.
ദക്ഷിണകൊറിയക്കാരുടെ തീന്‍മേശയും പട്ടിയിറച്ചിയും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകളായുള്ളതാണ്. മാംസത്തിനായി മാത്രം പതിനായിരക്കണക്കിന് പട്ടികളെയാണ് കൊറിയയിലെ ഫാമുകളില്‍ വളര്‍ത്തിയിരുന്നത്. എന്നാല്‍ 2024ല്‍ ദക്ഷിണ കൊറിയന്‍ പാര്‍ലമെന്‍റ് പാസാക്കിയ മാംസനിരോധനനിയമം പട്ടിയിറച്ചി വിറ്റ് ജീവിക്കുന്നവരെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 2027 ഫെബ്രുവരി വരെ സര്‍ക്കാര്‍ സമയം നല്‍കിയിട്ടുണ്ടെങ്കിലും പട്ടികളെ വില്‍ക്കാന്‍ സാധിക്കാതെ വലഞ്ഞിരിക്കുകയാണ് കര്‍ഷകര്‍.
2022 ഏപ്രിലിലെ കണക്കനുസരിച്ച് ദക്ഷിണ കൊറിയയിലെ 1,100 ഫാമുകളിലായി 5,70,000 നായകളെയാണ് വളർത്തുന്നത്. 1,600 റസ്റ്ററന്‍റുകളും മാംസം ഉപയോഗിക്കുന്നുണ്ട്. വേനൽക്കാലത്ത് ശാരീരികക്ഷമത വർധിപ്പിക്കാനായാണ് കൊറിയക്കാർ പണ്ടുമുതലേ പട്ടിമാംസം ഉപയോഗിച്ചിരുന്നത്. ക്രമേണ ഈ ഭക്ഷണരീതി കുറഞ്ഞുവന്നു. പ്രായമായവരാണ് പട്ടിമാംസം ഇപ്പോഴും കഴിക്കുന്നത്. കഴുത്തിൽ കയറിട്ടുതൂക്കിയും വൈദ്യുതാഘാതമേൽപ്പിച്ചുമാണ് പട്ടികളെ കശാപ്പുചെയ്യാറ്. ഇതും പലരെയും ഈ മാംസം കഴിക്കുന്നതിൽനിന്ന് പിന്നോട്ടടിപ്പിച്ചു.സോൾ ആസ്ഥാനമായി മൃഗക്ഷേമ അവബോധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയുടെ സർവേയിൽ പ്രതികരിച്ച 94 ശതമാനം പേരും കഴിഞ്ഞവർഷം പട്ടിമാംസം ഉപയോഗിച്ചില്ലെന്ന് വ്യക്തമാക്കിയിരുന്നു.
മൃഗസംരക്ഷണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലുണ്ടായ ഈ മാറ്റം ഉൾക്കൊണ്ടായിരുന്നു പട്ടിയിറച്ചി നിരോധിച്ചുകൊണ്ടുള്ള പാര്‍ലമെന്‍റിന്‍റെ നീക്കം. എന്നാല്‍ ഇതോടെ പുതിയ ജോലി കണ്ടെത്താന്‍ കഴിയാതെയും പണം തിരിച്ചടയ്ക്കാന്‍ കഴിയാതെയും പല കര്‍ഷകരും കടത്തില്‍ മുങ്ങിത്താഴുകയാണെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വില്‍പ്പനയ്ക്കായി വളര്‍ത്തിയിരുന്ന 600 നായ്ക്കളെ വരെ വിറ്റൊഴിക്കാന്‍ സാധിക്കാതെ ധര്‍മസങ്കടത്തിലായവരുമുണ്ട്. 18 മാസത്തിനുള്ളില്‍ നായ്ക്കളെ ഒഴിപ്പിച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം തടവ് അനുഭവിക്കേണ്ടി വരും. ‘ എല്ലാ സ്വത്തുക്കളും ഫാമില്‍ നിക്ഷേപിച്ചു, എന്നിട്ടും അവര്‍ നായ്ക്കളെ കൊണ്ടുപോകുന്നില്ല’ – കര്‍ഷകര്‍ നിരാശയോടെ പറയുന്നു. വ്യാപാരികള്‍ മാത്രമല്ല നിരോധനത്തിനായി സമ്മര്‍ദം ചെലുത്തിയ സര്‍ക്കാരും മൃഗാവകാശ പ്രവര്‍ത്തകരും തങ്ങളെ നിസ്സഹായരാക്കിയിരിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
കൃത്യമായ പ്ലാനിങ്ങോടെയല്ലാതെ നിയമം പാസാക്കിയതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും ആക്ഷേപമുണ്ട്. ഫാമുകളില്‍ നിന്നുള്ള നായ്ക്കളെ ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് ഹ്യൂമൻ വേൾഡ് ഫോർ ആനിമൽസ് കൊറിയ അധികൃതര്‍ പറയുന്നത്. നിരോധനം മൂലം പെരുവഴിയിലാകുന്ന നായ്ക്കളെ എങ്ങനെ സംരക്ഷിക്കും എന്നത് കൊറിയന്‍ സര്‍ക്കാരിനും തലവേദനയാകും. നായ്ക്കളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് കൊണ്ടുപോകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അത്രയേറെ നായ്ക്കളുടെ പുനരധിവാസം പ്രായോഗികപ്രശ്നങ്ങളുണ്ടാക്കും. എന്നാല്‍ ദയാവധം പദ്ധതിയുടെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം പശു, പന്നി, കോഴി എന്നിവയുടെ മാംസം അനുവദനീയമായിരിക്കേ നായ്ക്കള്‍ക്കുമാത്രമുള്ള നിരോധനം എന്തിനെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.