പ്രതീകാത്മക ചിത്രം
ഷാങ്ഹായിയില്‍ നിന്നും ടോക്യോയിലേക്ക് പറന്ന ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനം 26,000അടി ഉയരം താഴേക്ക് കൂപ്പുകുത്തി. സംഭവത്തെത്തുടര്‍ന്ന് ബോയിംഗ് 737 വിമാനത്തിലെ യാത്രക്കാർക്ക് ഓക്സിജൻ മാസ്കുകൾ ഉപയോഗിക്കേണ്ടി വന്നതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.
ജപ്പാൻ എയർലൈൻസിന്റെ ലോ-കോസ്റ്റ് സഹസ്ഥാപനമായ സ്പ്രിംഗ് ജപ്പാനുമായി കോഡ്-ഷെയർ കരാറിലുള്ള വിമാനമാണ് തിങ്കളാഴ്ച കാൻസൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കേണ്ടിവന്നത്. യാത്രക്കിടെ ഉണ്ടായ സാങ്കേതിക പ്രശ്നമാണ് വിമാനം അടിയന്തരമായി ഇറക്കാന്‍ കാരണം.
191 യാത്രക്കാരും ക്രൂ അംഗങ്ങളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 36,000 അടി ഉയരത്തില്‍ നിന്നും പത്ത് മിനിറ്റിനുള്ളില്‍ 10,500 അടി ഉയരത്തിലേക്കാണ് വിമാനം കൂപ്പുകുത്തിയത്. പെട്ടെന്നുണ്ടാകുന്ന മര്‍ദ്ദവ്യത്യാസം പലപ്പോഴും ചിലര്‍ക്കെങ്കിലും ബോധം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കും. ഇതു മറികടക്കാനായി യാത്രക്കാരോടെല്ലാം ഓക്സിജന്‍ മാസ്ക് ധരിക്കാന്‍ ക്രൂ നിര്‍ദേശം നല്‍കി. ഒടുവില്‍ പൈലറ്റുമാര്‍ സുരക്ഷിതമായി വിമാനം നിലത്തിറക്കിയിട്ടും ജീവന്‍ തിരിച്ചുകിട്ടിയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു യാത്രക്കാരുടെ പ്രതികരണം.
‘വിമാനം അതിവേഗത്തില്‍ താഴേക്ക് കുതിക്കുകയായിരുന്നു, ശരീരം ഇവിടെയെത്തി, പക്ഷേ മനസ് ഇപ്പോഴും നിയന്ത്രണത്തിലായില്ല, മരണം മുന്നില്‍ കണ്ടു, കാലുകള്‍ ഇപ്പോഴും വിറയ്ക്കുന്നു’, ഇങ്ങനെ പലതായിരുന്നു ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ശേഷം യാത്രക്കാര്‍ക്ക് പറയാനുണ്ടായിരുന്നത്. തന്റെ ഇന്‍ഷുറന്‍സ് വിവരങ്ങളും ബാങ്ക് കാര്‍ഡ് പിന്‍ നമ്പറുകളും സ്വത്തിടപാടിന്റെ കാര്യത്തില്‍ തീരുമാനമാക്കിയതും നന്നായെന്ന് പോലും ചിന്തിച്ചെന്നും ഒരു യാത്രക്കാരന്‍ പറയുന്നു.
ആര്‍ക്കും അപകടമൊന്നുമേല്‍ക്കാതെയാണ് ഒസാകയില്‍ വിമാനം നിലത്തിറക്കിയത്. ഈ സംഭവത്തോടെ ബോയിങ് 737 സീരിസില്‍പ്പെട്ട വിമാനങ്ങളുടെ സുരക്ഷയും ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ദക്ഷിണകൊറിയയില്‍ ജെജു എയര്‍ബോയിങ് 737–800 വിമാനം തകര്‍ന്ന് 179പേര്‍ കൊല്ലപ്പെട്ടത്. 2022ലും ഇതേ സീരീസില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍ വിമാനം MY4735ദുരന്തത്തില്‍ 132 യാത്രക്കാരാണ് അന്ന് കൊല്ലപ്പെട്ടത്.
Google Trending Topic: japan airlines flight