TOPICS COVERED

കൊറിയക്കാരുടെ നായ് സ്നേഹം എടുത്തു പറയേണ്ടതാണ് . അതുപക്ഷേ  ഒരു വളര്‍ത്തുമൃഗവും യജമാനനും തമ്മിലുള്ള  ആത്മബന്ധത്തിലധിഷ്ഠിതമായിരുന്നില്ല . കൊതിയൂറുന്ന സ്വാദില്‍ നിക്ഷിപ്തമായിരുന്നു .  ദക്ഷിണ കൊറിയക്കാരുടെ തീന്‍മേശയും പട്ടിയിറച്ചിയും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകളായുള്ളതാണ്. മാംസത്തിനായി മാത്രം പതിനായിരക്കണക്കിന് പട്ടികളെയാണ് കൊറിയയിലെ ഫാമുകളില്‍ വളര്‍ത്തിയിരുന്നത്. എന്നാല്‍ 2024ല്‍ ദക്ഷിണ കൊറിയന്‍ പാര്‍ലമെന്‍റ് പാസാക്കിയ മാംസനിരോധനനിയമം പട്ടിയിറച്ചി വിറ്റ് ജീവിക്കുന്നവരെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 2027 ഫെബ്രുവരി വരെ സര്‍ക്കാര്‍ സമയം നല്‍കിയിട്ടുണ്ടെങ്കിലും പട്ടികളെ വില്‍ക്കാന്‍ സാധിക്കാതെ വലഞ്ഞിരിക്കുകയാണ് കര്‍ഷകര്‍. 2022 ഏപ്രിലിലെ കണക്കനുസരിച്ച് ദക്ഷിണ കൊറിയയിലെ 1,100 ഫാമുകളിലായി 5,70,000 നായകളെയാണ് വളർത്തുന്നത്. 1,600 റസ്റ്ററന്‍റുകളും മാംസം ഉപയോഗിക്കുന്നുണ്ട്. 

കൊറിയക്കാരുടെ പട്ടിയിറച്ചിപ്രേമത്തിന്  നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രമുണ്ട്. വേനൽക്കാലത്ത് ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് കൊറിയക്കാർ പട്ടിയിറച്ചി കഴിച്ചിരുന്നത്. "ബോഷിൻതാങ്" (Boshintang) എന്ന് പേരുള്ള പട്ടിയിറച്ചി സ്റ്റ്യൂ അവിടുത്തെ ഒരു പ്രിയപ്പെട്ട വിഭവമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനം വരെ കൊറിയക്കാര്‍ പശുക്കൾക്ക് ഏറെ പ്രാധാന്യം നൽകിയിരുന്നതിനാൽ, അവയെ കശാപ്പ് ചെയ്യുന്നതിന് സർക്കാരിന്‍റെ അനുമതി ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ്  പട്ടിയിറച്ചി തീന്‍മേശയില്‍ ഇടംപിടിച്ചതും   അത് പ്രധാന പ്രോട്ടീന്‍ വിഭവമായി മാറിയതും

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും  പട്ടിയിറച്ചിയോടുള്ള പ്രിയം ഇപ്പോള്‍  ദക്ഷിണ കൊറിയയില്‍ കറഞ്ഞുവരികയാണ് . അതിന് പല കാരണങ്ങളുണ്ട്. വരുമാനം കൂടിയതോടെ ആളുകൾക്ക് മറ്റ് മാംസ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള ശേഷി വർദ്ധിച്ചു. നായ്ക്കളെ വളർത്തുമൃഗങ്ങളായി കാണുന്ന പ്രവണത വർദ്ധിച്ചതും അവയെ ഭക്ഷിക്കുന്നതിലുള്ള എതിർപ്പ് വ്യാപകമാകാന്‍ ഒരു കാരണമായി. മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചത് ഇറച്ചിക്കായി പട്ടികളെ വളര്‍ത്തുന്നവര്‍ക്കതിരായ  പ്രതിഷേധങ്ങള്‍ വ്യാപകമാകാനും കാരണമായി.

ദക്ഷിണ കൊറിയയിലെ യുവാക്കൾക്കിടയിൽ ഇപ്പോള്‍ പട്ടിയിറച്ചിക്ക് വലിയ പ്രിയമില്ല. പ്രായമായവരാണ് ഇത്  ഇപ്പോഴും കഴിച്ചുകൊണ്ടിരുന്നത്. കഴുത്തിൽ കയറിട്ടുതൂക്കിയും വൈദ്യുതാഘാതമേൽപ്പിച്ചുമാണ് പട്ടികളെ കശാപ്പുചെയ്യാറ്. ഇതും പലരെയും ഈ മാംസം കഴിക്കുന്നതിൽനിന്ന് പിന്നോട്ടടിപ്പിച്ചു. സോൾ ആസ്ഥാനമായി മൃഗക്ഷേമ അവബോധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയുടെ സർവേയിൽ പ്രതികരിച്ച 94 ശതമാനം പേരും കഴിഞ്ഞവർഷം പട്ടിമാംസം ഉപയോഗിച്ചില്ലെന്ന് വ്യക്തമാക്കിയിരുന്നു.

