ദക്ഷിണ കൊറിയയിലെ മുൻ പ്രഥമ വനിത കിം കിയോൺ ഹിയെ അഴിമതി കേസിൽ 20 മാസം തടവ് ശിക്ഷ വിധിച്ചു. സോളിലെ കോടതി ആണ് നിർണായക വിധി പുറപ്പെടുവിച്ചത്. യുണിഫിക്കേഷൻ ചർച്ച് അധികൃതരിൽ നിന്ന് ഡയമണ്ട് ആഭരണങ്ങളും ആഡംബര ബാഗുകളും സ്വീകരിച്ചെന്നാണ് കേസ്.
അധികാര സ്വാധീനം ദുരുപയോഗം ചെയ്തതായും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. നീണ്ട നിയമ നടപടികൾക്കൊടുവിലാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്.
വിധി പുറത്തുവന്നതോടെ ദക്ഷിണ കൊറിയൻ രാഷ്ട്രീയ രംഗത്ത് വലിയ പ്രതികരണങ്ങളാണ് ഉയരുന്നത്. ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ ശക്തമായ വാഗ്വാദങ്ങളും തുടരുകയാണ്. ചിലർ വിധിയെ നീതിന്യായ സംവിധാനത്തിന്‍റെ വിജയം എന്ന നിലയിൽ സ്വാഗതം ചെയ്തു.
അതേസമയം, മുൻ പ്രഥമ വനിതയുടെ അഭിഭാഷകർ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അറിയിച്ചു. ശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കേസ് രാജ്യത്ത് ഭരണഘടനാ മൂല്യങ്ങളും രാഷ്ട്രീയ ശുദ്ധിയും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും വേഗം കൂട്ടിയിരിക്കുകയാണ്.
2024 ഡിസംബറിൽ പട്ടാളനിയമം പ്രഖ്യാപിച്ചതിലൂടെ വിവാദത്തിലായിരുന്ന മുൻ പ്രസിഡന്റ് യൂൻ സുക് യോളിനെ കഴിഞ്ഞ വർഷം പാർലമെന്റ് പുറത്താക്കുകയും അഞ്ച് വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. 2024 ഡിസംബറിൽ ദക്ഷിണ കൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിച്ച് വിവാദത്തിലായ യുൻ സുക്കിനെ കഴിഞ്ഞ വർഷമാണ് പാർലമെന്റ് ഇംപീച്ച് ചെയ്തു പുറത്താക്കിയത്. യുൻ സുക്കും 5 വർഷം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.