പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് ധാകയിലെ ദേശീയപള്ളിയില്‍ നിന്ന് പുറത്തുവരുന്നതിനിടെ മുഹമ്മദ് യൂനൂസിനോടായി ജനക്കൂട്ടത്തില്‍ നിന്നൊരാള്‍ പറഞ്ഞു, ‘തിരഞ്ഞെടുപ്പ് വേഗം നടത്തണമെന്നുപറയുന്ന ദലാലുകളെ കാര്യമാക്കേണ്ട, അഞ്ചുവര്‍ഷം അധികാരത്തില്‍ തുടരൂ. ഒട്ടും വൈകിയില്ല, ഈ വിഡിയോ ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാർ നേതാവ് മുഹമ്മദ് യൂനുസിന്റെ പ്രസ് സെക്രട്ടറി ഷഫിഖുല്‍ ആലം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. അത് യൂനുസിന്റെ സമ്മതത്തോടെയാണെന്നുളള കാര്യത്തില്‍ സംശയമില്ല. ആ വിളിച്ചുപറഞ്ഞ വ്യക്തിപോലും യൂനുസിന്റെ സ്പോണ്‍സേര്‍ഡ് പേഴ്സണാണോ എന്ന സംശയത്തിലാണ് ഇപ്പോള്‍ മറ്റു പ്രതിപക്ഷപാര്‍ട്ടികള്‍.
വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തന്റെ ജനകീയതയ്ക്കായി ചിത്രീകരിച്ച വിഡിയോ പോലെ ഈ സംഭവത്തെ പലരും ചിത്രീകരിച്ചു. ജമാ അത്തെ ഇസ്ലാമിയും സഖ്യപാര്‍ട്ടികളുമൊഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ആവശ്യം ഈ ഡിസംബറില്‍ തന്നെ തിരഞ്ഞെടുപ്പ് നടത്തുകയെന്നതാണ്. 2026ല്‍ തിരഞ്ഞെടുപ്പ് നടത്താമെന്ന യൂനുസിന്റെ മോഹം ദേശീയതാല്‍പര്യത്തിലൂന്നിയല്ലെന്നാണ് ബിഎന്‍പി വക്താവ് സലാഹുദ്ദീന്‍ അഹമ്മദിന്റെ വാദം. സ്കൂള്‍ അധ്യയനവര്‍ഷം അവസാനിക്കുന്നതും റംസാന്‍ ആരംഭവും ചൂണ്ടിക്കാണിച്ചാണ് ബിഎന്‍പി സംസാരിക്കുന്നത്.
അതേസമയം ആഭ്യന്തരവിഷയങ്ങള്‍ എത്രമാത്രം കലുഷിതമാണെന്ന് ചിന്തിക്കാതെ യൂനുസ് ഇതിനിടെ ഇന്ത്യയ്ക്കു നേരെ തിരിയുകയാണ്. ഇന്ത്യ ആശ്രയം നല്‍കിയ ഷെയ്ഖ് ഹസീനയുടെ വായടപ്പിക്കാനാണ് യൂനുസ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടത്. ഓണ്‍ലൈനിലൂെട ഹസീന ബംഗ്ലാദേശിലെ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതാണ് യൂനുസിനെ പ്രകോപിപ്പിച്ചത്. ഇതുമൂലം രാജ്യത്ത് കടുത്ത പ്രതിഷേധവും അമര്‍ഷവും പുകയുകയാണെന്നുകൂടി പറയുന്നു യൂനുസ്. എന്നാല്‍ ഇത് സോഷ്യല്‍മീഡിയയാണെന്നും നിങ്ങള്‍ക്ക് നിയന്ത്രിക്കാനാവില്ലെന്നുമായിരുന്നു മോദിയുടെ മറുപടി. ബംഗ്ലദേശിന്റെ നന്‍മയ്ക്കുവേണ്ടി ഇന്ത്യ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു യൂനുസിന്റെ വിമര്‍ശനം. ഹസീനയെ കൈമാറണമെന്നും ഹസീനയ്ക്കെതിരായ നിയമനടപടികള്‍ ട്രൈബ്യൂണല്‍ ആരംഭിച്ചെന്നും യൂനുസ്. ഇന്ത്യയുമായി സൗഹൃദം തുടരാനാണ് ആഗ്രഹമെങ്കിലും ഇന്ത്യന്‍ മാധ്യമങ്ങള്‍ നുണക്കഥകള്‍ പടച്ചുവിടുന്നതിനാല്‍ പ്രശ്നങ്ങള്‍ ഉടലെടുത്തെന്നും ഇദ്ദേഹം കുറ്റപ്പെടുത്തുന്നു.