മൃഗസംരക്ഷണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലുണ്ടായ ഈ മാറ്റം ഉൾക്കൊണ്ടായിരുന്നു 2024-ൽ പട്ടിയിറച്ചി നിരോധിച്ചുകൊണ്ടുള്ള  ദക്ഷിണ കൊറിയൻ  പാര്‍ലമെന്‍റിന്‍റെ നീക്കം. പട്ടിയിറച്ചി ഉൽപാദനവും വിൽപ്പനയും നിരോധിക്കുന്ന ഒരു ബിൽ  പാർലമെന്‍റ് പാസാക്കി. 2027 ഓടെ നായ്ക്കളുടെ വിൽപ്പന, വിതരണം, കശാപ്പ് എന്നിവ പൂർണ്ണമായും നിരോധിക്കാനാണ് ഈ ബിൽ ലക്ഷ്യമിടുന്നത്. ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോളിന്റെയും പ്രഥമ വനിത കിം കിയോണിന്റെയും ശക്തമായ പിന്തുണ ഈ ബില്ലിനുണ്ടായിരുന്നു.

ഇതോടെ ഇറച്ചിക്കായി നായ്ക്കളുടെ ഫാം നടത്തിയിരുന്നവര്‍ പ്രതിസന്ധിയിലായി. പെട്ടെന്ന് പുതിയ ജോലി കണ്ടെത്തേണ്ട സ്ഥിതിയിലാണ് ഇവരില്‍ പലരും . മറ്റ് ചിലര്‍ ഭീമമായ കടക്കെണിയിലും . നിരോധനം നിലവില്‍ വരാന്‍ ഇനി 18മാസം മാത്രം ബാക്കി . ഇതിനിടെ ഇറച്ചിക്കായി വളര്‍ത്തിയ നായ്ക്കളെ മുഴുവന്‍ വിറ്റ് ഒഴിവാക്കണം . അതിനു കഴിഞ്ഞില്ലെങ്കില്‍ ഫാമുകളില്‍ നിന്ന് അവയെ ഒഴിപ്പിക്കണം . നിയമം പാലിക്കാത്തവര്‍ക്ക് രണ്ടുവര്‍ഷം  തടവാണ് ശിക്ഷ.  ഈ പ്രതിസന്ധി എങ്ങിനെ മറികടക്കണമെന്ന കാര്യത്തില്‍   ഫാം ഉടമകള്‍ക്ക് മാത്രമല്ല  സര്‍ക്കാരിനോ മൃഗസ്നേഹികള്‍ക്കോ ഒരാശയയം മുന്നട്ടുവയ്ക്കാനില്ല കൃത്യമായ ആസൂത്രണമില്ലാതെ നിയമം പാസാക്കിയതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും ആക്ഷേപമുണ്ട്. ഫാമുകളില്‍ നിന്നുള്ള നായ്ക്കളെ ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് ഹ്യൂമൻ വേൾഡ് ഫോർ ആനിമൽസ് കൊറിയ അധികൃതര്‍ പറയുന്നത്. നിരോധനം മൂലം പെരുവഴിയിലാകുന്ന നായ്ക്കളെ എങ്ങനെ സംരക്ഷിക്കും എന്നത് കൊറിയന്‍ സര്‍ക്കാരിനും തലവേദനയാകും. 

നായ്ക്കളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് കൊണ്ടുപോകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അത്രയേറെ നായ്ക്കളുടെ പുനരധിവാസം പ്രായോഗിക പ്രശ്നങ്ങളുണ്ടാക്കും. എന്നാല്‍ ദയാവധം പദ്ധതിയുടെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം പശു, പന്നി, കോഴി എന്നിവയുടെ മാംസം അനുവദനീയമായിരിക്കേ നായ്ക്കള്‍ക്കുമാത്രമുള്ള നിരോധനം എന്തിനെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

ENGLISH SUMMARY:

the dog meat ban law passed by the South Korean Parliament in 2024 has placed those who depended on dog meat sales in a crisis. Although the government has provided a grace period until February 2027, farmers are struggling as they are unable to sell dogs. According to data from April 2022, 570,000 dogs were being raised across 1,100 farms in South Korea, and 1,600 restaurants were using dog meat