Smoke rises from a damaged building in the aftermath of Israeli strikes, in Tehran, Iran
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം. ആറ് ആണവശാസ്ത്രജ്ഞരും സൈനികമേധാവിയും കൊല്ലപ്പെട്ടു. ഇസ്രയേലില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭീഷണി ഒഴിയും വരെ ആക്രമണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. ഇസ്രയേലിന് കടുത്ത ശിക്ഷ കിട്ടുമെന്ന് ഇറാന്‍ പരമോന്ന നേതാവ് ആയത്തുല്ല അലി ഖമനയി. ഇറാന്‍ പ്രത്യാക്രമണം തുടങ്ങിയതായും 100 ഡ്രോണുകള്‍ ഇസ്രയേല്‍ ലക്ഷ്യമായെത്തിയെന്നും ഇസ്രയേല്‍ പ്രതിരോധ സേന.
Also Read: ഇസ്രയേല്‍ –ഇറാന്‍ സംഘര്‍ഷം; 10 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ട് എയര്‍ ഇന്ത്യ
‘ഓപ്പറേഷൻ റൈസിംഗ് ലയൺ' എന്ന പേരിലായിരുന്നു ഇറാന്റെ സൈനിക ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ടെഹ്റാനില്‍ ഇന്ന് പുലര്‌ച്ചെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണം. ഇറാനെതിരെ മുന്‍കരുതലെന്നോണം സൈനിക നടപടി ആരംഭിച്ചതായി തൊട്ടുപിറകെ തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രതികരണവും വന്നു. ഇറാനിലെ ആണവ കേന്ദ്രങ്ങളേയും, ബാലിസ്റ്റിക് മിസൈൽ ഫാക്ടറികളെയും, സൈനിക ശേഷികളെയും തകര്‍ക്കുകയായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം.ആക്രമണത്തില്‍ ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സ് മേധാവി ഹൊസൈൻ സലാമിയും സംയുക്ത സൈനിക മേധാവി ജനറല്‍ മുഹമ്മദ് ബഗേരിയും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ടെഹ്റാനിലെ ജനവാസ കേന്ദ്രങ്ങളില്‍ കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നതിന്റെ ദൃശ്യങ്ങളും പറത്തുവന്നു.
ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചതായും ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ടെഹ്റാനിലുള്ള നാതന്‍സ് സിറ്റിയിലെ ആണവ കേന്ദ്രം, തബ്‍രിസ് സിറ്റിയിലെ ആണവ ,സൈനിക കേന്ദ്രങ്ങളിലും, ഇസ്ഫഹാന്‍, അറാക്, പടിഞ്ഞാറന്‍ ടെഹ്റാനിലെ കെര്‍മാന്‍ ഷാ സിറ്റി എന്നിവിടങ്ങളിലുമായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ ഉടന്‍ തിരിച്ചടി നല്‍കുമെന്നാണ് സൂചന. ഇസ്രയേലിന് കടുത്ത ശിക്ഷ കിട്ടുമെന്ന് ഇറാന്‍ പരമോന്ന നേതാവ് ഖമനയി മുന്നറിയിപ്പ് നല്‍കി. ആക്രമണം ഇസ്രയേലിന് നല്‍കുക കയ്പുനിറഞ്ഞ ഭാവിയാണെന്നും ആണവ ശാസ്ത്രജ്ഞരും സൈനിക മേധാവികളും രക്തസാക്ഷികളായെന്നും ഖമനി പ്രതികരിച്ചു. ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനും ഇസ്രായേലും തങ്ങളുടെ വ്യോമപാത അടച്ചു. ഇസ്രയേലില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.
ആണവ പദ്ധതിയുമായി ഇറാൻ മുന്നോട്ട് പോകുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേലും ഇറാനും തമ്മിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഈ ആക്രമണം. ഇസ്രയേലിന്റേത് ഏകപക്ഷീയമായ ആക്രമണമെന്നാണ് യു.എസ് പ്രതികരണം. ഇറാനെതിരായ ആക്രമണങ്ങളിൽ ഞങ്ങൾ പങ്കാളികളല്ല, മേഖലയിലെ അമേരിക്കൻ സൈന്യത്തെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന മുൻഗണനയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണത്തിന് തയാറെടുക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍ തന്നെ കടുത്ത ജാഗ്രതയിലായിരുന്നു യുഎസ്.
ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷത്തില്‍ ആശങ്കയെന്ന് ഇന്ത്യ. ആണവ കേന്ദ്രങ്ങൾക്കുനേരെയുള്ള ആക്രമണങ്ങളടക്കം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സംഘർഷം രൂക്ഷമാക്കുന്ന നടപടികൾ ഇരുരാജ്യങ്ങളും ഒഴിവാക്കണം. പ്രശ്ന പരിഹാരത്തിന് നയതന്ത്ര മാർഗങ്ങൾ ഉപയോഗപ്പെടുത്തണം. പിന്തുണ നല്‍കാന്‍ തയാറെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കി. ഇറാന്‍ തിരിച്ചടി തുടങ്ങിയതോടെ സംഘര്‍ഷം രൂക്ഷമാകുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ഇതോടെ ഇറാനിലെയും ഇസ്രയേലിലെയും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യ യാത്രങ്ങള്‍ ഒഴിവാക്കണമെന്നും സ്ഥാനപതി കാര്യാലയങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കണമെന്നും വിദേശകാര്യമന്ത്രാലയം അഭ്യര്‍ഥിച്ചു.
