കഗാഷിമ ദ്വീപ് (File Photo: AP)

ജൂലൈ അഞ്ചിന് ജപ്പാനെ പിടിച്ചുലയ്ക്കുന്ന മഹാദുരന്തമുണ്ടാകുമെന്ന ബാബ വാന്‍ഗയുടെ പ്രവചനത്തില്‍ ആശങ്കയില്‍ ജനം. പ്രവചനത്തില്‍ പറഞ്ഞിരുന്നത് പോലെ അഞ്ഞൂറോളം ചെറു ചലനങ്ങള്‍ ടൊകാര ദ്വീപിനെ പിടിച്ചു കുലുക്കിയതോടെയാണ് വാന്‍ഗ പറഞ്ഞത് സത്യമാകുമോയെന്ന് ചിലരെങ്കിലും ആശങ്കപ്പെടുന്നത്. ശനിയാഴ്ച മുതലിങ്ങോട്ട് മാത്രമാണ് 500  ലേറെ ഭൂചലനങ്ങള്‍ ടൊകാരയില്‍ അനുഭവപ്പെട്ടത്. തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ കഗോഷിമ ദ്വീപസമൂഹത്തിലുള്ള ദ്വീപാണ് ടൊകാര. അടിക്കടിയുണ്ടായ ഭൂചലനങ്ങളിലും സാരമായ നാശനഷ്ടങ്ങള്‍ ദ്വീപിലുണ്ടായില്ലെന്നതാണ് ആശ്വാസം. ദ്വീപും പരിസര പ്രദേശങ്ങളും അതിസൂക്ഷ്മമായി നിരീക്ഷിച്ചു വരിയാണെന്ന് ജപ്പാന്‍റെ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നഗരങ്ങള്‍ കടലില്‍ വീഴും, വെള്ളം തിളച്ച് മറിയും, വലിയ തിരമാലകള്‍ കൂറ്റന്‍ സൂനാമി എന്നിവയുണ്ടാകും. അത് തൊഹുക്കുവില്‍ 2011 ല്‍ ഉണ്ടായതിലും ഭയങ്കരമാകുമെന്നാണ് റയോ തത്സുകി  'ഞാന്‍ കണ്ട ഭാവി' എന്ന പുസ്തകത്തില്‍ പറയുന്നത്. Also Read: ജപ്പാനെ തേടി മഹാദുരന്തമോ? വാംഗയുടെ പ്രവചനം യാഥാര്‍ഥ്യമാകുന്നോ?

പ്രവചനം നടത്തിയ റയോ തത്സുകി

ഭയന്ന് ജനങ്ങള്‍; ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍

ശനിയാഴ്ച മുതല്‍ കഗോഷിമയില്‍ നിന്ന് നിരന്തരം ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ജപ്പാനിലെങ്ങും ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ജൂലൈ അഞ്ചിന് നാല് ദിവസം കൂടിയേ ശേഷിക്കുന്നുള്ളൂവെന്നതാണ് കാരണം. നിലവിലെ വാന്‍ഗയെന്ന് അറിയപ്പെടുന്ന റയോ തത്സുകിയുടെ പ്രവചനം യാഥാര്‍ഥ്യമാകുന്നതിന്‍റെ ലക്ഷണങ്ങളാണോ ഇതെന്നാണ് വിശ്വാസികള്‍ ആശങ്കപ്പെടുന്നത്. അതേസമയം, ആശങ്കപ്പെടേണ്ടതില്ലെന്നും ശാസ്ത്രീയമായ അടിത്തറ ഇത്തരം പ്രവചനങ്ങള്‍ക്കില്ലെന്നും ജപ്പാന്‍ ഭരണകൂടം ജനങ്ങള്‍ക്കായി പുറപ്പെടുവിച്ച സന്ദേശത്തില്‍ വ്യക്തമാക്കി.

