തകര്‍ന്നു തരിപ്പണമായ രാജ്യം. 13 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധങ്ങള്‍, ഐഎസ് ഉള്‍പ്പെടെ ഭീകരസംഘങ്ങളുടെ സാന്നിധ്യം. 2023ലെ ഭൂകമ്പം. സാമ്പത്തിക, വ്യാപാര ഉപരോധങ്ങളില്‍ പൂട്ടപ്പെട്ട്, ഒറ്റപ്പെട്ട്, സര്‍വത്ര താറുമാറാണ് സിറിയ. കരകയറല്‍ ആ ജനതയുടെ സ്വപ്നമാണ്. അത് യാഥാര്‍ഥ്യമാകാനുള്ള ഏകവഴിയാണ് യുഎസിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. സിറിയക്ക് രാജ്യാന്തരതലത്തില്‍ ഒറ്റപ്പെടുത്തിയ ഉപരോധങ്ങള്‍ അയയ്ക്കുക. പക്ഷേ മുന്നിലുളള വെല്ലുവിളികള്‍ ചില്ലറയല്ല. അതില്‍ ഏറ്റവും പ്രധാനം പുനര്‍നിര്‍മാണം തന്നെയാണ്.
അതിജീവനം അത്യാവശ്യം
സിറിയന്‍ ജനതയുടെ 90 ശതമാനവും കൊടിയ ദാരിദ്ര്യത്തിലാണ്. 16 മില്യണ്‍ ആളുകള്‍ക്ക് ഭക്ഷണവും മരുന്നുമടക്കം അടിയന്തരസഹായം വേണം. ഉപരോധങ്ങള്‍ക്ക് നടുവിലായതിനാല്‍ പുറത്ത് നിന്നുള്ള ഒരു സഹായവും സിറിയന്‍ ജനതയ്ക്ക് കിട്ടിയില്ല. പല യൂറോപ്യന്‍ രാജ്യങ്ങളും സിറിയക്കാര്‍ക്ക് പ്രവേശനം വിലക്കിയിരുന്നു. അറബ് രാജ്യങ്ങള്‍ സഹായസന്നദ്ധരായിരുന്നുവെങ്കിലും ഉപരോധങ്ങള്‍ പ്രതിബന്ധമായി. സിറിയൻ സെൻട്രൽ ബാങ്ക് വരെ യുഎസിന്‍റെ വിലക്കിലായിരുന്നു. പുനര്‍നിര്‍മാണത്തിന് സൗദിയടക്കം സമ്പന്നമായ അറബ് രാജ്യങ്ങളില്‍ നിന്നുള്ള സഹായത്തില്‍ കണ്ണ് നട്ടിരിക്കുകയാണ് സിറിയ.
അല്‍ –ഷരായെ വിശ്വസിക്കാമോ?
54 വര്‍ഷം നീണ്ട അസദ് കുടുംബവാഴ്ച അവസാനിപ്പിച്ചാണ് അല്‍ ഷരായുടെ നേതൃത്വത്തില്‍ എച്ച് ടിഎസ് സിറിയയില്‍ അധികാരം പിടിച്ചത്. പക്ഷേ അല്‍ ഷരയുടെ ചരിത്രം സിറിയന്‍ ജനതയ്ക്ക് അത്ര പ്രതീക്ഷ നല്‍കുന്നതല്ല. അല്‍ ഖ്വായിദയുടെ സിറിയന്‍ വിങ്ങായിരുന്ന അല്‍ നുസ്ര ഫ്രണ്ടിന്‍റെ തലവനായിരുന്നു അബു മുഹമ്മദ് അല്‍ ജുലാനി. അല്‍ ഖ്വായിദ ബന്ധങ്ങള്‍ അവസാനിപ്പിച്ച ജുലാനി, പേരുമാറി അല്‍ഷരാ ആയി. ഇപ്പോള്‍ മിതവാദിയുടെ കുപ്പായത്തിലാണ്. അത് യഥാര്‍ഥമാണോയെന്ന് തിരിച്ചറിയാനുള്ള അവസരം കൂടിയാണിത്. എച്ച്ടിഎസിനെതിരെ മധ്യസിറിയയിലെ കുര്‍ദുകളുള്‍പ്പെടെ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. ഇത്തരം പ്രതിഷേധങ്ങളോട് അസദിന്‍റെ സമീപനം തന്നെ ഷരാ സ്വീകരിച്ചാല്‍ കാര്യങ്ങള്‍ വീണ്ടും കൈവിട്ടുപോകും. രണ്ടുവര്‍ഷം മുന്‍പ് ഒരുകോടി രൂപ യുഎസ് തലയ്ക്ക് വിലയിട്ട ഷരായുമായി യുഎസ് കൈകോര്‍ത്തത് വന്‍ വൈരുധ്യമാണ്. മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തില്‍ സൗദിയില്‍ നടന്ന ചര്‍ച്ചകളില്‍ സിറിയയോട് യുഎസ് കാട്ടിയ അനുഭാവത്തിന് പിന്നില്‍ ഷരായോടോ സിറിയയോടോ ഉള്ള സ്നേഹമല്ലെന്ന് വ്യക്തം. ട്രംപിന്‍റെ കണ്ണ് സിറിയയിലെ എണ്ണശേഖരത്തിലാണ്.
