അധിക തീരുവയെ ചൊല്ലിയുള്ള അടിയൊന്നടങ്ങിയതിന് പിന്നാലെയാണ് അമേരിക്ക ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ തിരിയുന്നത് . കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ളവരും തന്ത്രപ്രധാനമേഖകളില്‍ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്നവരുമടക്കമുള്ള വിദ്യാര്‍ഥികളുടെ അമേരിക്കയിലെ ഭാവിയാണ് ചോദ്യചിഹ്നമായിരിക്കുന്നത്. ഈ വിദ്യാര്‍ഥികളുടെ വീസകള്‍ റദ്ദാക്കി തുടങ്ങുന്നു എന്ന മുന്നറിയിപ്പാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പ്രഖ്യാപനത്തിലുള്ളത്. അമേരിക്കൻ സർവകലാശാലകളിൽ ചേർന്ന ലക്ഷക്കണക്കിന് ചൈനീസ് പൗരന്മാര്‍ ഞെട്ടലോടെയാണ് ഈ പ്രഖ്യാപനം കേട്ടത്. ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നും ലഭിക്കുന്ന എല്ലാ വീസ അപേക്ഷകളും ഭാവിയില്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും . ഇതിനായി വീസ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുമെന്നും റൂബിയോയുടെ പ്രസ്താവനയിലുണ്ട്. ബീജിങ്ങിലെ ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവാണ് ഈ നീക്കത്തെ അപലപിച്ച് ആദ്യം രംഗത്തെത്തിയത്.
യുഎസ്-ചൈന വ്യാപാര തർക്കം അയയുന്നു എന്ന സൂചനയ്ക്ക് പിന്നാലെയാണ് ചൈനീസ് വിദ്യാർഥിവീസകൾ റദ്ദാക്കാനുള്ള തീരുമാനം. യുഎസ് വാണിജ്യ വകുപ്പിന്‍റെ കണക്കനുസരിച്ച്, ഇന്ത്യയും ചൈനയും അടങ്ങിയ രാജ്യാന്തര വിദ്യാര്‍ഥി സമൂഹം 2023 ൽ യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് 50 ബില്യൺ ഡോളറിലധികം സംഭാവന നൽകിയിരുന്നു. അമേരിക്കൻ സ്കൂളുകളുടെയും ഒരു പ്രധാന വരുമാന സ്രോതസ്രായ ചൈനീസ് വിദ്യാര്‍ഥികള്‍ക്കെതിരെ എന്നിട്ടും എന്തുകൊണ്ടാകും ഇങ്ങനെയൊരു നീക്കം?
1970 കളുടെ അവസാനത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയിൽ നിന്ന് യുഎസിലേക്ക് ഉന്നത വിദ്യാഭ്യാസം തേടി വിദ്യാർത്ഥികളുടെ ഒഴുക്ക് ആരംഭിച്ചത്. ചൈനയുടെ തീവ്രമായ മത്സരാധിഷ്ഠിത സർവകലാശാലാ സംവിധാനത്തിന് ബദൽ തേടി ഒട്ടേറെ ചൈനീസ് വിദ്യാർത്ഥികൾ രാജ്യത്തിന് പുറത്തേക്ക് വാതില്‍ തുറന്നിറങ്ങി. അവരുടെയെല്ലാം ഇഷ്ടലക്ഷ്യം അമേരിക്കയും. സമീപ ദശകങ്ങളില്‍ ആ തിരഞ്ഞെടുപ്പില്‍ അമേരിക്ക ഒന്നാമിടവുമായി. യുഎസ് സർവകലാശാലകളുടെ ഉയർന്ന ചെലവ് താങ്ങാൻ കഴിയുന്ന സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു ചൈനീസ് വിദ്യാര്‍ഥികളില്‍ ഏറിയ പങ്കും.അവരിൽ പലരും ബിരുദം നേടിയ ശേഷം അമേരിക്കയില്‍ തന്നെ തൊഴില്‍ തേടി. അമേരിക്കയുടെ തൊഴില്‍ ഗവേഷണ മേഖലകള്‍ക്ക് ഇവര്‍ നല്‍കിവന്ന സംഭാവനയും ചെറുതല്ല.
