Image Credit: AP
ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാനിലെ വ്യോമ താവളങ്ങളും ഇന്ത്യ തകര്‍ത്തതോടെ വെടി നിര്‍ത്തലിന് അഭ്യര്‍ഥിച്ചുവെന്ന് പാക്കിസ്ഥാന്‍റെ വെളിപ്പെടുത്തല്‍. പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ തിരിച്ചടിയില്‍ നടുങ്ങിയ പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിനായി സമീപിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സൈന്യവും നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. ഈ വാദമാണ് പാക്കിസ്ഥാന്‍ നിലവില്‍ അംഗീകരിച്ചത്. പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചത്. പിന്നാലെ നിയന്ത്രണരേഖ മറികടന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി. ഇതോടെ പാക് വ്യോമതാവളങ്ങളില്‍ ഇന്ത്യ നിയന്ത്രിത ആക്രമണം നടത്തുകയായിരുന്നു. 26 പേര്‍ക്കാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.
ഇന്ത്യയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന്‍ തയ്യാറെടുക്കുന്നതിനിടെ മേയ് ആറിനും ഏഴിനും നൂര്‍ ഖാനും സര്‍ക്കോട്ടും ഇന്ത്യ ആക്രമിച്ചു. അപ്രതീക്ഷിതമായിരുന്നു ഇന്ത്യന്‍ ആക്രമണമെന്നും ധര്‍ വെളിപ്പെടുത്തി. ഇന്ത്യ ശക്തമായി തിരിച്ചടിച്ച് മുക്കാല്‍ മണിക്കൂര്‍ നേരം പിന്നിട്ടതോടെ സൗദി രാജകുമാരന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറെ ബന്ധപ്പെട്ടു. പാക് ഉപപ്രധാനമന്ത്രിക്ക് വേണ്ടിയായിരുന്നു സൗദി രാജകുമാരന്‍ വിളിച്ചത്. പാക്കിസ്ഥാനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തരുതെന്നും നിലവിലെ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തലിന് തയ്യാറാകാമെന്നും സൗദി രാജകുമാരന്‍ മുഖേനെ ധര്‍ അറിയിച്ചു.
പാക്കിസ്ഥാനാണ് വെടിനിര്‍ത്തലിനായി ഇന്ത്യയെ സമീപിച്ചതെന്ന വസ്തുത അംഗീകരിക്കാന്‍ നേരത്തെ പാക് പ്രധാനമന്ത്രിയും സൈനിക നേതാക്കളും തയ്യാറായിരുന്നില്ല. പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കനത്ത നാശമുണ്ടാക്കിയെന്നായിരുന്നു അവകാശവാദം. എന്നാല്‍ ഇത് തെറ്റാണെന്ന് സാറ്റലൈറ്റ് ചിത്രങ്ങളും ആക്രമണത്തിന്‍റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ട് ഇന്ത്യ തെളിയിക്കുകയും ചെയ്തു. പാക്കിസ്ഥാനോട് ആക്രമണത്തിന്‍റെ തെളിവ് ചോദിച്ചപ്പോള്‍ അതൊക്കെ സമൂഹമാധ്യമങ്ങളിലുണ്ടെന്ന ഒഴുക്കന്‍ മറുപടിയാണ് വിദേശകാര്യമന്ത്രി വരെ നല്‍കിയത്.
വെറും 25 മിനിറ്റ് കൊണ്ടാണ് പാക്കിസ്ഥാനിലെ ഭീകരത്താവളങ്ങള്‍ ഇന്ത്യ തകര്‍ത്തത്. സ്കാല്‍പ് ക്രൂസ് മിസൈലുകള്‍, ഹാമര്‍ സ്മാര്‍ട് ബോംബുകള്‍ എന്നിവയടക്കം ഓപറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ഉപയോഗിച്ചു. ഏകദേശം നൂറോളം ലഷ്കര്‍, ജയ്ഷെ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെയാണ് ഓപറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ വധിച്ചത്. പിന്നാലെ പാക് വ്യോമതാവളങ്ങള്‍ ആക്രമിക്കാന്‍ ബ്രഹ്മോസും പ്രയോഗിച്ചു.