An Israeli solider passes a bun to Greta Thunberg onboard the Gaza-bound British-flagged yacht "Madleen" after Israeli forces boarded the charity vessel as it attempted to reach the Gaza Strip in defiance of an Israeli naval blockade, in this still image released on June 9, 2025. Israel Foreign Ministry via X/Handout via REUTERS

പലസ്തീനിലേക്ക് സഹായവുമായെത്തിയ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബെര്‍ഗിനെ തടഞ്ഞ് ഇസ്രയേല്‍. തനിക്കൊപ്പം പലസ്തീനിലേക്ക് കപ്പലിലെത്തിയ സംഘത്തെ ഇസ്രയേല്‍ തട്ടിക്കൊണ്ടുപോയി തടവില്‍ വച്ചെന്ന് ഗ്രേറ്റ പറഞ്ഞു. അതേസമയം ആരോപണം ഇസ്രയേല്‍ നിഷേധിക്കുകയാണ്.

ഗാസയിലേക്ക് സഹായവുമായി കപ്പലിലാണ് ഗ്രേറ്റ ട്യൂന്‍ബെര്‍ഗിന്‍റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്സ് , സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളള 12 സന്നദ്ധ പ്രവര്‍ത്തകരാണ് മദ്ലീന്‍ എന്ന കപ്പലിലുണ്ടായിരുന്നത്. കപ്പല്‍ ഗാസയിലെത്തുംമുന്‍പ് തടയാന്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന് പ്രതിരോധമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. കടലില്‍ കപ്പല്‍ വളഞ്ഞ ഇസ്രയേല്‍ സൈന്യം സംഘത്തെ തടഞ്ഞുവച്ചു. പിന്നാലെയാണ് അറസ്റ്റിലായെന്നും രക്ഷിക്കാന്‍ രാജ്യാന്തരസമൂഹം ഇടപെടണമെന്നും ഗ്രേറ്റയുടെയും ഫ്രഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തക റിമ ഹുസൈന്‍റെയും വിഡിയോസന്ദേശം പുറത്തുവരുന്നത്. 

എന്നാല്‍ അറസ്റ്റ് ആരോപണം നിഷേധിച്ച ഇസ്രയേല്‍ ഇവര്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാമെന്നറിയിച്ചു. പലസ്തീന് ചുററുമുള്ള നാവികഉപരോധം മറികടക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഇസ്രയേല്‍ ആവര്‍ത്തിച്ചു.

ഇന്ന് രണ്ട് മില്യണ്‍ ആളുകള്‍ ഗാസയില്‍ പട്ടിണിയില്‍ മരണത്തിന്‍റെ വക്കിലെന്നാണ് യുഎന്‍ പുറത്തുവിടുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയിലെത്തുന്ന സഹായത്തിന്‍റെ ചെറിയൊരംശം മാത്രമേ ഇസ്രയേല്‍ കടത്തിവിടുന്നുള്ളൂ. കടുത്ത മനുഷ്യാവകാശധ്വംസനം നടക്കുന്നുവെന്ന ആരോപണത്തിനിടെയാണ് സഹായവുമായി മനുഷ്യാവകാശപ്രവര്‍ത്തകരുടെ കൂട്ടായ്മയെത്തിയത്. ലോകത്ത് പലയിടത്തും നടന്നിട്ടുളള പരിസ്ഥിതി സമരങ്ങളുടെ പേരില്‍ പലവട്ടം അറസ്റ്റ് വരിച്ചിട്ടുണ്ട്, സ്വീ‍ഡനില്‍ നിന്നുള്ള 22 കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ. 

ENGLISH SUMMARY:

Environmental activist Greta Thunberg claims she and her team were detained by Israeli forces while en route to deliver humanitarian aid to Gaza. The group, aboard the vessel Madleen, included 12 volunteers from Brazil, France, Germany, the Netherlands, and Sweden. Thunberg and fellow activist Rima Hussein urged international intervention through a video message. Israel denied the arrest but reiterated its naval blockade around Palestine. The incident comes amid a dire humanitarian crisis in Gaza, with two million people at risk of famine, as per recent UN reports.