ഇറാന് അന്ത്യശാസനം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാനത്തിന് തയാറാകണം. അല്ലെങ്കില്‍ വലിയ ആക്രമണമുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. ഇറാനിലെ ദൗത്യം വിജയമെന്നും ട്രംപ്. ബോംബിട്ടശേഷം യുഎസ് യുദ്ധവിമാനങ്ങള്‍ മടങ്ങിയെത്തി. ഇനി സമാധാനത്തിനുള്ള സമയമെന്നും ട്രംപ്. ചെയ്തത് യുഎസ് സൈന്യത്തിനുമാത്രം കഴിയുന്ന കാര്യമെന്നും ട്രംപ്. ആക്രമിച്ചത് മൂന്നിടത്താണ്. തല്‍ക്കാലം നിര്‍ത്തുന്നു. ഇനിയും സ്ഥലങ്ങള്‍ ബാക്കിയെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. മാധ്യമപ്രവര്‍ത്തകരെ കണ്ട ട്രംപ് രണ്ടുമിനിറ്റില്‍ കാര്യം വിശദീകരിച്ച് മടങ്ങി. പിടിച്ചെടുക്കേണ്ടതാണ് സമാധാനമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. എന്‍റെയും ട്രംപിന്‍റെയും നിലപാട് ഇതാണ്. സമാധാനത്തിനായിയുഎസ് പ്രവര്‍ത്തിച്ചെന്നും നെതന്യാഹു പറഞ്ഞു. Also Read: ഇറാനില്‍ യുഎസ് ഇട്ടത് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍; ഭൂഗര്‍ഭ കേന്ദ്രങ്ങള്‍ തകര്‍ത്തു
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ അമേരിക്കയുടെ ആക്രമണം. ഫോര്‍ദോ, നതാന്‍സ് , ഇസ്ഫഹാന്‍ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. പസഫിക്കിലെ ഗുവാം ഐലന്‍ഡില്‍ നിന്നായിരുന്നു യുഎസ് ആക്രമണം. ബോംബിട്ടത് B-2 വിമാനങ്ങളില്‍ നിന്ന് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാനിലെ പ്രധാനപ്പെട്ട 3 സൈനിക മേധാവികളെ വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.
ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇറാനിലെ നാവിക സേനാ ആസഥാനം ആക്രമിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ ആക്രമണത്തിലൂടെ ഇറാനിലെ 400 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 3000ന് മുകളില്‍ ആളുകള്‍ക്ക് പരുക്ക് പറ്റിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ഇറാന്റെ ആക്രമണത്തിലൂടെ ഇസ്രയേലിലെ 25ന് മുകളില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. 30 ഫൈറ്റര്‍ ജെറ്റുകള്‍ ആക്രമണത്തില്‍ പങ്കെടുത്തതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. സൈപ്രസില്‍ ഇസ്രയേലികളെ ലക്ഷ്യമിട്ടുള്ള ആക്രമണം തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.
അതേസമയം, ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽനിന്ന് കൂടുതൽ ഇന്ത്യക്കാർ മടങ്ങിയെത്തുന്നു. 290 യാത്രക്കാരുമായി അഞ്ചാമത്തെ വിമാനം ഇന്നലെ രാത്രി 11.30 ന് ഡൽഹിയിലെത്തി. പ്രത്യേക വിമാനത്തിൽ മലയാളികൾ ആരുമില്ല. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 1,117 ഇന്ത്യൻ പൗരന്മാരെയാണ് ഇറാനിൽനിന്ന് ഒഴിപ്പിച്ചത്. ഇസ്രായേലിൽനിന്നുള്ള ഒഴിപ്പിക്കൽ ഉടൻ ആരംഭിക്കും. മടങ്ങാന്‍ താല്‍പര്യമുള്ളവരെ മാത്രമാണ് ആദ്യഘട്ടത്തില്‍ ഒഴിപ്പിക്കുക.
ഇവർ ടെല്‍ അവിവിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിൽകൂടുതൽ ഇന്ത്യൻ പൗരന്മാർ എംബസിയുമായി ബന്ധപ്പെടുന്നതിനനുസരിച്ച് വിമാനങ്ങൾ അയക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം ഒരു മലയാളി വിദ്യാർഥിയും മടങ്ങി എത്തിയിരുന്നു.