ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം വര്‍ധിക്കുന്നതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യക്കാര്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇറാനിലെ യു.എസ് ആക്രമണത്തെ ഇടതുപാര്‍ട്ടികള്‍ അപലപിച്ചു.

യു.എസ്. ആക്രമണത്തിന് പിന്നാലെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിക്കുകയായിരുന്നു. 45 മിനിറ്റ് നീണ്ട സംഭാഷണത്തില്‍ പ്രസിഡന്റ് പെസഷ്കിയാന്‍ മേഖലയിലെ സാഹചര്യം വിശദീകരിച്ചു. സംഘര്‍ഷം വര്‍ധിക്കുന്നതില്‍ കടുത്ത ആശങ്ക അറിയിച്ച മോദി ചര്‍ച്ചയും നയതന്ത്രവുമാണ് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗമെന്നു പറഞ്ഞു. നിലപാടില്‍ നന്ദി അറിയിച്ച ഇറാന്‍ പ്രസിഡന്റ് ഇന്ത്യ സുഹൃത്തും സമാധാന പങ്കാളിയും ആണെന്ന് പ്രതികരിച്ചു. 

അതിനിടെ ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കുമെന്ന് ഇന്ത്യയിലെ സ്ഥാനപതി റൂവന്‍ അസര്‍ പറഞ്ഞു. രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള എല്ലാ സൗകര്യവും നല്‍കും. മടങ്ങുന്നവര്‍ക്ക് സുരക്ഷിത പാതയൊരുക്കുമെന്നും റൂവന്‍ അസര്‍ വ്യക്തമാക്കി. 

യു.എസ്. ഇറാനില്‍ നടത്തിയ ആക്രമണത്തെ അഞ്ച് ഇടതുപാര്‍ട്ടികള്‍ സംയുക്തമായി അപലപിച്ചു. അമേരിക്ക– ഇസ്രയേല്‍ അനുകൂല വിദേശ നയം ഇന്ത്യ ഉപേക്ഷിക്കണമെന്നും സിപിഎം, സിപിഐ, സിപിഐഎംഎല്‍, ആര്‍എസ്എപി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

Indian Prime Minister Narendra Modi spoke for 45 minutes with Iranian President Masoud Pezeshkian, expressing deep concern over the escalating Iran-Israel conflict and urging a diplomatic resolution. Iran thanked India for its neutral stance, calling it a friend and peace partner. Meanwhile, Israel assured the safety of Indian nationals, and India’s leftist parties condemned the U.S. strike on Iran, urging a policy shift.