സ്പെയിനിലെ പാൽമ ഡി മല്ലോർക്ക വിമാനത്താവളത്തിൽ വിമാനത്തില്‍ നിന്ന് എമര്‍ജന്‍സി വിന്‍ഡോ വഴി പുറത്തേക്ക് ചാടിയ 18 പേര്‍ക്ക് പരിക്ക്. വിമാനത്തിൽ തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് യാത്രക്കാര്‍ പുറത്തെത്തിറങ്ങാന്‍ ശ്രമിക്കവേയാണ് അപകടം. ശനിയാഴ്ച വിമാനം മാഞ്ചസ്റ്ററിലേക്ക് പുറപ്പെടാന്‍ തുടങ്ങവേ, ടേക്കോഫിന് തൊട്ടുമുന്‍പാണ് സംഭവം. റയാനെയർ ബോയിങ് 737 വിമാനത്തിലാണ് ഫയര്‍ അലാം മുഴങ്ങിയത്.
വിമാനത്തില്‍ തീപിടിത്ത മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ അഗ്നിശമനസേനാ വിഭാഗങ്ങളടക്കം അടിയന്തര സംവിധാനങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് യാത്രക്കാരെ എമര്‍ജന്‍സി എക്സിറ്റുകള്‍ വഴിയാണ് ഒഴിപ്പിച്ചത്. ഇതിനിടയിലാണ് പരിഭ്രാന്തരായ ചില യാത്രക്കാര്‍ സുരക്ഷിത സ്ഥാനത്തേക്ക് എത്താൻ ചിറകുകളിലേക്കിറങ്ങി താഴോട്ട് ചാടിയത്. സംഭവത്തില്‍ പരിക്കേറ്റ 18 പേരില്‍ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. മറ്റുള്ളവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കുകയായിരുന്നു.
അപകടത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യാത്രക്കാർ പരിഭ്രാന്തരായി വിമാനത്തിൽ നിന്ന് ചാടുന്നത് വിഡിയോയില്‍ വ്യക്തമാണ്. അതേസമയം, തീപ്പിടിത്തം ഉണ്ടാകുമ്പോള്‍ തെളിയുന്ന ബീക്കണ്‍ ലൈറ്റ് തെറ്റായി കത്തിയതാണെന്നും വിമാനത്തിന് മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും എയർലൈൻ പിന്നീട് സ്ഥിരീകരിച്ചു.