സ്ട്രേഞ്ചർ തിങ്സ് സീസൺ 5-ന്റെ ഫിനാലെ എപ്പിസോഡ് റിലീസ് ചെയ്തതിന് പിന്നാലെ നെറ്റ്ഫ്ലിക്സ് തകരാറില്‍. ലോകമെമ്പാടുമുള്ള ഒട്ടേറെ പ്രേക്ഷകരാണ് നെറ്റ്ഫ്ലിക്സിൽ വ്യാപകമായി തടസം നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ട്രേഞ്ചർ തിങ്സിനായി കാത്തിരുന്ന പല ആരാധകര്‍ക്കും അവസാന എപ്പിസോഡ് സ്ട്രീം ചെയ്യാൻ സാധിച്ചില്ല. മിനിറ്റുകളോളം മാത്രമേ ഔട്ടേജ് നിലനിന്നുള്ളൂ. ഇതിനകം പ്രതിസന്ധി പരിഹരിച്ച് നെറ്റ്ഫ്ലിക്സ് തിരിച്ചു വന്നിരുന്നു.
റിലീസ് ചെയ്ത് മിനിറ്റുകൾക്കകം വൻതോതിൽ പ്രേക്ഷകർ ഒരേസമയം സ്ട്രീം ചെയ്യാന്‍ ശ്രമിച്ചതും നെറ്റ്ഫ്ലിക്സ് ഉപയോഗിച്ചതുമാണ് പ്രതിസന്ധിക്ക് കാരണമായത്. സെര്‍ച്ച് ചെയ്ത പലര്‍ക്കും എറർ മെസ്സേജുകളാണ് ലഭിച്ചത്. പലർക്കും ബഫറിങ് പ്രശ്നങ്ങൾ നേരിടുകയും അപ്രതീക്ഷിതമായി അക്കൗണ്ട് ലോഗ് ഔട്ട് ആകുകയും ചെയ്തു. ഔട്ടേജ് ട്രാക്കറുകളും നെറ്റ്ഫ്ലിക്സ് തകരാറിലായതായി സ്ഥിരീകരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഒട്ടേറെപ്പേര്‍ ലോഗിൻ പരാജയപ്പെട്ടതിന്‍റെയും ലോഡിംഗ് എററുകളുടെയും സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് പരാതിയുമായി എത്തിയിരുന്നു.
നേരത്തേ നവംബർ 26 ന് 'സ്‌ട്രേഞ്ചർ തിങ്സ്' സീസൺ 5 ന്‍റെ പ്രീമിയറിന് തൊട്ടുമുന്‍പും സമാന തടസം നേരിട്ടിരുന്നു. എന്നാല്‍ കുറച്ച് മണിക്കൂറുകൾക്ക് ശേഷം നെറ്റ്ഫ്ലിക്സ് വീണ്ടും സാധാരണ നിലയിലായി. 2022 ജൂലൈയിലും സ്ട്രേഞ്ചർ തിങ്സിന്‍റെ എപ്പിസോഡുകള്‍ പുറത്തുവന്ന സമയത്തും സാങ്കേതിക തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ വർഷം മൈക്ക് ടൈസൺ vs. ജെയ്ക്ക് പോൾ ബോക്സിങ് മത്സരം തത്സമയം സംപ്രേഷണം ചെയ്തപ്പോളും ലൈവ് സ്ട്രീം പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ച്ചയായി പ്രധാന റിലീസുകൾക്ക് തൊട്ടുമുമ്പ് ഉണ്ടാകുന്ന സാങ്കേതിക തടസ്സങ്ങള്‍ ഉപയോക്താക്കളിലും ആശങ്കയുയര്‍ത്തുന്നുണ്ട്. അതേസമയം, ക്രിസ്മസ് ദിനത്തിൽ പുറത്തിറങ്ങിയ സ്ട്രേഞ്ചർ തിങ്സ് സീസൺ 5 ന്‍റെ എപ്പിസോഡുകള്‍ സുഗമമായി സംപ്രേക്ഷണം ചെയ്യപ്പെട്ടിരുന്നു.
നെറ്റ്ഫ്ലിക്സിന്‍റെ ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിലൊന്നാണ് സ്ട്രേഞ്ചർ തിങ്സ്. സയന്‍സ് ഫിക്ഷന്‍– ഹൊറർ ഡ്രാമ സീരീസ് ആരാധകരുടെ എക്കാലത്തെയും പ്രിയ്യപ്പെട്ട ഷോ. നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രിയമായതും ഏറ്റവുമധികം ആളുകൾ കണ്ടതുമായ സീരീസുകളിൽ ഒന്ന്.
2016 ലാണ് സ്ട്രേഞ്ചർ തിങ്സ് സ്ട്രീമിങ് ആരംഭിച്ചത്. 1980-കളിലെ ഇൻഡ്യാനയിലെ ഹോക്കിൻസ് എന്ന സാങ്കൽപ്പിക നഗരത്തിലാണ് കഥ നടക്കുന്നത്. വില്യം എന്ന കുട്ടിയുടെ ദുരൂഹമായ തിരോധാനം, 'ഇലവൻ' എന്ന പെൺകുട്ടിയുടെ വരവ്, 'അപ്സൈഡ് ഡൗൺ' എന്ന സമാന്തര ലോകം എന്നിവയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. പരമ്പര അഞ്ചാം സീസണോടെ അവസാനിക്കുകയാണ്.