കോമിക് ഇല്ലസ്ട്രേറ്ററായിരുന്ന റയോ തത്സുകി 1999 ലാണ്, 2025 ജൂലൈ 5ന്  സമുദ്രത്തിനടിയിലെ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുമെന്ന് വിവരിച്ച് പുസ്തകമിറക്കിയത്.  2011 വരെ റയോയുടെ പ്രവചനം ആരും കാര്യമായെടുത്തിരുന്നില്ല. എന്നാല്‍ 2011 ലെ തൊഹുകു ഭൂചലനവും സുനാമിയും റയോ നേരത്തെ തന്നെ വരച്ച് പുറത്തിറക്കിയത് കണ്ടെത്തിയതോടെ ജപ്പാന്‍ ഞെട്ടി. 1995 ലെ കോബെ ഭൂകമ്പവും കോവിഡ് മഹാമാരിയും റയോ പ്രവചിച്ചതാണെന്ന് അനുയായികള്‍ അവകാശപ്പെടുന്നു. പ്രവചനങ്ങള്‍ ഫലിച്ചെന്ന വാര്‍ത്ത പരന്നതിന് പിന്നാലെ പുസ്തകത്തിന്‍റെ 900,000 കോപ്പികളാണ് വിറ്റഴിഞ്ഞത്. ആളുകള്‍ റയോയെ ജാപ്പനീസ് ബാബ വാന്‍ഗയെന്നും വിളിക്കാന്‍ തുടങ്ങി.

ജപ്പാന്‍ നിരന്തരം 'കുലുങ്ങാന്‍' കാരണമെന്ത്? 

പസഫിക് റിങ് ഓഫ് ഫയറിലാണ് ജപ്പാന്‍ ഉള്‍പ്പെടുന്ന ഭൂഭാഗം വരുന്നത്. നാല് പ്രധാന ഭൗമശിലാഫലകങ്ങള്‍ കൂടിച്ചേരുന്ന ഭാഗമാണിത്.  ഈ ഫലകങ്ങളുടെ ചലനത്തെ തുടര്‍ന്ന് വര്‍ഷം തോറും ആയിരത്തിയഞ്ഞൂറിലേറെ ഭൂചലനങ്ങള്‍ ജപ്പാനില്‍ അനുഭവപ്പെടാറുണ്ട്. അതായത് ലോകത്തുണ്ടാകുന്ന ഭൂചലനങ്ങളുടെ 18 ശതമാനവും ജപ്പാനിലാണ് സംഭവിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ചെറുചലനങ്ങളാണ്. അപൂര്‍വം ചിലത് വലിയ നാശങ്ങളും സൃഷ്ടിക്കാറുണ്ട്. 

ദിവസങ്ങള്‍ക്കുള്ളില്‍ ഭൂകമ്പ മാപിനിയില്‍ ആറുവരെ തീവ്രത അനുഭവപ്പെട്ടേക്കാവുന്ന ഭൂചലനത്തിന് സാധ്യതയുണ്ടെന്നാണ് നിലവിലെ ജപ്പാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ സമുദ്രത്തിനടിയിലെ അഗ്നിപര്‍വതങ്ങളെ കുറിച്ച് പഠിക്കുന്ന വിദഗ്ധനായ യൂകോസ് പറയുന്നത്. അതുകൊണ്ട് തന്നെ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, നിലവില്‍ ഉണ്ടായ അഞ്ഞൂറോളം ചലനങ്ങള്‍ വിനാശകരമായ ഭൂചനമുണ്ടാക്കാന്‍ പര്യാപ്തമാണെന്ന് പറയാന്‍ കഴിയില്ലെന്നും ജപ്പാനിലെ പതിവ് ഭൂകമ്പ സാധ്യത പ്രദേശങ്ങളില്‍ നിന്ന് അകലെയാണ് കഗോഷിമ ദ്വീപെന്നും യൂകോസ് ചൂണ്ടിക്കാട്ടുന്നു.

ENGLISH SUMMARY:

Public anxiety is growing in Japan as over 500 small earthquakes have rocked the Tokara Islands since Saturday, fueling fears about Baba Vanga's prophecy of a major disaster on July 5. The quakes occurred in Kagoshima, Southwestern Japan.