ഇറാനുനേരെ അമേരിക്ക നടത്തിയ ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമറുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ പെന്‍റഗണ്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയ വ്യക്തിയെ തേടിക്കൊണ്ടിരിക്കുകയാണ് വൈറ്റ് ഹൗസ്. ഇറാന്‍റെ ആണവക്കോട്ടയായ ഫോർഡോ ഉള്‍പ്പെടെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ ബോംബുകൾ വർഷിച്ചതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം ഡിഫൻസ് ഇന്റലിജൻസ് ഏജൻസി (ഡിഐഎ) തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തായത്. തിങ്കളാഴ്ച ഇറാനും ഇസ്രയേലും വെടിനിർത്തലിന് സമ്മതിക്കുന്നതിന് മുമ്പാണ് റിപ്പോര്‍ട്ട് ചോര്‍ന്നത്.
പിന്നാലെ ആരാണ് റിപ്പോര്‍ട്ട് ചോര്‍ത്തിയത് എന്ന് തനിക്കറിയാമെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. യാതൊരു തെളിവുകളുമില്ലാതെ തന്നെ ഡെമോക്രാറ്റുകൾക്കെതിരെ ആരോപണം ഉന്നയിക്കുകയാണ് ട്രംപ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടവരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും ട്രംപിന്‍റെ ഭീഷണിയുണ്ട്. ‘ഇറാനിലെ ആണവ കേന്ദ്രങ്ങളിലേക്കുള്ള പെർഫെക്റ്റ് ഫ്ലൈറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തി നൽകിയത് ഡെമോക്രാറ്റുകളാണ്. അവരെ പ്രോസിക്യൂട്ട് ചെയ്യണം’ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
എന്താണ് പെന്‍റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്?
ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമറിന് പിന്നാലെ ഇറാന്റെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ ശാലയും രാജ്യത്തിന്‍റെ ആണവക്കോട്ടയുമായ ഫോർഡോയെയും പൂര്‍ണമായും ഇല്ലാതാക്കിയതായാണ് ട്രംപ് തുടക്കത്തില്‍ വാദിച്ചത്. എന്നാല്‍ ഡിഐഎ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നത് തുടക്കത്തിൽ അവകാശപ്പെട്ടതുപോലെ ആക്രമണങ്ങൾ ഇറാന്റെ ആണവ പദ്ധതിയെ തടസ്സപ്പെടുത്തിയിരിക്കില്ല എന്നാണ്. ഇതോടെ റിപ്പോര്‍ട്ട് ലോകമാകെ ചര്‍ച്ചയാകുകയും ഇത് ട്രംപിനെയും അമേരിക്കയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പ്രകോപിപ്പിക്കുകയും ചെയ്തു.
റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്നാണ് ട്രംപും ഭരണകൂടവും വാദിക്കുന്നത്. സിഐഎ, നാഷണൽ സെക്യൂരിറ്റി ഏജൻസി (എൻഎസ്എ) എന്നിങ്ങനെ മറ്റ് ഇന്റലിജൻസ് ഗ്രൂപ്പുകളില്‍ നിന്നുള്ള സംഭാവനകളില്ലാതെയാണ് ഡിഐഎ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് പ്രാഥമിക വിവരങ്ങളെ മാത്രം ആശ്രയിച്ചാണെന്നും, പൂർണ്ണമായ വിലയിരുത്തൽ ആയിരുന്നില്ലെന്നും വൈറ്റ് ഹൗസ് പറയുന്നു. ഒരു ദിവസത്തെ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് നടന്നത്, ആക്രമണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു അത്, അതിനാൽ വ്യക്തമായും പൂർണ്ണമായ ഒരു വിലയിരുത്തലല്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇറാന്റെ സമ്പുഷ്ടമായ യുറേനിയം ശേഖരം ഫോർഡോയിൽ മാത്രം കേന്ദ്രീകരിച്ചിട്ടില്ലാത്തതിനാൽ അതിൽ ഭൂരിഭാഗവും അമേരിക്കയ്ക്ക് സ്പര്‍ശിക്കാന്‍ പോലും ആയില്ലെന്ന് യൂറോപ്യൻ ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് പറയുന്നതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഈ അവകാശവാദങ്ങൾ നിരാകരിക്കുകയും അമേരിക്കയുടെ വിജയം കുറച്ച് കാണിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതായി കുറ്റപ്പെടുത്തുകയുമുണ്ടായി.
അതേസമയം ഇറാന്റെ ആണവ പദ്ധതിക്ക് കാര്യമായ നാശം സംഭവിച്ചിട്ടുണ്ടെന്നും അത് വീണ്ടെടുക്കാൻ വർഷങ്ങളെടുക്കുമെന്നുമാണ് പുതിയ ഇന്റലിജൻസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വ്യോമാക്രമണങ്ങൾ ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾക്ക് ഗുരുതരമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.