പ്രതീകാത്മക ചിത്രം (ഫയല്‍)

2025 ജൂലൈയില്‍ ജപ്പാനില്‍ വലിയൊരു ദുരന്തമുണ്ടാകുമെന്ന 'പുതിയ ബാബ വാംഗ' എന്നറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ജപ്പാനെയും ജപ്പാന്‍റെ ടൂറിസം മേഖലയെയും ഇത് തെല്ലൊന്നുമല്ല പിടിച്ചുലച്ചത്. എന്നാല്‍ ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ അടുത്തിടെ വന്ന റിപ്പോര്‍ട്ടില്‍ തെക്കൻ ജപ്പാനിലെ ഒരു വിദൂര ദ്വീപസമൂഹത്തിൽ ശനിയാഴ്ച മുതൽ 470-ലധികം ഭൂകമ്പങ്ങൾ ഉണ്ടായതായി പറയുന്നുണ്ട്. ഇതിന് പിന്നാലെ ഈ ഭൂചലനങ്ങളെയും ‘പുതിയ ബാബാ വാംഗ’യുടെ പ്രവചനങ്ങളെയും കൂട്ടിവായിക്കുകയാണ് പലരും.

2011 ലെ ഭൂചലനത്തെ തുടര്‍ന്ന് ജപ്പാനില്‍ വീശിയടിച്ച സുനാമിത്തിരകള്‍ (ഫയല്‍ ചിത്രം/എപി)

ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ റിപ്പോര്‍ട്ട് പ്രകാരം ക്യൂഷുവിന് തെക്ക് സ്ഥിതി ചെയ്യുന്ന ടോക്കര ദ്വീപുകളിലാണ് നിരന്തരം ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നത്. എന്നാല്‍ ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച രാവിലെയോടെ, പ്രദേശത്ത് 474 ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവ ശക്തിയേറിയ ഭൂചലനങ്ങളല്ലായിരുന്നു. ഞായറാഴ്ചയും ചൊവ്വാഴ്ചയും 5.1 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളുണ്ടായി. ഇവ രണ്ടുമാണ് ഈ ഭൂചലനങ്ങളില്‍ ഏറ്റവും ശക്തമായത് എന്നാണ് വിലയിരുത്തുന്നത്. എന്നിരുന്നാലും പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 6 തീവ്രതയുള്ള ഭൂചലനം വരെ ഉണ്ടായേക്കാമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പുമുണ്ട്.

ആരാണ് പുതിയ ബാബാ വാംഗ?

എല്ലാ വര്‍‌ഷാവസാനവും പ്രവചനങ്ങളുമായി എത്താറുള്ള ബാബ വാംഗയുമായി പരക്കെ താരതമ്യം ചെയ്യപ്പെടുന്ന ജാപ്പനീസ് മാംഗ കലാകാരിയാണ് റിയോ തത്സുകി. വർഷങ്ങളായി താൻ നേടി എന്ന് അവര്‍ തന്നെ അവകാശപ്പെടുന്ന സ്വന്തം ‘ദര്‍ശനങ്ങളുടെ’ സമാഹാരമായ ‘ദി ഫ്യൂച്ചർ ഐ സോ’ എന്ന പുസ്തകം 1999 ൽ പുറത്തിറങ്ങിയതോടെയാണ് ഇവര്‍ ശ്രദ്ധനേടുന്നത്. 2011 മാർച്ചിൽ ജപ്പാന്‍റെ വടക്കൻ തോഹോകു മേഖലയിൽ ഉണ്ടായ വിനാശകരമായ ഭൂകമ്പവും സുനാമിയുമടക്കം താന്‍ പ്രവചിച്ച അതേ വര്‍ഷം, അതേമാസം നടന്നെന്നാണ് ഇവരുടെ അവകാശവാദം. 1995-ലെ കോബെ ഭൂകമ്പവും ഇതിഹാസ സംഗീതജ്ഞന്‍ മെർക്കുറിയുടെ മരണവും മുന്‍കൂട്ടി കണ്ടതായി പുസ്തകത്തിലുണ്ട്. 2021 ല്‍ ഈ പുസ്തകം പുതിയ പതിപ്പായി വീണ്ടും പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതിലാണ് 2025 ജൂലൈയിൽ ജപ്പാനില്‍ മഹാദുരന്തം സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.

