മയാമിയിലെ മൃഗശാലയിൽ ഇന്നലെ ഇരട്ടി മധുരമുള്ള ദിവസമായിരുന്നു. 135-ാം പിറന്നാൾ ആഘോഷത്തോടൊപ്പം തന്‍റെ ജീവിതത്തിലെ ആദ്യത്തെ 'ഫാദേഴ്‌സ് ഡേ'യും ആഘോഷിച്ചിരിക്കുകയാണ് ഗോലിയാത്ത്.
ആരാണ് ഗോലിയാത്ത് എന്നല്ലേ? ഇക്വഡോറിന്റെ ഭാഗമായ ഗാലപ്പഗോസ് ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന ആമയാണ് ഗോലിയാത്ത്. കടുത്ത വംശനാശഭീഷണി നേരിടുന്ന ഈ ആമകൾ വിരലിലെണ്ണാവുന്നത് മാത്രമാണ് ബാക്കിയുള്ളത്. ഗാലപ്പഗോസ് എന്ന വാക്കിന്റെ അർഥം തന്നെ ഭീമൻ കരയാമ എന്നാണ്. 234 കിലോഗ്രാം ഭാരമാണ് ഗോലിയാത്തിനുള്ളത്.
135-ാം വയസില്‍ അച്ഛനായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയ ഗോലിയാത്ത് യുഎസ് മൃഗശാലയിലെ ഏറ്റവും പ്രായം കൂടിയ അന്തേവാസി കൂടിയാണ്. 1885-നും 1890-നും ഇടയിൽ ഗാലപ്പഗോസിലെ സാന്താക്രൂസ് ദ്വീപിലാണ് ഗോലിയാത്തിന്‍റെ ജനനം എന്നാണ് മൃഗശാല അധികൃതർ വ്യക്തമാക്കുന്നത്. 1981ൽ മിയാമി മൃഗശാലയിലെത്തി. അന്നു മുതൽ അച്ഛനാവാനുള്ള കാത്തിരിപ്പിലായിരുന്നു. ഒട്ടേറെ പെൺ ആമകളുമായി ഇണചേർന്നിട്ടും ഗോലിയാത്തിന് അച്ഛനാകാൻ സാധിച്ചിരുന്നില്ല. ഒടുവിൽ അതിനു തുണയായത് അതേ മൃഗശാലയിലെ തന്നെ 'സ്വീറ്റ് പീ' എന്ന ആമ. 85നും 100നും ഇടയിലാണ് സ്വീറ്റ് പീയുടെ പ്രായം.
128 ദിവസത്തെ ഇൻകുബേഷന് ശേഷം ജനുവരി 27ന് ഇട്ട എട്ടു മുട്ടകളിൽ ഒന്നാണ് ജൂൺ 4ന് വിരിഞ്ഞത്. ഗോലിയാത്തിന്‍റെ ആദ്യത്തെ കുഞ്ഞ് എന്ന സവിശേഷത മാത്രമല്ല, മിയാമി മൃഗശാലയിൽ വംശനാശഭീഷണി നേരിടുന്ന ഉരഗങ്ങളിൽ ഒന്നിന്‍റെ മുട്ട വിരിയുന്നതും ഇതാദ്യമായാണ്. ആമകൾക്കായി അനുവദിച്ച വിശാലമായ സ്ഥലത്ത് മാതാപിതാക്കളായ ഗോലിയാത്തും സ്വീറ്റ് പീയയും സുഖമായി കഴിയുന്നുണ്ടെന്ന് മൃഗശാല അധികൃതർ അറിയിച്ചു. ആരോഗ്യമുള്ള ആമക്കുഞ്ഞിനെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റിയിരിക്കുകയാണ്. വൈകിയെത്തിയ പിതൃഭാഗ്യവും 135-ാം പിറന്നാളും മൃഗശാല ജീവനക്കാർ വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ഗോലിയാത്ത് ആമ ഇതിനോടകം തന്നെ സോഷ്യലിടത്ത് വൈറലാണ്.