ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന എഐ പ്ലാറ്റ്ഫോമുകളില്‍ ഒന്നായ ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യാന്‍ കഴിയുന്നുണ്ടെങ്കിലും നിര്‍ദേശങ്ങളോട് ചാറ്റ് ജിപിടി പ്രതികരിക്കുന്നില്ല. പ്രോംപ്റ്റുകള്‍ക്ക് ‘സംതിങ് വെന്‍റ് റോങ്’, ‘സെര്‍ച്ചിങ് ഫോര്‍ വെബ്’തുടങ്ങിയ മറുപടികളാണ് ലഭിക്കുന്നതെന്ന് ഒട്ടേറെ യൂസര്‍മാര്‍ പരാതിപ്പെട്ടു. ഇന്ത്യയില്‍ 3.06 വരെ 854 പരാതികള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടതായി ആപ്, വെബ്സൈറ്റ് ഡിസ്റപ്ഷനുകള്‍ രേഖപ്പെടുത്തുന്ന ‘ഡൗണ്‍ ഡിറ്റക്ടര്‍’ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും വ്യാപകമായി പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ചാറ്റ് ജിപിടി പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ട സമയത്ത് പ്രോംപ്റ്റുകള്‍ക്ക് ലഭിച്ച മറുപടി
ചാറ്റ് ജിപിടിക്ക് പുറമേ ടെക്സ്റ്റ് പ്രോംപ്റ്റുകളില്‍ നിന്ന് വിഡിയോ ജനറേറ്റ് ചെയ്യുന്ന ‘സോറ’ പ്ലാറ്റ്ഫോമിന്‍റെ പ്രവര്‍ത്തനത്തിലും തടസങ്ങളുണ്ടെന്ന് ഓപ്പണ്‍ എഐ അവരുടെ സ്റ്റാറ്റസ് പ്ലാറ്റ്ഫോം വഴി അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പരാതികളുള്ളത് ചാറ്റ് ജിപിടിയുടെ അടിസ്ഥാനസേവനങ്ങളുടെ കാര്യത്തിലാണ്. 84 ശതമാനം പേര്‍ കോര്‍ ഫങ്ഷണാലിറ്റി പ്രശ്നങ്ങളും 14 ശതമാനം പേര്‍ മൊബൈല്‍ ആപ്ലിക്കേഷനിലെ പ്രശ്നങ്ങളുമാണ് ഉന്നയിച്ചത്. എപിഐ പ്രശ്നങ്ങളും വ്യാപകമാണ്.
യുഎസില്‍ 2.29നാണ് ആദ്യം പ്രശ്നം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം ആയിരത്തോളം പരാതികള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടു. സാന്‍ഫ്രാന്‍സിസ്കോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടെക് ഭീമനാണ് ഓപ്പണ്‍ എഐ. പ്രശ്നത്തിന്‍റെ കാരണം കണ്ടെത്താനുള്ള പരിശ്രമത്തിലാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എപ്പോള്‍ പരിഹാരമുണ്ടാകുമെന്ന് വ്യക്തമല്ല.
ചാറ്റ് ജിപിടി സേവനങ്ങള്‍ തടസപ്പെട്ടതില്‍ നിരാശ പ്രകടിപ്പിച്ച് ലോകമെമ്പാടും നിന്നുള്ള ഒട്ടേറെപ്പേര്‍ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റുകള്‍ ഇട്ടു. വ്യക്തിപരമായും പ്രഫഷണല്‍ ആവശ്യങ്ങള്‍ക്കും അക്കാദമിക് ആവശ്യങ്ങള്‍ക്കും കോടിക്കണക്കിനാളുകളാണ് ചാറ്റ് ജിപിടി സേവനങ്ങള്‍ ഉപയോഗിക്കുന്നത്. പ്രശ്നത്തോടെ ഓപ്പണ്‍ എഐ പ്രതികരിച്ച രീതിയും വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
Google trending topic: chatgpt outage