'പുതിയ ബാബ വാംഗ'യുടെ പ്രവചനം

2025 ജൂലൈയിൽ മഹാദുരന്തം സംഭവിക്കുമെന്നാണ് പുതിയ ബാബാ വാംഗയുടെ മുന്നറിയിപ്പ്. ജപ്പാനും ഫിലിപ്പീൻസിനുമിടയില്‍ കടലിനടിയില്‍ വലിയ വിള്ളലുണ്ടാകുമെന്നും 2011-ലെ തോഹോകു ദുരന്തത്തിൽ കണ്ടതിനേക്കാൾ മൂന്നിരട്ടി ഉയരമുള്ള സുനാമികൾ ഉണ്ടാകുമെന്നാണ് ഇവരുടെ പ്രവചനമെന്ന് സിഎൻഎന്നിന്‍റെയും മറ്റ് മാധ്യമങ്ങളുടേയും റിപ്പോർട്ടുകള്‍ പറയുന്നു. ജപ്പാനിലെ സമുദ്രങ്ങൾ തിളച്ചുമറിയുമെന്ന് ഇവരുടെ പ്രവചനത്തിലുണ്ട്. ഇത് വെള്ളത്തിനടിയിലെ അഗ്നിപർവ്വത സ്ഫോടനത്തെ സൂചിപ്പിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജൂലൈ അടുക്കുന്തോറും റിയോ തത്സുകിയുടെ പ്രവചനം പൊതുജനങ്ങളില്‍ ഭീതി വർദ്ധിപ്പിക്കുന്നുണ്ട്.

ഉദ്യോഗസ്ഥർ എന്താണ് പറയുന്നത്

പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് ജാപ്പനീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക മുന്നറിയിപ്പുകളെ മാത്രം കണക്കിലെടുക്കുക കിംവദന്തികള്‍ വിശ്വസിക്കാതിരിക്കുക എന്നതാണ് നിര്‍ദേശം. വലിയ സംഭവങ്ങളൊന്നുമില്ലാതെ ജൂലൈ കടന്നുപോകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. 

ജപ്പാനും ഭൂചലനങ്ങളും

നാല് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ജപ്പാന്‍. ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ– സുനാമി സാധ്യതാ പ്രദേശം. ലോകമെമ്പാടും സംഭവിക്കുന്ന ഭൂകമ്പങ്ങളുടെ 18% ത്തിലധികവും ജപ്പാനിലും സമീപ പ്രദേശങ്ങളിലുമാണെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജി ആൻഡ് എർത്ത്‌ക്വേക്ക് എന്‍ജിനീയറിങ്ങിലെ സീസ്‌മോളജിസ്റ്റ് സെയ്‌കോ കിറ്റ പറയുന്നു. ജപ്പാനിൽ എല്ലാ വർഷവും ഏകദേശം 1,500 ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ടത്രേ! കൂടാതെ, ഓരോ അഞ്ച് മിനിറ്റിലും, രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള ഭൗമചലനങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നുമുണ്ട്. കൂടാതെ 400-ലധികം സജീവ അഗ്നിപർവ്വതങ്ങളുള്ള പസഫിക് സമുദ്രത്തിലെ 'റിങ് ഓഫ് ഫയർ' എന്ന് വിളിക്കപ്പെടുന്ന മേഖലയും ജപ്പാനിലൂടെയും കടന്നുപോകുന്നു.

ടോക്കര ദ്വീപുകള്‍

ആകെ 12 ദ്വീപുകളെയാണ് ടോകര ദ്വീപുകള്‍ എന്ന് പറയപ്പെടുന്നത്. ഇവയില്‍ ഏഴെണ്ണത്തിൽ ജനവാസമുണ്ട്, ഏകദേശം 700 പേർ ഇവിടങ്ങളിലായി താമസിക്കുന്നു. ഈ ദ്വീപുകളിൽ ചിലതിൽ സജീവമായ അഗ്നിപർവ്വതങ്ങളുണ്ട്. എന്നാല്‍ ഇതാദ്യമായല്ല ടോക്കര ദ്വീപുകളില്‍ തുടര്‍ച്ചയായ ഭൂചലനങ്ങളുണ്ടാകുന്നത്. 2023 സെപ്റ്റംബറിൽ 15 ദിവസത്തിനുള്ളിൽ 346 ഭൂചലനങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

A chilling prediction by Japanese manga artist Ryo Tatsuki — dubbed the "New Baba Vanga" — about a massive disaster in Japan in July 2025 has reignited fear, especially as over 470 earthquakes have recently been recorded near Japan’s Tokara Islands. Her 1999 book “The Future I Saw” predicts a catastrophic tsunami caused by an undersea rift, possibly three times more devastating than the 2011 Tohoku disaster. While officials urge calm and dismiss viral doomsday theories, the timing of the quakes with her prophecy has intensified public anxiety. Experts confirm Japan remains a high-risk seismic zone with daily tremors.