Image Credit: facebook.com/A.Hallur.A
കാനഡയിലെ ലാബ്രഡോർ തീരത്ത് അപൂര്‍വമായ കറുത്ത മഞ്ഞുമല കണ്ടെത്തി. കഴിഞ്ഞ മാസം കാർബണിയറിൽ മീൻ പിടിക്കാൻ പോയ ഹല്ലൂർ അന്റോണിയുസെൻ എന്ന മത്സ്യത്തൊഴിലാളിയാണ് കറുത്ത മഞ്ഞുമലയുടെ ചിത്രം ആദ്യമായി പകർത്തിയത്. വെളുത്ത മഞ്ഞുകട്ടകൾക്കിടയിൽ കറുത്ത പാറപോലൊന്ന് പൊങ്ങിക്കിടക്കുന്നത് കണ്ട് താന്‍ അദ്ഭുതപ്പെട്ടെന്നും . ഉരുണ്ടും പാറപോലുള്ളതുമായ മഞ്ഞുമലകള്‍ മുമ്പും കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് തികച്ചും വ്യത്യസ്തമാണ്. പൂര്‍ണമായും കറുപ്പാണെന്ന് മാത്രമല്ല, വജ്രത്തിന്‍റെ ആകൃതിയിലാണെന്നും അന്‍റോണിയുസെൻ സിബിസി റേഡിയോയോട് പറഞ്ഞു.
എന്തായാലും കറുത്ത മഞ്ഞുമലയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കടലിലെ മഞ്ഞുമലയുടെ വലിപ്പം കണക്കാക്കാൻ പ്രയാസമാണെന്നാണ് അന്റോണിയുസെൻ പറയുന്നത്. പക്ഷേ ഈ കറുത്ത മഞ്ഞുമല ഒരു സാധാരണ ബംഗ്ലാവിന്റെ മൂന്നിരട്ടി വലുപ്പമെങ്കിലും ഉണ്ടായിരിക്കുമെന്നും നമ്മള്‍ക്ക് എപ്പോളും കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും മഞ്ഞുമലയ്ക്ക് പിന്നിലെ കാരണമന്വേഷിക്കുകയാണ് മിക്കവരും.
സാധാരണയായി മഞ്ഞുമലയിലുള്ള വായുവിന്‍റെ ചെറിയ പാളികൾ ദൃശ്യപ്രകാശത്തെ പൂര്‍ണമായും പ്രതിഫലിപ്പിക്കുന്നതുകാരണം മഞ്ഞുമലകൾ മിക്കവാറും വെളുത്ത നിറത്തിലാണ് കാണപ്പെടുന്നത്. കാലം കഴിയുമ്പോള്‍ മഞ്ഞ് ഉള്ളിലേക്ക് ചുരുങ്ങുകയും വായു പുറത്തേക്ക് തള്ളപ്പെടുകയും കൂടുതൽ പ്രകാശം ഉള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്യും. ഇതോടെ മഞ്ഞുമലകള്‍ ഗ്ലാസ് പോലെ വ്യക്തമാന്‍ തുടങ്ങും.
എന്നാല്‍ ചില മഞ്ഞുമലകൾക്ക് കറുപ്പ് അല്ലെങ്കിൽ ചാരനിറം ഉണ്ടായേക്കാം. മഞ്ഞിൽ കെട്ടിക്കിടക്കുന്ന അഴുക്കോ മറ്റ് ഇരുണ്ട വസ്തുക്കളോ ആയിരിക്കാം ഇതിന് കാരണം എന്നാണ് കരുതുന്നത്. കറുത്ത മഞ്ഞുമല ഒരിക്കൽ ഒരു വലിയ ഹിമാനിയുടെ ഭാഗമായിരുന്നിരിക്കാം അത് പൊട്ടി സമുദ്രത്തിലേക്ക് വീണു. നിലവില്‍ ഉരുകിക്കൊണ്ട് ബാഫിൻ ബേയ്ക്ക് ചുറ്റും ലാബ്രഡോർ തീരത്ത് സഞ്ചരിക്കുകയാണെന്നും ശുദ്ധമായ ഐസിന്റെ 90 ശതമാനവും വെള്ളത്തിനടിയിലായിരിക്കും എന്നും കാനഡയിലെ മെമ്മോറിയൽ യൂണിവേഴ്സിറ്റിയിലെ ഗ്ലേഷ്യോളജിസ്റ്റ് ലെവ് തരാസോവ് പറയുന്നു