പ്രിയപ്പെട്ട വളർത്തുനായ ബീസ്റ്റിന്റെ വേർപാട് അറിയിച്ച് ഫെയ്സ്ബുക് സ്ഥാപകൻ മാർക്ക് സക്കർബർഗ്. സ്വർഗത്തിൽ സന്തോഷത്തോടെയിരിക്കൂ എന്ന അടിക്കുറിപ്പോടെയാണ് ബീസ്റ്റിന്‍റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. 14 വയസ്സുള്ള ഹംഗേറിയൻ ഷീപ് ഡോഗ് ആണ് ബീസ്റ്റ്. സക്കർബർഗിനെ പിന്തുടരുന്നവർക്ക് എല്ലാം ഏറെ പരിചിതനാണ് വളർത്തുനായയും.
വെളുത്ത നിറത്തിൽ നീളമുള്ള രോമങ്ങളുള്ള ബീസ്റ്റിനു ആരാധകർ ഏറെയാണ്. ഈ രോമങ്ങളുടെ പ്രത്യേകതകൾ കൊണ്ട് തന്നെ പലപ്പോഴും ചവിട്ടിയായും നിലംതുടക്കുന്ന മോപ്പ് ആയും ഒക്കെ അവനെ തെറ്റിദ്ധരിയ്ക്കാറുമുണ്ട്. ഫെയ്‌സ്ബുക്കിൽ 2.3മില്യൺ ഫോളോവേഴ്സും ബീസ്റ്റിനുണ്ട്. സക്കർബർഗിനും ഭാര്യ പ്രിസില്ലക്കും മക്കൾക്കും ഒപ്പമുള്ള ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം ഈ പേജിൽ കാണാം. പലപ്പോഴും ഫെയ്‌സ്ബുക്ക് ആസ്ഥാനത്തും കക്ഷി കൂടെപ്പോകാറുണ്ട്.
സക്കർബർഗിന്റെയും കുടുംബത്തിന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേർന്ന് ഒട്ടേറെ പേർ കമന്റുമായി എത്തി. വളർത്തുമൃഗങ്ങളുടെ വേർപാട് വിവരിക്കാനാവാത്ത വിധം വേദന ഉണ്ടാക്കുന്നത് ആണെന്നും അത് സഹിക്കാനുള്ള ശക്തി ഉണ്ടാവട്ടെ എന്നും മിക്കവരും കുറിച്ചു.