Image: thelallantop/x
ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന സാധാരണ സംരംഭക..അതുമാത്രമായിരുന്നു പുറമേയ്ക്ക് നൊഷാബ ഷെഹ്സാദെന്ന യുവതി. പക്ഷേ പാക് ചാരസംഘടനയായ ഐഎസ്ഐയിലും സൈന്യത്തിലും നൊഷാബ 'മാഡം എന്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. ഉന്നതരുമായും അധികാര കേന്ദ്രങ്ങളിലും അടുത്ത ബന്ധം. ഒറ്റ ഫോണ്‍വിളിയില്‍ ഇന്ത്യയില്‍ നിന്ന് എത്ര പേര്‍ക്ക് വേണമെങ്കിലും പാക് വീസ. അതിവിപുലമായിരുന്നു നൊഷാബയുടെ സ്വാധീനവലയമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Image: x.com/satyaagrahindia
ജയാന ട്രാവല്‍ ആന്‍റ് ടൂറിസമെന്ന ഏജന്‍സി മറയാക്കിയാണ് നൊഷാബ മാഡം എന്‍ ആയി വിലസിയത്. ഐഎസ്ഐയാണ് മുന്‍ പാക് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ഷഹ്സാദ് മസൂദിന്‍റെ ഭാര്യയ്ക്ക് 'മാഡം എന്‍' എന്ന പേരിട്ടത്. മാഡം വഴിയാണ് ജ്യോതി മല്‍ഹോത്രയുള്‍പ്പടെയുള്ളവര്‍ പാക്കിസ്ഥാനിലെത്തിയതും പാക്കിസ്ഥാനെ പുകഴ്ത്തിയുള്ള വിഡിയോകള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതും.
ആറുമാസത്തിനുള്ളില്‍ 3000 ഇന്ത്യക്കാരെയും 1500 പ്രവാസികളെയുമാണ് നൊഷാബ പാക്കിസ്ഥാനിലെത്തിച്ചത്. 500 ചാരന്‍മാരെയെങ്കിലും കുറഞ്ഞത് നൊഷാബ ഇന്ത്യയില്‍ അതി വിദഗ്ധമായി സൃഷ്ടിച്ചെടുത്തിരുന്നുവെന്നും ഈ സ്ലീപര്‍ സെല്ലിന്‍റെ നേതൃത്വം ഇവര്‍ക്കായിരുന്നുവെന്നുമാണ് കണ്ടെത്തല്‍. ഐഎസ്ഐയില്‍ നിന്ന് വിദഗ്ധ നിര്‍ദേശങ്ങളും പരിശീലനവും നൊഷാബയ്ക്ക് ലഭിച്ചിരുന്നുവെന്നും ഇതനുസരിച്ചാണ് ഇന്ത്യയില്‍ സ്ലീപര്‍ സെല്‍ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ഏകോപിപ്പിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
Photo Credit; Instagram( jyoti malhotra )
പാക്കിസ്ഥാനിലേക്കുള്ള വീസകള്‍ മുഴുവനും മാഡം എന്‍ സ്പോണ്‍സര്‍ ചെയ്തതും ശുപാര്‍ശ ചെയ്തതുമായിരുന്നുവെന്നും ഇന്ത്യയില്‍ നിന്ന് വിനോദസഞ്ചാരികളെ പാക്കിസ്ഥാനിലേക്ക് എത്തിക്കാന്‍ മറ്റ് സംവിധാനങ്ങവൊന്നും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഹിന്ദു–സിഖ് തീര്‍ഥാടകരെ പാക്കിസ്ഥാനിലെ ഗുരുദ്വാരകള്‍ സന്ദര്‍ശിക്കാന്‍ എത്തിക്കുന്ന ട്രാവല്‍ ഏജന്‍സിയും നൊഷാബയുടേതായിരുന്നു. ഇതോടെയാണ് അന്വേഷണം വേഗത്തില്‍ നൊഷാബയിലേക്ക് എത്തിയത്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരില്‍ നിന്ന് ഭീമമായ തുകയാണ് നൊഷാബ കൈപ്പറ്റിയിരുന്നതെന്നും ഈ പണം പാക് അനുകൂല പ്രചാരണങ്ങള്‍ക്കായാണ് ഉപയോഗിച്ചിരുന്നതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
ഇന്ത്യയില്‍ നിന്നെത്തുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരെ പാക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഐഎസ്ഐ ഉദ്യോഗസ്ഥര്‍ക്കും പരിചയപ്പെടുത്തി നല്‍കിയതും നൊഷാബയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഡല്‍ഹിയിലെ പാക് എംബസിയുമായും അടുത്ത ബന്ധമാണ് നൊഷാബ പുലര്‍ത്തിയിരുന്നത്. വീസ വിഭാഗം ഫസ്റ്റ് സെക്രട്ടറിയായ സുഹൈല്‍ ഖമ്മര്‍, ഉമര്‍ ഷേര്യാര്‍ എന്നിവരുമായി അടുത്ത ബന്ധമായിരുന്നുവെന്നും ഒറ്റ വിളിയില്‍ പാക് വീസ മാഡം സംഘടിപ്പിക്കുമായിരുന്നുവെന്നും ഉന്നതവൃത്തങ്ങള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എംബസിയില്‍ വീസ ഓഫിസറായി ജോലി ചെയ്തിരുന്ന ഐഎസ്ഐ ഉദ്യോഗസ്ഥന്‍ ഡാനിഷ് എന്നറിയപ്പെടുന്ന എഹ്സാന്‍ ഉര്‍ റഹ്മാനുമായും 'മാഡം എന്‍' അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ജ്യോതി മല്‍ഹോത്ര പിടിയിലായതിന് പിന്നാലെ ഡാനിഷിനെ ഇന്ത്യയില്‍ നിന്ന് പുറത്താക്കിയിരുന്നു.