2024ലാണ് ഷെയ്ഖ് ഹസീനയുടെ പിന്‍മാറ്റത്തിനു പിന്നാലെ മുഹമ്മദ് യൂനുസ് ഇടക്കാല സര്‍ക്കാര്‍ മുഖ്യ ഉപദേഷ്ടാവായി സ്ഥാനമേറ്റത്, പ്രധാനമന്ത്രിക്കു തുല്യമായ പദവി. ഹസീനയ്ക്ക് അഭയം നല്‍കിയതോടെ തന്നെ ഇന്ത്യ യൂനുസിന് അനഭിമതരായി മാറി. പിന്നാലെ ഇന്ത്യയുടെ ശത്രുരാജ്യങ്ങളുമായി കൂട്ടുകൂടുകയായിരുന്നു ബംഗ്ലദേശിന്റെ ലക്ഷ്യം. ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം രാജ്യത്ത് നിരോധിച്ചു.
മുഹമ്മദ് യൂനുസും കൂട്ടരും അസഹ്യമായി മാറിയതോടെ തിരഞ്ഞെടുപ്പ് നേരത്തേയാക്കണമെന്ന ആവശ്യവുമായി ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടി രംഗത്തെത്തി. ഒടുവില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 2026 ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടത്താമെന്ന് യൂനുസ് പ്രഖ്യാപിച്ചു. പ്രസിദ്ധനായ സാമ്പത്തിക ശാസ്ത്രജ്ഞനാണ് മുഹമ്മദ് യൂനുസ്. നയിക്കുന്ന സര്‍ക്കാറില്‍ 26കാരായ രണ്ട് വിദ്യാര്‍ഥിനേതാക്കളുമുണ്ട്. വനിതകളും വിദ്യാര്‍ഥികളും അക്കാദമിക് വിദഗ്ധരും ബാങ്കിങ് സെക്ടറിലെ ആളുകളും, ന്യൂനപക്ഷ പ്രതിനിധികളും സര്‍ക്കാറിലുണ്ട്. എങ്കിലും ജനതയെ കയ്യിലെടുക്കാനോ പ്രതിപക്ഷ പാര്‍ട്ടികളെ മയത്തില്‍ കൈകാര്യം ചെയ്യാനോ യൂനുസിന്റെ സര്‍ക്കാറിനു സാധിച്ചില്ല.
