാര്‍ഥിനി ചെയ്തതെന്നും രാജ്യത്തെ തന്നെ നാണംകെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കു കിഴക്കന്‍ ചൈനയിലെ ഡാലിയന്‍ പോളിടെക്നിക് സര്‍വകലാശാലയുടേതാണ് വിചിത്ര നടപടി. പുറത്താക്കപ്പെട്ട വിദ്യാര്‍ഥിനിയുടെ പേരും മറ്റു വിവരങ്ങളും സഹിതം പുറത്താക്കിയ കാരണത്തോടെയുള്ള വിശദീകരണക്കുറിപ്പും സര്‍വകലാശാല പുറത്തുവിട്ടു. ഇത് ചൈനയിലെ സമൂഹമാധ്യമങ്ങളിലും പുറത്തും വലിയ ചര്‍ച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. വിദേശികളെ കാണുമ്പോള്‍ 'ആകൃഷ്ടരായി' പോകുന്ന യുവതിക്കള്‍ക്ക് ഇത് പാഠമാകണമെന്ന് സര്‍വകലാശാലയെ പിന്തുണയ്ക്കുന്നവര്‍ സമൂഹമാധ്യമങ്ങളില്‍ കുറിക്കുമ്പോള്‍, അങ്ങേയറ്റം നീചമായ രീതിയാണിതെന്ന് മറ്റുള്ളവരും പ്രതികരിക്കുന്നു. 

വിദേശികളെ കാണുമ്പോള്‍ 'ആകൃഷ്ടരായി' പോകുന്ന യുവതിക്കള്‍ക്ക് ഇത് പാഠമാകണം

ക്യാംപസിനുള്ളില്‍ വച്ച് നടക്കുന്ന ലൈംഗിക അതിക്രമങ്ങളില്‍ പോലും നിസാര ശിക്ഷകള്‍ മാത്രം നല്‍കുമ്പോള്‍ ഇത്തരമൊരു വിഷയത്തില്‍ എന്തുകൊണ്ടാണ് കഠിനമായ ശിക്ഷയെന്ന് ചിലര്‍ ചോദ്യമുയര്‍ത്തി. വിദ്യാര്‍ഥിനിയുടെ പേരും വിവരങ്ങളും പുറത്തുവിട്ടതോടെ സ്വകാര്യത ലംഘിക്കുകയാണ് ചെയ്തതെന്നും കുറ്റകരമായ നടപടിയാണിതെന്നും ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനത്തില്‍ പറയുന്നു. ലിംഗനീതി, വ്യക്തി സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളാണ് വിദ്യാര്‍ഥിനിക്കെതിരായ നടപടിയോടെ ചര്‍ച്ചയായിരിക്കുന്നത്. 

ഡിസംബര്‍ 16നാണ് വിദ്യാര്‍ഥിനി വിദേശിയുമായി ലൈംഗികബന്ധം പുലര്‍ത്തിയതെന്നും ഇത് മോശമായ പ്രതിച്ഛായയാണ് സര്‍വകലാശാലയ്ക്കും രാജ്യത്തിനും സൃഷ്ടിച്ചതെന്നും വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു. സര്‍വകലാശാലയുടെ നിയമങ്ങള്‍ക്കനുസൃതമായ ശിക്ഷ നല്‍കുമെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. വിദേശികളുമായി അരുതാത്ത ബന്ധങ്ങളിലേര്‍പ്പെട്ട് രാജ്യത്തിന്‍റെ അന്തസിന് കോട്ടം വരുത്തുമാറ് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷനല്‍കുമെന്നാണ് സര്‍വകലാശാലയുടെ സിവിക് മൊറാലിറ്റി ചട്ടത്തില്‍ പറഞ്ഞിട്ടുള്ളത്. 

ENGLISH SUMMARY:

A Chinese university expelled a student for having sexual relations with a Ukrainian citizen, citing it as "against national interest" and "shaming the country." Dalian Polytechnic University's controversial move, reported by SCMP, has sparked widespread debate on Chinese social media