റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് സെനറ്റിൽ ഡോണൾഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് അംഗീകാരം. യുഎസിലെ പുതിയ നികുതി ബില്‍ സെനറ്റ് പാസാക്കി. അന്‍പതിനെതിരെ അന്‍പത്തൊന്നുവോട്ടുകള്‍ക്കാണ് സെനറ്റ് പാസാക്കിയത്. മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ എതിര്‍ത്ത് വോട്ടുചെയ്തതിനാല്‍ വോട്ട് ഒപ്പത്തിനൊപ്പമായതോടെ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് വോട്ടവകാശം വിനിയോഗിച്ചു. ഇതോടെയാണ് ‘ദ് വൺ ബിഗ്, ബ്യൂട്ടിഫുൾ’ സെനറ്റ് കടന്നത്.
നിയമഭേദഗതികള്‍ അംഗീകരിച്ചതിനാല്‍ ബില്‍ വീണ്ടും ജനപ്രതിനിധി സഭ പാസാക്കേണ്ടിവരും. അതിന് ശേഷം പ്രസിഡന്റ് അംഗീകരിക്കുന്നതോടെ ബില്‍ നിയമമാകും. സൈന്യത്തിനും അതിര്‍ത്തി സുരക്ഷയ്ക്കും കൂടുതല്‍ തുക ചെലവാക്കുന്ന പുതിയ നികുതി ബില്‍ യുഎസിന്‍റെ പൊതുകടം കുത്തനേ കൂട്ടുമെന്നാണ് വിലയിരുത്തല്‍.
സാമൂഹിക ക്ഷേമ പദ്ധതികൾ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തിൽ 3 ട്രില്യൺ ഡോളർ കൂട്ടിച്ചേർക്കാനും ഉദ്ദേശിച്ചുള്ള ബില്ലാണ് ട്രംപ് അവതരിപ്പിച്ചത്. ഏകദേശം 1,000 പേജുള്ള നിയമനിർമാണത്തിൽ സെനറ്റർമാർ നിരവധി ഭേദഗതികൾ ആവശ്യപ്പെടുകയും ചർച്ച നടത്തുകയും ചെയ്തതോടെയാണ് വോട്ടെടുപ്പ് നീണ്ടത്. ഡെമോക്രാറ്റ് അംഗങ്ങളുടെ ശക്തമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും, റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിയ ഭൂരിപക്ഷമുള്ള സെനറ്റിനുള്ളിൽ ഡൊണള്‍ഡ് ട്രംപ് വിജയം കൈവരിക്കുകയായിരുന്നു.