2024 ൽ യുഎസിലെ ചൈനീസ് വിദ്യാർത്ഥികളുടെ എണ്ണം ഏകദേശം 277,000 ആയി കുറഞ്ഞു. 2019ല്‍ ഇത് 370,000 ആയിരുന്നു. ലോകത്തിലെ രണ്ട് സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വാണിജ്യയുദ്ധം, ചൈനീസ് വിദ്യാര്‍ഥി പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ സുക്ഷ്മപരിശോധന, കൊവിഡ് വ്യാപനം എന്നിവയെല്ലാം വിദ്യാര്‍ഥികളുടെ എണ്ണം കുറയാന്‍ കാരണമായി. യുഎസ് ചൈന രാഷ്ട്രീയവൈരാഗ്യം ഒരു ശീതയുദ്ധത്തിന്‍റെ തലത്തിലേക്ക് വളർന്നതോടെ ചൈനീസ് വിദ്യാര്‍ഥികളെക്കുറിച്ചുള്ള ചില പരമ്പരാഗത സംശയങ്ങള്‍ ശക്തി പ്രാപിക്കുകയും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാവുകയും ചെയ്തു.
ട്രംപ് എന്തിനാണ് ചൈനീസ് വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത്?
ദേശീയ സുരക്ഷ, ബൗദ്ധിക സ്വത്ത് സാങ്കേതികവിദ്യ എന്നിവയില്‍ ആദ്യ ട്രംപ് ഭരണകൂടം കര്‍ക്കശമായ സമീപനമാണ് സ്വീകരിച്ചുവന്നത്. ചൈനീസ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള നീക്കം അന്നേ തുടങ്ങിയതാണ്. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളെയും പോസ്റ്റ് ഡോക്ടറേറ്റ് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും ബൗദ്ധിക സ്വത്ത് സമാഹരണത്തിനായി ചൈന ഉപയോഗിക്കുന്നു എന്ന ആക്ഷേമാണ് ട്രംപ് 2020ല്‍ ഉന്നയിച്ചത് . സൈന്യവുമായി ബന്ധപ്പെട്ട സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും അന്ന് ട്രംപ് പങ്കുവച്ചിരുന്നു.
മറ്റു രാജ്യങ്ങളിലെ പഠിതാക്കളില്‍ നിന്നും വ്യത്യസ്തമായി എന്താണ് ചൈനീസ് വിദ്യാര്‍ഥികള്‍ അമേരിക്കയ്ക്ക് ഉയര്‍ത്തുന്ന ഭീഷണി എന്നതിന്‍റെ ഉത്തരവും ഇതില്‍നിന്നുതന്നെ വ്യക്തമാണ്. അത്യാധുനിക സാങ്കേതികവിദ്യ, ശാസ്ത്ര, സാങ്കേതികവിദ്യയിലെ നൂതന കണ്ടുപിടിത്തങ്ങള്‍, ബൗദ്ധിക സ്വത്ത്, എന്നിവയുടെ മോഷണം, ചാരവൃത്തി എന്നിവയ്ക്ക് വിദ്യാര്‍ഥികളെ ചൈന വ്യാപകമായി ഉപയോഗിക്കുന്നു എന്ന പരമ്പരാഗത വിശ്വാസം തന്നെയാണ് ഇതിന് പ്രധാന കാരണം. സാങ്കേതിക, സാമ്പത്തിക രംഗങ്ങളില്‍ ഞെട്ടിക്കുന്ന വേഗത്തില്‍ ചൈന വളര്‍ന്നതും വന്‍ശക്തിയായതും സാമ്പത്തികരംഗത്തെ ചാരവൃത്തി വഴിയാണെന്നാണ് പരക്കെയുള്ള ആക്ഷേപം. അമരിക്കയില്‍ നിലനല്‍ക്കുന്ന സമാനമായ കേസുകളിലെല്ലാം ചൈന പ്രതിസ്ഥാനത്തുമാണ്.
ഓരോ 12 മണിക്കൂറിലും ചൈനയുടെ ചാരവൃത്തിക്കെതിരെ ഒരു കേസെങ്കിലും എഫ്.ബി.ഐ റജിസ്റ്റര്‍ ചെയ്യുന്നുണ്ട്. 2017-ലെ ബൗദ്ധിക സ്വത്തവകാശ (ഐ.പി) കമ്മീഷന്‍റെ റിപ്പോര്‍ട്ടനുസരിച്ച് ഒരു വര്‍ഷം ഈ മോഷണം കാരണം അമേരിക്കയ്ക്കുണ്ടാവുന്ന നഷ്ടം 225 ബില്യന്‍ ഡോളറിനും 600 ബില്യന്‍ ഡോളറിനും ഇടയ്ക്കാണ്. 2019-ലെ സി.എന്‍.ബി.സി സര്‍വേ പ്രകാരം അമേരിക്കയിലെ അഞ്ചിലൊന്ന് കമ്പനികളും ചൈനീസ് ഐപി മോഷണത്തിന് ഇരയായിട്ടുണ്ടെന്നും പറയുന്നു.
ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ അമേരിക്കയും യൂറോപ്പും കൈവരിക്കുന്ന പുരോഗതികളും ശാസ്ത്ര രഹസ്യങ്ങളും വിദ്യാര്‍ഥികളെയും ഗവേഷകരെയും ചാരന്‍മാരെയും ഉപയോഗിച്ച് ചൈന ചോര്‍ത്തിയെടുക്കുന്നു എന്നത് അത്ര പുതിയൊരു ആരോപണമല്ല. സ്മാര്‍ട്ട്‌ഫോണ്‍ ഗവേഷണരംഗത്ത് കോടിക്കണക്കിന് ഡോളര്‍ ചെലവിട്ട് വര്‍ഷങ്ങള്‍ അധ്വാനിച്ച് നേടുന്ന കണ്ടുപിടിത്തങ്ങളും പേറ്റന്‍റുമൊക്കെ അവിശ്വസനീയമായ വേഗത്തില്‍ ചൈന സ്വന്തമാക്കിയത് ലോകം കണ്ടിട്ടുണ്ട്. വൈബ്സൈറ്റുകള്‍ ഹാക്ക് ചെയ്തതിനും വ്യാപാര രഹസ്യങ്ങള്‍ ചോര്‍ത്തിയതിനും വിദ്യാര്‍ഥികള്‍ അടക്കമുള്ള ചൈനീസ് പൗരന്‍മാര്‍ക്കെതിരെ ഒട്ടേറെ കേസുകള്‍ അമേരിക്കയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വിദ്യാര്‍ഥികളെ ഉപയോഗിച്ച് അമേരിക്കയുടെ നൂതന കണ്ടുപിടിത്തങ്ങളെ സൈനികാവശ്യങ്ങള്‍ക്ക് ചോര്‍ത്തുന്നതു സംബന്ധിച്ച കണക്കുകള്‍ സമീപകാലത്ത് എഫ്.ബി.ഐ തന്നെ പുറത്തുവിട്ടിരുന്നു.
അത്യാധുനിക ശാസ്ത്ര, സാങ്കേതികവിദ്യകള്‍ മോഷ്ടിച്ചെടുക്കാന്‍ ആസൂത്രിത രീതികള്‍ ചൈനയ്ക്കുണ്ടെന്നും അമേരിക്ക വിലയിരുത്തുന്നു. സര്‍വകലാശാലകള്‍, ഗവേഷണകേന്ദ്രങ്ങള്‍, പ്രതിരോധ കരാര്‍ കമ്പനികള്‍, സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും അതിവിദഗ്ധമായ സൈബര്‍ ആക്രമണത്തിലൂടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ഒരു രീതി. നിര്‍ണായക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്ഥാപനങ്ങളില്‍ നുഴഞ്ഞു കയറി രഹസ്യങ്ങള്‍ ചോര്‍ത്തുന്നതും പതിവാണ്. ഗവേഷണത്തിന് അമേരിക്കന്‍ സര്‍വകലാശാലകളുമായി ഉണ്ടാക്കുന്ന പങ്കാളിത്തം വഴിയും അമേരിക്കന്‍ സാങ്കേതികവിദ്യ ചൈന സ്വന്തമാക്കുന്നുണ്ട്. ഇത്തരത്തില്‍ സങ്കേതികവിദ്യ സമാഹരിക്കുന്നതിന് സര്‍ക്കാര്‍ പിന്തുണയും ലഭിക്കും. സൈനിക സാങ്കേതികവിദ്യയിലെ ചൈനയുടെ മുന്നേറ്റത്തിനു പിന്നില്‍ ഈ മോഷണതന്ത്രമുണ്ട്.
ചൈനയ്ക്ക് പറയാനുള്ളത്
ഐ.പി മോഷണം സംബന്ധിച്ച ആരോപണങ്ങളെ ചൈന എല്ലായ്പ്പോഴും നിഷേധിച്ചുപോന്നിട്ടുണ്ട്. ചൈനീസ് കമ്പോളത്തില്‍ പ്രവേശനം കിട്ടാനായി പാശ്ചാത്യസ്ഥാപനങ്ങള്‍ സ്വമേധയാ സാങ്കേതികവിദ്യാ കൈമാറ്റം നടത്തിയതാണെന്ന് അവര്‍ അവകാശപ്പെടുന്നു. 2001-ല്‍ ലോകവ്യാപാര സംഘടനയില്‍ അംഗത്വം ലഭിച്ച ചൈന പിന്നീട് സംഘടനയുടെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണം സംബന്ധിച്ച കരാറില്‍ ഒപ്പുവെക്കുകയും അതനുസരിച്ച് തങ്ങളുടെ ഐ.പി. നിയമങ്ങള്‍ പരിഷ്‌കരിക്കുകയും ചെയ്തു. 2019-ല്‍ വിദേശനിക്ഷേപ നിയമം അനുസരിച്ച് സമ്മര്‍ദം ചെലുത്തി സാങ്കേതികവിദ്യാ കൈമാറ്റം നേടുന്നത് തടഞ്ഞു.