അധികാരമേറ്റതിനു പിന്നാലെ പല ഘട്ടങ്ങളിലായി പ്രതിപക്ഷ പാര്‍ട്ടികളുമായി യൂനുസ് കൊമ്പുകോര്‍ത്തു. ഒരു ഘട്ടത്തില്‍ രാജിഭീഷണിയുമായി രംഗത്തെത്തിയെങ്കിലും അത് പിന്നീട് അദ്ദേഹം തന്നെ തിരുത്തിയതായി വക്താക്കള്‍ അറിയിച്ചു. ഇതിനിെട ചൈനയുമായും പാക്കിസ്ഥാനുമായും സൗഹൃദം കൂടാനുള്ള ശ്രമങ്ങളും ഇന്ത്യയെ പ്രകോപിപ്പിക്കുന്ന സിലിഗുഡി പരാമര്‍ശവും വന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നതില്‍ സൈന്യവുമായും യൂനുസിന് അഭിപ്രായവ്യത്യാസങ്ങളുണ്ടായി. തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ക്കേ ബംഗ്ലദേശില്‍ ജനാധിപത്യവും സമാധാനവും പുനസ്ഥാപിക്കാനാവൂയെന്നതായിരുന്നു സൈന്യത്തിന്റെ നിലപാട്. അല്ലാതെ പല മേഖലകളില്‍ നിന്നും രൂപീകരിക്കപ്പെട്ട സര്‍ക്കാറിനൊന്നും ഒന്നും ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു സൈന്യത്തിന്. ഇതിനിടെ സൈനികമേധാവി വക്കറെ പദവിയില്‍ നിന്നും നീക്കാനുള്ള പ്രവര്‍ത്തനങ്ങളും യൂനുസ് നടത്തിയെന്ന് അഭ്യൂഹങ്ങള്‍ വന്നു, സൈന്യവും ജനങ്ങളും ചേര്‍ന്ന് സര്‍ക്കാറിനെതിരെ നീങ്ങുന്നു എന്ന തരത്തിലും കാര്യങ്ങള്‍ മാറിമറിഞ്ഞു.
മുഹമ്മദ് യൂനുസ് അധികാരമേറ്റയുടന്‍ തന്നെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടിക്ക് ഈ വര്‍ഷം ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ആഗ്രഹം.
അതേസമയം ഈ വർഷം തുടക്കത്തിൽ വിദ്യാർത്ഥികളുെട നേതൃത്വത്തിൽ രൂപീകരിച്ച നാഷണൽ സിറ്റിസൺ പാർട്ടിയും (എൻസിപി), മറ്റു പല രാഷ്ട്രീയ കക്ഷികളും അവാമി ലീഗിനെതിരായ നിയമനടപടി തിരഞ്ഞെടുപ്പിനു മുന്‍പേ നടത്തണമെന്ന് വാദമുയര്‍ത്തി. നേതാക്കള്‍ക്കെതിരായ നിയമനടപടി മാത്രമല്ല സമഗ്രമായ പരിഷ്കാരങ്ങളും വേണമെന്ന് ആവശ്യപ്പെട്ടു. ബംഗ്ലദേശിനെ പരിഷ്ക്കരിക്കണമെന്ന യൂനുസിന്റെ ആത്യന്തികമായ ലക്ഷ്യം തന്നെ അക്ഷരാര്‍ത്ഥത്തില്‍ പൊളിഞ്ഞെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.പൊലീസിന്റേയും ഉദ്യോസ്ഥവൃന്തത്തിന്റെയും നിയന്ത്രണം നഷ്ടപ്പെട്ടു. ടാക്സ് അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട ആവിഷ്ക്കാരങ്ങള്‍ക്കെതിരെ നാഷണല്‍ ബോര്‍ഡ് ഓഫ് റവന്യൂ ഉന്നതഉദ്യോഗസ്ഥര്‍ തന്നെ രംഗത്തുവന്നു.
വര്‍ധിച്ചുവരുന്ന ആഭ്യന്തര കലാപവും നഷ്ടപ്പെടുന്ന രാഷ്ട്രീയ പിന്തുണയും മുഹമ്മദ് യൂനുസിന്റെ ഭാവി എത്തരത്തിലാക്കും? കലാപത്തിനു ശേഷം രാജ്യത്തെ രണ്ടാം മാറ്റത്തിലേക്ക് നയിക്കാനും അദ്ദേഹത്തിന് നിലനില്‍ക്കാനും ഒരു പുതിയ ഐക്യം രൂപപ്പെടുത്താനും കഴിയുമോ എന്നതാണ് ചോദ്യം.