ഇറാനിലെ ആണവോര്‍ജ പദ്ധതികള്‍ക്കുനേരെയുള്ള ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കെതിരെ ഖത്തറും സൗദി അറേബ്യയും. ഊര്‍ജ ആവശ്യങ്ങള്‍ക്കുള്ള പദ്ധതികള്‍ ആക്രമിക്കുന്നത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്ന് സൗദി ആരോപിച്ചു. യുദ്ധം എട്ടാംദിവസവും ശമനമില്ലാതെ തുടരുകയാണ്. യു.കെ, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ഇറാനുമായി ഇന്ന് ചര്‍ച്ച നടത്തും.ഇറാനിലെ ഭൂഗര്‍ഭ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ നീക്കം ശക്തമാകുന്നതിനിടെയാണ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രതികരണം.
ഊര്‍ജപദ്ധതികള്‍ തകര്‍ക്കുന്ന ഇസ്രേയല്‍ നടപടി മേഖലയെ അസ്ഥരിപ്പെടുത്തുന്നതാണെന്നും ശക്തമായ പ്രതികരണങ്ങളുണ്ടാക്കുമെന്നും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി വ്യക്തമാക്കി. ആണവകരാറിനായി ചര്‍ച്ചകള്‍ക്ക് ഇറാനെ വീണ്ടും സന്നദ്ധമാക്കാന്‍ ലക്ഷ്യമിട്ട് ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ചര്‍ച്ച നടത്താനിരിക്കെയാണ് സൗദിയുടെയും ഖത്തറിന്‍റെയും പ്രതികരണം.
എന്നാല്‍ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാതെ യുഎസുമായി ആണവ ചര്‍ച്ചയ്ക്കില്ലെന്നാണ് ഇറാന്‍ നിലപാട്. സംഘര്‍ഷത്തില്‍ അമേരിക്ക നേരിട്ട് ഇടപെടണോ എന്നതില്‍ തീരുമാനമെടുക്കുന്നത് രണ്ടാഴ്ചയ്ക്കുള്ളിലെന്ന ട്രംപിന്‍റെ തീരുമാനം ചര്‍ച്ചയ്ക്ക് സാധ്യത തുറന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീയേര്‍ സ്റ്റാമെര്‍ പറഞ്ഞു. ഇന്ന് ജനീവയിലാണ് ഇറാന്‍ വിദേശ കാര്യമന്ത്രിയുമായുള്ള ചര്‍ച്ച. സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യുഎന്‍ രക്ഷാസമിതിയും യോഗം ചേരും. അതിനിടെ ബീര്‍ഷെബെയിലെ ജനവാസകേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ക്ലസ്റ്റര്‍ ബോംബുകളങ്ങിയ മിസൈലുകള്‍ പ്രയോഗിച്ചെന്ന് ഇസ്രയേല്‍ ആരോപിച്ചു. ഹൈഫ മേഖലയിലും മിസൈല്‍ ആക്രമണമുണ്ടായി.
ഇറാന്‍ ആക്രമണത്തില്‍ ഇതുവരെ 24 പേര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനില്‍ ടെഹ്റാന്‍റെ വിവിധയിടങ്ങളില്‍ ഇസ്രയേല്‍ ആക്രമണമുണ്ടായി. ഒരു ആണവ ശാസ്ത്രജ്ഞന്‍ കൂടി കൊല്ലപ്പെട്ടു. സൈനിക ഇടപെടല്‍ നടത്തുന്നതില്‍ നിന്ന് യുഎസ് വിട്ടുനില്‍ക്കുന്നതിനോട് ഇസ്രയേലിന് അനുകൂലനിലപാടല്ലെന്നാണ് സൂചന. ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രയേലിന് ആരുടേയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്‍റെ ആണവശക്തി നിര്‍വീര്യമാക്കാന്‍ ഇസ്രയേലിന് ഒറ്റയ്ക്ക് സാധിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.