അമേരിക്കയുടെ വീസാ വിലക്ക് ആര്‍ക്കൊക്കെ?
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി (സി.സി.പി) ബന്ധമുള്ള വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കുമെന്ന് പറയുമ്പോള്‍ ഏതാണ്ട് എല്ലാവരെയും വിലക്കും എന്നുതന്നെയാണ് വിലയിരുത്തേണ്ടത്. ചൈനയിലെ ഏതാണ്ട് എല്ലാ പൗരന്മാരും ഏതെങ്കിലും ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കും. ഏതെങ്കിലും തരത്തില്‍ സി.സി.പിയുമായി ബന്ധമില്ലാത്തവര്‍ കുറവാണ്. ഉന്നത സാങ്കേതികവിദ്യകള്‍, നിര്‍മ്മിതബുദ്ധി, റോബോട്ടിക്‌സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയവ-പഠിക്കുന്ന ചൈനീസ് വിദ്യാര്‍ഥികളെ സി.സി.പിയുമായി ബന്ധമുള്ളവര്‍ എന്ന് മുദ്രകുത്തി പുറത്താക്കാനെളുപ്പമാണ്.
അമേരിക്കൻ സർവകലാശാലകളിൽ എത്ര ചൈനീസ് വിദ്യാർത്ഥികള്‍?
2010 നും 2019 നുമിടയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ആഗോളതലത്തിൽ ഏറ്റവുമധികം രാജ്യാന്തരവിദ്യാര്‍ഥികള്‍ എത്തിയത് ചൈനയില്‍ നിന്നാണ്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് രാജ്യാന്തര അതിർത്തികള്‍ അടച്ചുപൂട്ടിയോടെ 2020ല്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞു. 2023-24 അധ്യയന വർഷത്തിൽ അമേരിക്കയിലെ ചൈനീസ് വിദ്യാർത്ഥികളുടെ എണ്ണം 277,000 ആയിരുന്നു. നാല് വർഷം മുമ്പുള്ള ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 25 ശതമാനം ഇടിവാണ് ഉണ്ടായതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ഒട്ടേറെ വിവാദങ്ങളില്‍പ്പെട്ടുഴലുന്ന ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന് നാട്ടില്‍ ജനപ്രീതി കുറച്ചെങ്കിലും തിരിച്ചുപിടിക്കാന്‍ ഉതകുന്നതാണ് ചൈനീസ് വിദ്യാര്‍ഥികളെ സംബന്ധിച്ച പുതിയ തീരുമാനം. 'അമേരിക്ക ഫസ്റ്റ്' 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്‌ന്‍ എന്ന മുദ്രാവാക്യമാക്കി അധികാരം പിടിച്ച ട്രംപിന് അത്ര നല്ല സമയമല്ല ഇപ്പോള്‍. ഇലോണ്‍ മസ്‌ക് ഡോജില്‍ നിന്നും പടിയിറങ്ങിയതും തീരുവയടക്കമുള്ള തീരുമാനങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നതും കാരണം ബുദ്ധിമുട്ടുന്ന സമയത്ത് സംശയകരമായ പശ്ചാത്തലമുള്ള ചൈനീസ് വിദ്യാര്‍ഥികളെ പുറത്താക്കാനുള്ള തീരുമാനം രാഷ്ട്രീയമായി ഗുണം ചെയ്യും. എന്നാല്‍ തീരുമാനം യുഎസിന് ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും പരിഗണിക്കേണ്ടിവരും. 2021 ഒക്ടോബറിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് അനാലിസിസ് നടത്തിയ ഒരു പഠനത്തിൽ, യുഎസ് സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) തൊഴിൽ സേനയുടെ 30 ശതമാനം വിദേശികളാണെന്നാണ് കണ്ടെത്തല്‍. ചൈനക്കാരെയും മറ്റ് രാജ്യാന്തര വിദ്യാർത്ഥികളെയും നിയന്ത്രിക്കുന്ന നയങ്ങളുടെ പ്രത്യാഘാതങ്ങളും സമ്പദ്‌വ്യവസ്ഥ മൊത്തത്തിൽ നേരിടേണ്ടിവരും.