യുഎസിന്‍റെ ലക്ഷ്യമെന്ത്?
ലോകത്തെ ഭീകരവാദത്തിന്‍റെ സ്പോണ്‍സര്‍ സിറിയയാണ് എന്നായിരുന്നു യുഎസ് നിലപാട്. കൊടുംഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎസ് തലയ്ക്ക ഒരുകോടി വിലയിട്ടയാളാണ് സിറിയയുടെ ഇടക്കാല പ്രസിഡന്‍റ്. എന്നിട്ടും യുഎസിന്‍റെ ഈ മനംമാറ്റത്തിന് പിന്നില്‍ ട്രംപും ട്രംപിന്‍റെ കച്ചവട താല്‍പ്പര്യങ്ങളുമാണ്. സിറിയയില്‍ നിന്നുള്ള എണ്ണ, വാതകശേഖരത്തിന്‍റെ വിപണനമാണ് ലക്ഷ്യം. യുഎസ് കമ്പനികളോട് സിറിയയില്‍ നിക്ഷേപത്തിന് ഷരാ ക്ഷണിക്കുകയും ചെയ്തു. മറ്റൊന്ന് സിറിയയുടെ എക്കാലത്തെയും ശത്രുവായ ഇസ്രയേലിനോട് രമ്യതപ്പെടണമെന്ന ട്രംപിന്‍റെ ആവശ്യമാണ്. ഇതിനൊരു കരാര്‍ തയാറാക്കിയിട്ടുമുണ്ട്. ആ ഉപാധിയും സിറിയ ഏറെക്കുറെ അംഗീകരിച്ചിട്ടുണ്ട്.
ഭീകരതാവളമാകുമോ വീണ്ടും ?
ജൂണ്‍ 22ന് ദമാസ്കസിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 25 പേരാണ് മരിച്ചത്. 60 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച പ്രാര്‍ഥനയ്ക്കിടെയുണ്ടായ ചാവേര്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഐഎസ് മാത്രമല്ല ചെറുതും വലുതുമായ ഒട്ടേറെ ഭീകരസംഘടനകള്‍ക്ക് ഇപ്പോഴും വളക്കൂറുള്ള മണ്ണാണ് സിറിയ. പുറത്താക്കപ്പെട്ട ഭരണാധികാരം ബാഷര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്നവരുണ്ടാക്കുന്ന വിമതഗ്രൂപ്പുകള്‍ വേറെയും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുമെന്നൊക്കെയാണ് അല്‍ ഷരാ നിലവില്‍ പറയുന്നത്. അല്‍ ഖ്വായിദ പോലൊരു ഭീകരസംഘടനയില്‍ പ്രവര്‍ത്തിച്ചയാളുടെ മനംമാറ്റത്തില്‍ എത്ര ആത്മാര്‍ഥതയുണ്ടെന്ന ചോദ്യത്തിന്‍റെ ഉത്തരം ഭീകരസംഘടനകളോട് ഷരാ സ്വീകരിക്കുന്ന നിലപാട് പറയും. അതിന് സിറിയയില്‍ ഷരാ ചുവടുറപ്പിക്കും വരെ കാത്തിരിക്കേണ്ടി വരും. അതിജീവനത്തിനായി യുദ്ധം ചെയ്യാനുള്ള അവസാന അവസരമാണ് സിറിയയ്ക്കിനി.