റഷ്യ– യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ഒരു വശത്ത് ആവശ്യപ്പെടുന്നതിനിടെ റഷ്യന്‍ തലസ്ഥാനമടക്കം ആക്രമിക്കാന്‍ യുക്രൈനോട് യുഎസ് ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. ദീര്‍ഘദൂരലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ സാധിക്കുന്ന ആയുധങ്ങള്‍ നല്‍കിയാല്‍ മോസ്കോയില്‍ അക്രമിക്കാന്‍ സാധിക്കുമോ എന്ന് ട്രംപ് യുക്രൈന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിനോട് ചോദിച്ചതായാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
യുക്രൈനുമായുള്ള യുദ്ധം 50 ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ 100 ശതമാനം നികുതി ബാധകമാകുമെന്ന് ട്രംപ് റഷ്യയെ ഭീഷണിപ്പെടുത്തുമ്പോഴാണ് ആക്രമിക്കാനുള്ള നിര്‍ദ്ദേശവും. എന്തുകൊണ്ടാണ് റഷ്യൻ തലസ്ഥാനത്ത് ആക്രമണം നടത്താത്തതെന്ന് ട്രംപ് സെലന്‍സ്കിയോട് ചോദിച്ചതായും വാഷിംഗ്ടൺ പോസ്റ്റും റിപ്പോർട്ട് ചെയ്തു. യുഎസ് ആവശ്യമായ ആയുധങ്ങൾ നൽകിയാൽ ഇത്തരമൊരു ആക്രമണം സാധ്യമാകുമെന്നാണ് സെലൻസ്‌കിയുടെ മറുപടി.
ട്രംപും സെലന്‍സ്കിയും തമ്മില്‍ ജൂലൈ നാലിന് നടത്തിയ ഫോണ്‍ കോളിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. മോസ്കോയും സെന്‍റ് പീറ്റേഴ്സ്ബര്‍ഗും ആക്രമിക്കാന്‍ സാധിക്കുമോ എന്നാണ് ട്രംപ് ചോദിക്കുന്നത്. റഷ്യയ്ക്ക് കാര്യമായ ക്ഷീണം വരുത്തി ചര്‍ച്ചയ്ക്ക് സമ്മതിപ്പിക്കുക എന്നതാണ് ട്രംപിന്‍റെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. ട്രംപ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിനുമായി ചര്‍ച്ച നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് സെലന്‍സ്കിയുമായി സംസാരിച്ചത്.
നിലവിൽ യുക്രെയ്നിലുള്ള 18 എടിഎസിഎംഎസ് മിസൈലുകൾ 300 കിലോമീറ്റർ പരിധിയിൽ ഉപയോഗിക്കാനുള്ള അനുമതി നല്‍കുന്നതിനൊപ്പം അധിക മിസൈലുകൾ വിതരണം ചെയ്യാനും ട്രംപ് പദ്ധതിയിടുന്നുണ്ട്. മോസ്‌കോയെയും സെന്‍റ് പീറ്റേഴ്‌സ്ബർഗിനെയും ആക്രമിക്കാൻ ശേഷിയുള്ള ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും ആയുധങ്ങളും വിതരണം ചെയ്യുന്നതിനെക്കുറിച്ച് ട്രംപ് പരിഗണിച്ചിരുന്നു. ഇതില്‍ തുടര്‍നടപടികള്‍ ഉണ്ടോയെന്നത് സംശയമാണെന്നുമാണ് റിപ്പോര്‍ട്ട്.
പുതിയ യുഎസ്– നാറ്റോ പദ്ധതി പ്രകാരം മിസൈലായും വ്യോമപ്രതിരോധ സംവിധാനമായും യുക്രൈന് കൂടുതല്‍ സൈനിക പിന്തുണ നല്‍കുമെന്ന് ട്രംപും നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടും വ്യക്തമാക്കിയിരുന്നു. ബൈഡന്‍ ഭരണകൂടമാണ് യുക്രൈന് എടിഎസിഎംഎസ് മിസൈലുകൾ അനുവദിച്ചത്. എന്നാല്‍ ഇവ റഷ്യയ്ക്ക് നേരെ ഉപയോഗിക്കാന്‍ 2024ന്‍റെ അവസാനത്തോടെ മാത്രമാണ് യുക്രൈന് അനുവാദം നല്‍കിയത്.