കാനഡയിലെ കനനാസ്‌കിസിൽ നടന്ന ജി7 ഉച്ചകോടിയിൽ ഗ്രൂപ്പ് ഫോട്ടോയ്ക്ക് ശേഷം കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർനി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടക്കുന്നു. 2025 ജൂൺ 16, തിങ്കളാഴ്ച. AP/PTI
അതിരൂക്ഷ ആക്രമണങ്ങളുമായി ഇസ്രയേലും ഇറാനും പോരടിക്കുമ്പോഴും വെടിനിര്‍ത്തലിന് ഇടപെടാതെ ജി സെവന്‍ ഉച്ചകോടി. ഇസ്രയേലിന് സ്വയംപ്രതിരോധത്തിന് അവകാശമുണ്ടെന്ന് ലോകശക്തികള്‍ പ്രസ്താവന ഇറക്കി. ടെഹ്റാന്‍ നഗരം അടിയന്തരമായി ഒഴിപ്പിക്കണമെന്ന മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ് ജി7 ഉച്ചകോടി വെട്ടിച്ചുരുക്കി മടങ്ങി. പുലര്‍ച്ചവരെ നീണ്ട ഇസ്രേയല്‍ ആക്രമണത്തില്‍ ഇറാനില്‍ വന്‍ നാശമുണ്ടായി.
ഇന്നലെ ടെഹ്റാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പുലര്‍ച്ചെ ഇറാന്‍ തിരിച്ചടിച്ചു. ടെല്‍ അവീവ് ഉള്‍പ്പെടെ ഇസ്രയേലിലെ പ്രധാന നഗരങ്ങള്‍ ലക്ഷ്യംവച്ചായിരുന്നു ഇറാന്‍ ആക്രമണം. ടെഹ്റാനിലെ ഇറാന്‍റെ ഒൗദ്യോഗിക ടെലിവിഷന്‍ ചാനല്‍ കേന്ദ്രം, ടെഹ്റാന്‍ സര്‍വകലാശാല, ആസാദി സ്ക്വയര്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ തകര്‍ന്നു. നിരവധിപേര്‍ കൊല്ലപ്പെട്ടു.സര്‍വകലാശാല ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ പരുക്കേറ്റു. ഇറാന്‍റെ പ്രത്യാക്രമണത്തില്‍ ഇസ്രയേലിലും ആള്‍നാശമുണ്ടായി. ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇരു രാജ്യങ്ങളും അന്യോന്യം ആവശ്യപ്പെട്ടു. ടെഹ്റാനില്‍നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോയിത്തുടങ്ങി.
സംഘര്‍ഷം അതിരൂക്ഷമായിരിക്കെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ജി7 ഉച്ചകോടിയിൽ നിന്ന് നേരത്തെ മടങ്ങി. ടെഹ്റാന്‍ നഗരം അടിയന്തരമായി ഒഴിപ്പിക്കണമെന്ന ആഹ്വാനത്തോടെയാണ് മടക്കം. ഇറാന്റെ ആണവ പദ്ധതികൾ നിയന്ത്രിക്കണമെന്ന് ഉച്ചകോടിയിൽ ട്രംപ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ സംഘര്‍ഷപശ്ചാത്തലത്തില്‍ ജോര്‍ജാന്‍, ലബനന്‍, ഇറാഖ്, ഇറാന്‍, ഇസ്രയേല്‍, സിറിയ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ യുഎഇ താല്‍ക്കാലികമായി നിര്‍ത്തി.