ഇസ്രയേല്‍– ഇറാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം യുദ്ധം പുനരാംരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം അവസാനിച്ചുവെന്ന് ആവര്‍ത്തിച്ച ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ ഇരുപക്ഷവും ആഗ്രഹിച്ചിരുന്നുവെന്നും വ്യക്തമാക്കി. ഹേഗിൽ വാർഷിക നാറ്റോ ഉച്ചകോടിക്കിടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
സംഘര്‍ഷത്തിന് പിന്നാലെ ഇസ്രയേലും ഇറാനും ക്ഷീണിതരാണെങ്കിലും എന്നാല്‍ സംഘര്‍ഷം പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ട്രംപ് പറഞ്ഞത്. ഇരു രാജ്യങ്ങളെയും കൈകാര്യം ചെയ്തു. രണ്ടുപേരും ക്ഷീണിതരാണ്. സംഘര്‍ഷം വീണ്ടും ആരംഭിക്കാൻ കഴിയുമോ എന്ന് ചോദിച്ചാല്‍ അതിന് കഴിയും. അത് ഉടൻ ആരംഭിച്ചേക്കാം എന്നാണ് ട്രംപ് പറഞ്ഞത്.
സംഘര്‍ഷത്തിനിടെ മുടങ്ങിയ യുഎസ്– ഇറാന്‍ ചര്‍ച്ചകള്‍ അടുത്താഴ്ച പുനരാരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. അടുത്ത ആഴ്ച ഇറാനുമായി സംസാരിക്കാൻ പോകുകയാണെന്നും എന്നാല്‍ കരാറിലെത്തുന്നത് സംബന്ധിച്ച് ഉറപ്പു പറയാനാകില്ലെന്നും ട്രംപ് വ്യക്തമാക്കി. ഖത്തറിലെ യുഎസ് താവളത്തിൽ മിസൈൽ ആക്രമണം നടത്തുന്നതിന് മുന്‍പ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതിനെ ട്രംപ് പ്രശംസിച്ചു.
അതേസമയം, യുഎസ് നടത്തിയ ആക്രമണത്തില്‍ ആണവ കേന്ദ്രങ്ങള്‍ക്ക് വലിയ കേടുപാട് സംഭവിച്ചതായി സമ്മതിച്ച് ഇറാന്‍ വ്യക്തമാക്കി. ആണവ കേന്ദ്രങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതായും യുഎസ് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഇറാന്‍റെ ആവശ്യം. ഇസ്രയേല്‍–ഇറാന്‍ സംഘര്‍ഷത്തിന്‍റെ പന്ത്രണ്ടാം നാളിലാണ് യുഎസ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് ഇറാന്‍റെ ഫോര്‍ഡോ, നാതന്‍സ്, ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തത്.