വ്യോമഗതാഗതം താളംതെറ്റി
ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം മേഖലയിലെ വ്യോമഗതാഗതത്തിന്റെ താളം തെറ്റിച്ചു. ഇസ്രയേലിനും ഇറാനുമൊപ്പം ഇറാഖും വ്യോമപാത അടച്ചു, എല്ലാ വിമാന സര്‍വീസുകളെയും ഇത് സാരമായി ബാധിച്ചു. ഇതിനോടകം അഞ്ച് എയര്‍ ഇന്ത്യ വിമാനങ്ങള്‍ മടങ്ങി. പത്തെണ്ണം വഴിതിരിച്ചുവിട്ടു.
ടെഹ്്റാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് പിറകെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന്റെ ഒരു പ്രത്യാഘാതമായിരുന്നു രാജ്യാന്തര തലത്തില്‍ തന്നെ താറുമാറായ വിമാന സര്‍വീസുകള്‍. മുന്നറിയിപ്പില്ലാതെയാണ് ഇരുരാജ്യങ്ങളും വ്യോമപാത അടച്ചത്. ഇതേ തുടര്‍ന്ന് എയര്‍ ഇന്ത്യ 15 വിമാനങ്ങള്‍ തിരിച്ചുവിളിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എഐസി 129 എയര്‍ ഇന്ത്യ വിമാനമാണ് ആദ്യം തിരിച്ചുവിളിച്ചത്.
മൂന്നു മണിക്കൂറോളം ആകാശത്ത് തുടര്‍ന്നതിന് ശേഷമാണ് വിമാനം തിരിച്ചിറക്കാനുള്ള അനുമതി ലഭിച്ചത് . വിമാനം തിരിച്ചിറക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പവും നിലനിന്നിരുന്നു. വിമാനങ്ങളെല്ലാം തന്നെ പുറപ്പെട്ട വിമാനത്താവളങ്ങളിലേക്ക് തന്നെ തിരിച്ചിറക്കാനോ വഴിതിരിച്ചുവിടുകയോ ചെയ്യാനാണ് എയര്‍ ഇന്ത്യയുടെ ഒൗദ്യോഗിക തീരുമാനം.
വ്യാപാരരംഗത്ത് ആശങ്ക
ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷത്തില്‍ വ്യാപാരരംഗത്ത് ആശങ്ക. അസംസ്കൃത എണ്ണവില 12 ശതമാനം കുതിച്ചുയര്‍ന്നു. ഓഹരിവിപണികളില്‍ ഇടിവുണ്ടായി. രൂപയുടെ മൂല്യം ഒരുഘട്ടത്തില്‍ 61 പൈസ വരെ താഴ്ന്നതോടെ റിസര്‍വ് ബാങ്ക് ഇടപെട്ടു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു.
പശ്ചിമേഷ്യയിലെ ഏതു സംഘര്‍ഷവും ഏറ്റവുമധികം ബാധിക്കുന്ന ക്രൂഡോയില്‍ വില കുതിച്ചുയരുകയാണ്. ബാരലിന് 78 ഡോളര്‍ വരെയായി ഇന്ത്യ വാങ്ങാറുള്ള ബ്രെന്‍റ് ക്രൂഡിന്‍റെ വില ഉയര്‍ന്നു. പശ്ചിമേഷ്യയില്‍ നിന്നുള്ള ക്രൂഡോയില്‍ വിതരണത്തില്‍ പ്രാധാന്യമുള്ള ഹോര്‍മൂസ് ലൈന്‍ അടയ്ക്കാനോ വിതരണം നിയന്ത്രിക്കാനോ ഇറാന്‍ തീരുമാനിച്ചാല്‍ സ്ഥിതി നിയന്ത്രണാതീതമാകും. ഇന്ത്യയുടെ ക്രൂഡോയില്‍ ഇറക്കമതിയുടെ 45 ശതമാനത്തോളം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. ബാരലിന് പത്തു ഡോളറിന്‍റെ വര്‍ധനയുണ്ടായാല്‍ ഒന്നര ശതമാനത്തോളം വിലക്കയറ്റം ഇന്ത്യ ഉള്‍പ്പടെ ഏഷ്യന്‍രാജ്യങ്ങളിലുണ്ടാകുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ മുന്നറിയിപ്പ്.
ക്രൂഡോയില്‍ വില കൂടിയാല്‍ ഇന്ത്യയുടെ വ്യാപാരകമ്മി ഉയരും, ഡോളറിനെതിരെ രൂപയുടെ മൂല്യം താഴും. രൂപയുടെ മൂല്യം 55 പൈസ താഴ്ന്നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. തകര്‍ച്ച കടുത്തതോടെ കരുതല്‍ ശേഖരത്തില്‍ നിന്ന് ഡോളര്‍ ഇറക്കി ആര്‍.ബി.ഐ ഇടപെട്ടു. ഓഹരി വിപണികളും നഷ്ടത്തിലാണ്. സെന്‍സെക്സ് 1100 പോയിന്‍റ് താഴ്ന്നാണ് വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് അല്‍പം മെച്ചപ്പെട്ടു. എല്ലാ സെക്ടറുകളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ലോക വ്യാപകരമായി ഓഹരി വിപണികള്‍ ഇടിഞ്ഞതോടെ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് പണമൊഴുകി. 3438 ഡോളറായി സ്വര്‍ണത്തിന്‍റെ രാജ്യാന്തരവില. ഇവിടെ പവന് 1560 രൂപ കൂടി 74360 ആയി. ഗ്രാമിന് 195 കൂടി 9295 രൂപയും. പണിക്കൂലി കൂട്ടിയാല്‍ ഒരു പവന്‍ സ്വര്‍ണാഭരണംവാങ്ങാന്‍ 80000 രൂപയും ഒരു ഗ്രാമിന് 10000 രൂപയും കൊടുക്കണം. ഇത് സ്വര്‍ണവ്യാപാരത്തെയും ബാധിചിട്ടുണ്ട്.