ഇറാന്‍– ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി യുഎസ്. വിഷയത്തില്‍ അമേരിക്ക ഇടപെടണോയെന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. നടപടിക്കുമുന്‍പ് നയതന്ത്രശ്രമം തുടരുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. നേരത്തെ ഇസ്രയേലിനൊപ്പം പങ്കാളിയായി ഇറാന്‍റെ ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കാനുള്ള പദ്ധതി യു.എസ്. തയാറാക്കിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രസ്താവന.
അതേസമയം മധ്യപൂര്‍വദേശത്ത് സംഘര്‍ഷം രൂക്ഷമാവുകയാണ്. ഇസ്രയേല്‍ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രിക്ക് നേരെ ഇറാന്‍ ആക്രമണം നടത്തി. ആശുപത്രിയിലേക്ക് തുടര്‍ച്ചയായി ബലിസ്റ്റിക് മിസൈലുകള്‍ തൊടുത്തു എന്നാണ് വിവരം. ഇസ്രയേലിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങളിലൊന്നാണ് ആക്രമണം നടന്ന സോറോക്കോ ആശുപത്രി. ആക്രമണത്തില്‍ 40 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ആക്രമണത്തിനോടുള്ള പ്രതികരണവുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് ഇസ്രയേല്‍ അന്ത്യശാസനം നല്‍കി. ഖമനയിയെ ജീവനോടെ തുടരാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്സ് പറഞ്ഞു. ഖമനയിയുടെ ലക്ഷ്യം സാധാരണക്കാരെന്നും കാട്സ് പറഞ്ഞു. ഇസ്രയേലിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേല്‍ പ്രകോപനം.
സംഘര്‍ഷം രൂക്ഷമായ ഇസ്രയേലില്‍നിന്നും ഒഴിപ്പിക്കല്‍ നടപടികളുമായി ഇന്ത്യ. ഒാപ്പറേഷന്‍ സിന്ധുവു ഇസ്രയേലിലേക്കും വ്യാപിപ്പിച്ചു. ഇസ്രയേലിലുള്ള ഇന്ത്യക്കാരെ കരമാര്‍ഗം അതിര്‍ത്തികടത്തി നാട്ടിലെത്തിക്കും. ഇന്ത്യക്കാര്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്യണമെന്നമെന്നാണ് പുതിയ നിര്‍ദ്ദേശം.